ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥി യു ആർ പ്രദീപ് നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. നൂറ് കണക്കിന് എൽഡിഎഫ് പ്രവർത്തകരുടെ അകമ്പടിയോടെ തലപ്പിള്ളി താലൂക്ക് ഓഫിസിൽ എത്തിയാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ ടി പി കിഷോറിന് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് നൽകിയത്.
കെ രാധാകൃഷ്ണൻ എംപി, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു, എ സി മൊയ്തീൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസ്, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്, എൻഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണൻ എന്നിവരും പത്രിക സമർപ്പിച്ചു.
വയനാട് ലോക‌്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി ഇന്ന് ഉച്ചയോടെ കളക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം.
വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി നാളെ പത്രിക സമര്‍പ്പിക്കും. രാവിലെ ഒമ്പത് മണിക്ക് കല്പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം എല്‍ഡിഎഫ് നേതാക്കളും അണിനിരക്കും. രാവിലെ 10.30ന് പത്രിക സമര്‍പ്പിച്ച ശേഷം കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കും. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, എംപിമാരായ അഡ്വ. പി സന്തോഷ് കുമാർ, പി പി സുനീർ, ഘടകകക്ഷി നേതാക്കളായ ജോസ് തെറ്റയിൽ, അഹമ്മദ് ദേവർകോവിൽ, അബ്ദുൾ വഹാബ്, ബാബു ഗോപിനാഥ്, കെ ജെ ദേവസ്യ തുടങ്ങിയവർ പങ്കെടുക്കും.
കല്പറ്റ നിയമസഭാ മണ്ഡലം കൺവെൻഷനും ഒപ്പം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ നിയമസഭാ മണ്ഡലം കൺവെൻഷനുകൾ ചേരും. സത്യൻ മൊകേരി ഇതിനകം നിലമ്പൂർ, വണ്ടൂർ, ഏറനാട്, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളിൽ ആദ്യഘട്ട പര്യടനം പൂർത്തിയാക്കി. പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനും നാളെ നാമനിർദേശ പത്രിക സമര്‍പ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.