25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 20, 2024
April 5, 2024
September 1, 2023
June 3, 2023
April 4, 2023
March 29, 2023
October 1, 2022
September 3, 2022
August 21, 2022
August 20, 2022

യുപിഐ, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി തടസപ്പെടുന്നു

എവിൻ പോൾ
 ഇടുക്കി
April 4, 2023 10:49 pm

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉൾപ്പെടെ യുപിഐ, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി തടസപ്പെടുന്നതോടെ ഉപഭോക്താക്കൾ വലയുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിച്ച ശനിയാഴ്ച സെർവർ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉച്ചമുതൽ സേവനങ്ങൾ ലഭ്യമല്ലായിരുന്നു. കേരളത്തിൽ ഉൾപ്പെടെ എടിഎം ഇടപാടുകളും തടസപ്പെടുകയും ഉപഭോക്താക്കൾ പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും ദീർഘനേരത്തേക്ക് യുപിഐ, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടു. തുടർച്ചയായിട്ടുള്ള സെർവർ തകരാർ മൂലം ഗൂഗിൾ പേ, പേയ്ടിഎം, ബിഎച്ച്ഐഎം, ഫോൺ പേ തുടങ്ങിയ ഇടപാടുകളും തടസം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കളിൽ നിന്നും വ്യാപകമായ പരാതികളുണ്ട്.

ബാങ്ക് ബാലൻസുകൾ പരിശോധിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങളും സെർവർ തകരാർ മൂലം പലപ്പോഴും തടസപ്പെടുന്നു. എസ്ബിഐ വാട്സ് ആപ്പ് ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴും സെർവർ തകരാർ മൂലം ഉണ്ടാകുന്ന പോരായ്മകൾ പരിഹരിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. സാമ്പത്തിക വർഷാവസാന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, യു­പിഐ ഇടപാടുകൾ ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് 1.30 മുതൽ 4.45 വരെ തടസപ്പെടുമെന്ന് അധികൃതർ നവമാധ്യമങ്ങൾ വഴി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ രാത്രിവരെയും സേവനങ്ങൾ തടസപ്പെട്ടതായി പരാതികൾ ഉണ്ട്. എടിഎം ഇടപാടുകൾ ഉൾപ്പെടെ തടസപ്പെട്ടത് ഇടപാടുകാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നിശ്ചിത പരിധി കഴിഞ്ഞുള്ള ബാങ്കിങ് ഇടപാടുകൾക്ക് വലിയ തുക ഈടാക്കുന്ന എസ്ബിഐ പോലുള്ള ബാങ്കുകൾ ഇത്തരം പ്രശ്നങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല. എസ്­ബിഐ ഇക്കാര്യത്തിൽ ഔദ്യോഗികമായി വിശദീകരണത്തിന് തയ്യാറായിട്ടുമില്ല. മറ്റ് ബാങ്കുകളിലും സെർവർ തകരാർ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെന്നും ഉപഭോക്താക്കൾ ആരോപിക്കുന്നുണ്ട്.

Eng­lish Sum­ma­ry: UPI and online bank­ing ser­vices are disrupted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.