18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ഉപലോകായുക്തകളെ വേഗത്തില്‍ നിയമിക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 16, 2024 9:45 pm

ലോകായുക്തയെ ശക്തിപ്പെടുത്താനായി ഉപലോകായുക്തകളെ നിയമിക്കുന്ന കാര്യത്തിലടക്കം അനുകൂലമായ തീരുമാനങ്ങൾ വേഗത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ലോകായുക്തയുടെ നിർദ്ദേശങ്ങൾ 90 ദിവസത്തിനുള്ളിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നു. വിജിലൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാർക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് വിശ്വാസമുള്ളതിനാലാണ് അവര്‍ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയിൽ ഫയൽ ചെയ്യുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സമർപ്പിക്കുന്നതാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതിൽ നിന്ന് വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ലോകായുക്ത കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴും അതിനെതിരെ ചില കാമ്പില്ലാത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. രണ്ടു വർഷംമുമ്പ് ലോകായുക്ത നിയമ ഭേദഗതി ബിൽ സംസ്ഥാനം പാസാക്കിയപ്പോഴും അത്തരത്തിലുള്ള ചർച്ചകൾ ഉയർന്നു. ഭരണഘടനയുടെ 164ാം അനുച്ഛേദത്തിനു വിപരീതമായ ചില വ്യവസ്ഥകൾ ലോകായുക്ത നിയമത്തിൽ ഉണ്ടായിരുന്നതു കൊണ്ടാണ് അന്ന് നാം ആ ഭേദഗതിക്ക് മുതിർന്നത്. കേരളം അത്തരത്തിൽ ഭേദഗതി വരുത്തിയ ആദ്യത്തെ സംസ്ഥാനമായിരുന്നില്ല. എന്നാൽ ഇതിനെ ഉയർത്തിക്കാട്ടി ലോകായുക്തയെ തന്നെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളുണ്ടായി
എന്നാൽ അതൊന്നും പൊതുജനങ്ങളുടെ ഇടയിൽ വിലപ്പോയില്ല എന്നാണ് ലോകായുക്തയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർദ്ധനവ് കാണിക്കുന്നത്. ആ വിശ്വാസ്യത കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാൻ ലോകായുക്തയ്ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ അധ്യക്ഷനായി. നിയമമന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓൺലൈനായി പങ്കെടുത്തു. അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, കേരള ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം അഡ്വ. എൻ എസ് ലാൽ, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ് എസ് ബാലു തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.