ഏപ്രില്‍ ഒന്നുമുതല്‍ നിഷ്ക്രിയ മൊബൈല്‍ നമ്പറുകളില്‍ യുപിഐ സേവനങ്ങള്‍ ലഭിക്കില്ല. അനധികൃത ഇടപാടുകള്‍ തടയുന്നതിനായി അത്തരം നമ്പരുകളുടെ ഉപയോഗം റദ്ദാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും (പിഎസ്‌പി) നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ തടസങ്ങള്‍ ഒഴിവാക്കാന്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും എന്‍പിസിഐ അറിയിച്ചു.
യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള നിഷ്ക്രിയ മൊബൈല്‍ നമ്പറുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഉപയോക്താക്കള്‍ അവരുടെ നമ്പറുകള്‍ മാറ്റുകയോ നിര്‍ജീവമാക്കുകയോ ചെയ്യുമ്പോഴും യുപിഐ അക്കൗണ്ടുകള്‍ സജീവമായി തുടരുന്നത് ദുരുപയോഗത്തിന് കാരണമാവും. തട്ടിപ്പുകാര്‍ക്ക് സാമ്പത്തിക ഇടപാട് നടത്താനും ഇതിലൂടെ കഴിയും. ഇത് തടയാനാണ് ബാങ്കുകളും ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള പേയ്മെന്റ് ആപ്പുകളും നിഷ്ക്രിയ നമ്പറുകള്‍ നീക്കം ചെയ്യുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് അറിയിപ്പുകള്‍ ലഭിക്കും. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമായി തുടരുകയാണെങ്കില്‍, അത് യുപിഐയില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടും. സമയപരിധിക്ക് മുമ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് യുപിഐ ആക്സസ് പുനഃസ്ഥാപിക്കാനും അവസരം നല്‍കും.
നെറ്റ്ബാങ്കിങ്, യുപിഐ ആപ്പുകള്‍, എടിഎമ്മുകള്‍ വഴിയോ ബാങ്ക് ശാഖ സന്ദര്‍ശിച്ചോ യുപിഐ‑ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം. മൊബൈല്‍ നമ്പര്‍ ദീര്‍ഘകാലം പ്രവര്‍ത്തനരഹിതമോ ഉപയോഗിക്കാത്തതോ ആണെങ്കില്‍, യുപിഐ പേയ്മെന്റുകളിലേക്കുള്ള ആക്സസ് നഷ്ടപ്പെടാതിരിക്കാന്‍ ഏപ്രില്‍ ഒന്നിന് മുമ്പ് ബാങ്കില്‍ അപ്ഡേറ്റ് ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.