8 February 2026, Sunday

യുഎസ് ആപ്പിള്‍ ഇറക്കുമതി; എതിര്‍പ്പുമായി ഹിമാചല്‍ കര്‍ഷകര്‍

Janayugom Webdesk
ഷിംല
February 8, 2026 8:41 pm

ഇന്ത്യ‑യുഎസ് വ്യാപാര കരാറിലൂടെ അമേരിക്കന്‍ ആപ്പിള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഹിമാചല്‍പ്രദേശിലെ ആപ്പിള്‍ കര്‍ഷകര്‍. കിലോഗ്രാമിന് 80 രൂപ നിരക്കില്‍ യുഎസ് ആപ്പിള്‍ വരുന്നതോടെ സംസ്ഥാനത്തെ ആപ്പിള്‍ വിപണിയും കൃഷിയും തകരുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
യുഎസ് ആപ്പിളിന്റെ 50% ഇറക്കുമതി തീരുവ 25% ആയി കുറച്ചത് സംസ്ഥാനത്തെ ആപ്പിള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണെന്ന് സംയുക്ത കിസാന്‍ മഞ്ച് ആരോപിച്ചു. കുറഞ്ഞ ഇറക്കുമതി വില (എംഐപി) കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 80 രൂപയായി ഉയര്‍ത്തിയ നടപടി അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ‘വ്യാപാര കരാർ പ്രകാരം യുഎസ് ആപ്പിൾ കിലോയ്ക്ക് 100 രൂപയ്ക്ക് ഇന്ത്യയിലെത്തും. തങ്ങളുടെ ഗുണനിലവാരമുള്ള ആപ്പിളിന് വിപണിയിൽ ലഭിക്കുന്ന അതേ വിലയാണിത്. ഇത് ഹിമാചല്‍ പ്രീമിയം ആപ്പിളിന് കടുത്ത മത്സരം സൃഷ്ടിക്കു‘മെന്ന് സംയുക്ത കിസാൻ മഞ്ച് കൺവീനർ ഹരീഷ് ചൗഹാൻ പറഞ്ഞു.
കരാറിന് മുമ്പ് യുഎസ് ആപ്പിളിന് ഇന്ത്യയിൽ കിലോയ്ക്ക് 75 രൂപയായിരുന്നു വിലയെന്ന വാദം അദ്ദേഹം നിരസിച്ചു. 75 രൂപയ്ക്ക് എത്തിയിരുന്നെങ്കിൽ വിപണിയിൽ അത് 200 മുതൽ 250 രൂപ വരെ വിലയ്ക്ക് വിൽക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ഉയർന്ന നിലവാരമുള്ള ആപ്പിളിനെ ഇത് ബാധിക്കുമെന്ന് പ്രോഗ്രസീവ് ഗ്രോവേഴ്‌സ് അസോസിയേഷൻ (പി‌ജി‌എ) പ്രസിഡന്റ് ലോകിന്ദർ ബിഷ്ത് പ്രതികരിച്ചു. പ്രാദേശിക കർഷകർക്ക് കൂടുതൽ സംരക്ഷണം നൽകണമെങ്കിൽ എംഐപി കുറഞ്ഞത് 100 രൂപയെങ്കിലും ആകേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ പ്രീമിയം ആപ്പിളിന്റെ വില കുറഞ്ഞാൽ അതിന്റെ ആഘാതം സാധാരണ ആപ്പിളിലും അനുഭവപ്പെടുമെന്നും ബിഷ്ത് പറഞ്ഞു. പരിധിയില്ലാത്ത ഇറക്കുമതി സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയർത്തും. ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ കര്‍ഷകര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതിനിടെയാണ് യുഎസ് ആപ്പിളിന്റെ ഇന്ത്യയിലേക്കുള്ള കടന്നു വരവ്. 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.