6 December 2025, Saturday

Related news

August 11, 2025
June 22, 2025
June 19, 2025
June 19, 2025
March 26, 2025
February 2, 2025
July 12, 2024

ഗോത്രവിഭാഗങ്ങളുടെ ഉന്നമനം; നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കേളു

വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാതല വികസന കോണ്‍ക്ലേവ്
Janayugom Webdesk
കല്‍പറ്റ
June 19, 2025 8:43 am

ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനം, വരുമാനം എന്നിവ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി ഒ ആര്‍ കേളു. സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ വയനാട് ജില്ലാ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗോത്ര ജനവിഭാഗങ്ങളുടെ സര്‍വ്വോന്മുഖമായ വികസനമാണ് കേന്ദ്ര‑സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന ദര്‍ത്തി ആഭ ജന്‍ ജാതീയ ഗ്രാം ഉദ്കര്‍ഷ് അഭിയാന്‍, പ്രധാന്‍ മന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ രംഗങ്ങളില്‍ കൂട്ടായ ഇടപെടല്‍ നടത്തി പിന്നാക്ക വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗോത്രവര്‍ഗ മേഖലയില്‍ നടപ്പാക്കേണ്ട വികസന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളും വയനാട് ജില്ലാ വികസന കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു. ജില്ലയുടെ വികസന ചര്‍ച്ചയില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അരിവാള്‍ രോഗികള്‍ കൂടുതലുള്ള ജില്ലയില്‍ അവര്‍ക്കായി കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലയിലുള്ളവര്‍ പരമ്പരാഗതമായി കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരായതിനാല്‍ കാര്‍ഷിക രംഗത്ത് പുത്തന്‍ സാധ്യതകള്‍ കണ്ടെത്തി നൈപുണി വികസനം ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ഗോത്രവര്‍ഗ സങ്കേതങ്ങളിലേക്കുള്ള റോഡ്, കുടിവെള്ളം, വൈദ്യുതി, മൊബൈല്‍— ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, എഡിഎം കെ ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, പട്ടിക വര്‍ഗ വികസന ഓഫീസര്‍ ജി പ്രമോദ് പ്രസംഗിച്ചു.

ജില്ലയുടെ വികസനത്തിന് 576.63 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് ജില്ലാ കോൺക്ലേവ്

ജില്ലയിലെ വിവിധ മേഖലകളിലെ വികസനം ലക്ഷ്യമാക്കി 576.63 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് വയനാട് ജില്ലാ വികസന കോൺക്ലേവ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, വിവിധ വകുപ്പ് ജില്ലാതല മേധാവികളാണ് പദ്ധതി രൂപരേഖ അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 145 പദ്ധതികളിലായി 483.5 കോടിയുടെയും വകുപ്പുകൾ 69 പദ്ധതികളിലായി 93.94 കോടിയുടെ പദ്ധതികളും അവതരിപ്പിച്ചു. ജില്ലയുടെ വികസനത്തിനായി വയനാട് പാക്കേജ്, ആസ്പിരേഷണൽ ജില്ലാ പദ്ധതി, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സാസ്കി, എം പി ലാഡ്സ്, എം എൽ എ ലാഡ്സ്, സി എസ് ആർ ഫണ്ട് വിനിയോഗിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.

ജില്ലാ വികസന കോൺക്ലേവിൽ അവതരിപ്പിച്ച പദ്ധതികൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് മികച്ച പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാന വികസനം വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പൂർത്തികരിക്കും. തദ്ദേശ സ്ഥാപനങ്ങൾ അഞ്ച് നൂതന പദ്ധതികളാണ് കോൺക്ലേവിൽ അവതരിപ്പിച്ചത്. കായിക വികസനം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ, റോഡ് നവീകരണം, പാലം നിർമാണം, ബഡ്‌സ് സ്കൂൾ നവീകരണം, ഉന്നതികളിൽ ഷെൽട്ടർ ഹോം, വന്യ മൃഗ പ്രതിരോധ മാർഗ്ഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, സ്മാർട്ട്‌ അങ്കണവാടി, വാതക ശ്മശാനം, ഐ ടി പാർക്ക്‌ നിർമാണം,

വനിതകൾക്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഇക്കോ- ടൂറിസം പദ്ധതികൾ, ടൗൺ നവീകരണം, ഹാപ്പിനെസ് പാർക്ക്‌ നിർമ്മാണം, ഫിസിയോ തെറാപ്പി യൂണിറ്റ്, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സുകൾ, കോൺഫറൻസ് ഹാൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ പദ്ധതികളാണ് ജില്ലാ വികസന കോൺക്ലേവിൽ അവതരിപ്പിച്ചത്. സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ നടന്ന കോൺക്ലേവിൽ എ ഡി എം കെ ദേവകി, നഗരസഭാ അധ്യക്ഷന്മാരായ ടി കെ രമേശ്, അഡ്വ. ടി ജെ ഐസക്ക്, സി കെ രത്നവല്ലി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.