20 January 2026, Tuesday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

അയോധ്യ വിമാനത്താവളത്തിനായി സെെനിക ഭൂമി വിട്ടുനല്‍കി യുപി സര്‍ക്കാര്‍

Janayugom Webdesk
ലഖ്നൗ
September 2, 2024 10:15 pm

അയോധ്യയില്‍ കരസേനയുടെ ആയുധപരിശീലനത്തിനായി നീക്കിവച്ച ഭൂമി സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ചെയ്തു. വിമാനത്താവള വികസനത്തിനായാണ് കരസേനയ്ക്കായി നേരത്തേ വിജ്ഞാപനം ചെയ്ത ഭൂമി പുനര്‍വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചത്. സൈനികാവശ്യത്തിന് പകരം ഭൂമി വിട്ടുനല്‍കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
കരസേനയ്ക്കായി മാറ്റിവച്ചിരുന്ന ഭൂമി നേരത്തെ അയോധ്യാ വികസന അതോറിട്ടിക്ക് സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നു. അതോറിട്ടി ആ ഭൂമി അഡാനി, പതഞ്ജലി ഗ്രൂപ്പുകള്‍ക്ക് കെെമാറിയത് എതാനും മാസം മുമ്പാണ്. അതിനിടെയാണ് ശേഷിച്ച സെെനികഭൂമിയും നഷ്ടമാകുന്നത്. അയോധ്യ വികസന അതോറിട്ടിയില്‍ നിന്ന് ഭൂമി സ്വന്തമാക്കിയ അഡാനി ഗ്രൂപ്പ് അവിടെ പഞ്ചനക്ഷത്ര പാര്‍പ്പിടങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു. പതജ്ഞലി ഗ്രൂപ്പ് വെല്‍നെസ് കേന്ദ്രമാണ് നിര്‍ദിഷ്ട ഭൂമിയില്‍ സ്ഥാപിക്കുന്നത്.
കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് ഭൂമി വിട്ടുനല്‍കാന്‍ ധാരണയായത്. ദോഗ്രാ റെജിമെന്റിന്റ കൈവശമുള്ള ഭൂമിയില്‍ വെടിവയ്പ്, കായിക പരിശീലനം എന്നിവയാണ് നടന്നു വന്നിരുന്നത്. പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ അധിക ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാന്‍ ധാരണയായത്.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നിര്‍മ്മിച്ച അയോധ്യ വിമാനത്തവളത്തില്‍ നിന്നുള്ള ആഭ്യന്തര- വിദേശ സര്‍വീസുകളില്‍ നിന്ന് വിമാന കമ്പനികള്‍ പിന്‍മാറിയത് ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു. യാത്രക്കാരുടെ കുറവ് കാരണം സര്‍വീസ് ലഭകരമല്ലാത്തതിനാലാണ് കമ്പനികള്‍ സര്‍വീസ് വെട്ടിക്കുറച്ചത്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യമാണ് പുതിയ വിമാനത്താവള നിര്‍മ്മാണത്തിലേക്ക് ബിജെപി സര്‍ക്കാരിനെ നയിച്ചത്.
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് വ്യാപക കുടിയൊഴിപ്പിക്കലും, ഇടിച്ചുനിരത്തലും നടത്തിയതിന്റെ ആയിരക്കണക്കിന് സാധരണക്കാര്‍ക്കാണ് ജീവനോപധികള്‍ നഷ്ടപ്പെട്ടത്. ക്ഷേത്രത്തിന് സമീപത്തെ മുസ്ലിം ജനവിഭാഗമായിരുന്നു ഇതിന്റെ തിക്തഫലം അനുഭവിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.