2 January 2026, Friday

Related news

December 31, 2025
December 27, 2025
December 22, 2025
December 16, 2025
December 15, 2025
December 1, 2025
November 23, 2025
November 23, 2025
November 22, 2025
November 21, 2025

ബിഹാറിലെ അമ്മമാരില്‍ മുലപ്പാലില്‍ യുറേനിയം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
Janayugom Webdesk
പട്‌ന
November 23, 2025 9:49 pm

ബിഹാറില്‍ അമ്മമാരുടെ മുലപ്പാലിൽ യുറേനിയത്തിന്റെ അളവ് വര്‍ധിക്കുന്നതായി പഠനം. ശിശുക്കളിൽ വലിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് വഴി വയ്‌ക്കുന്നു. കുറഞ്ഞ ഐക്യു, നാഡീവ്യവസ്ഥയുടെ തകരാര്‍ തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകുന്നുവെന്ന് വിവിധ ജില്ലകളിലെ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഡല്‍ഹി എയിംസിലെ ഡോ. അശോക് ശര്‍മയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അന്താരാഷ്ട്ര ജേണലായ നേച്ചറിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഹാറിലെ 40 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ എല്ലാ സാമ്പിളിലും മുലപ്പാലില്‍ യുറേനിയത്തിന്റെ അംശം കണ്ടെത്തിയതായി ഡോ. അശോക് പറഞ്ഞു. 

70 % ശിശുക്കളും കാന്‍സര്‍ ഇതര ആരോഗ്യ അപകട സാധ്യതകള്‍ കാണിച്ചിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള യുറേനിയത്തിന്റെ അളവ് അനുവദനീയമായ പരിധിക്ക് താഴെയായിരുന്നു. ഭോജ്‌പൂർ, സമസ്‌തിപൂർ, ബെഗുസാരായ്, ഖഗാരിയ, കതിഹാർ, നളന്ദ എന്നിവയുൾപ്പെടെ ആറ് ജില്ലകളിലാണ് പഠനം നടത്തിയത്. ഏറ്റവും ഉയര്‍ന്ന ശരാശരി മലിനീകരണം രേഖപ്പെടുത്തിയത് ഖഗാരിയ ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന ഒറ്റപ്പെട്ട മൂല്യം രേഖപ്പെടുത്തിയത് കതിഹാര്‍ ജില്ലയിലാണ്.
രോഗപ്രതിരോധ ശേഷിക്കും കുഞ്ഞിന്റെ ആദ്യകാല വികാസത്തിനും മുലപ്പാല്‍ നിര്‍ണായകമാണ്. എന്നാല്‍, മുലപ്പാലിൽ യുറേനിയം പോലുള്ള വിഷവസ്‌തുക്കൾ കലർന്നാൽ, അത് ശിശുക്കളുടെ ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തും. യുറേനിയത്തിന്റെ ദോഷ വശങ്ങൾക്ക് ശിശുക്കൾ ഇരയാകുന്നു, അവരുടെ അവയവങ്ങളുടെ പ്രവർത്തനം ഇത് മൂലം തകരാറിലാകുന്നുവെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും ഗൈനക്കോളജിസ്റ്റുമായ ഡോ. അനിത ഗുപ്‌ത പറഞ്ഞു. നിലവില്‍ മുലപ്പാലിലെ (0–5.25 ug/L) യുറേനിയം സാന്ദ്രതയെ അടിസ്ഥാനമാക്കി, ശിശു ആരോഗ്യത്തില്‍ യഥാര്‍ത്ഥ ആഘാതം കുറവാണെന്ന് പഠനം ഇപ്പോഴും നിഗമനം ചെയ്യുന്നു. 

ഗ്രാനൈറ്റുകളിലും മറ്റ് പാറകളിലും കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമാണ് യുറേനിയം. ഖനനം, കല്‍ക്കരി കത്തിക്കല്‍, ന്യൂക്ലിയര്‍ വ്യവസായങ്ങളില്‍ നിന്നുള്ള പുറന്തള്ളലുകള്‍, ഫോസ്‌ഫേറ്റ് വളങ്ങളുടെ ഉപയോഗം എന്നിവയിലൂടെയും ഭൂഗര്‍ഭജലത്തിലൂടെയും ഇത് ശരീരത്തില്‍ കലരാം. പഠനമനുസരിച്ച്, ഈ മലിനീകരണം കുടിവെള്ള സ്രോതസ്സുകളില്‍ നിന്നോ, അവിടെ വളര്‍ത്തുന്ന ഭക്ഷണ വിളകളില്‍ നിന്നോ ആകാനാണ് സാധ്യത.
ഇന്ത്യയിൽ, ഏകദേശം 151 ജില്ലകളിലും 18 സംസ്ഥാനങ്ങളിലും ഭൂഗർഭജലത്തിൽ യുറേനിയം സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ബിഹാറിൽ ഏകദേശം 1.7 % ഭൂഗർഭജല സ്രോതസുകളിൽ ഇത് കലർന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഘനലോഹങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് അറിയാന്‍ ഇത്തരം പഠനങ്ങള്‍ നടത്തുമെന്ന് ഡോ. അശോക് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.