
പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന യുഎസ് സൈനിക താവളങ്ങള്‍ പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ക്ക് സംരക്ഷണമല്ല, ഭീഷണിയാണെന്ന് തിരിച്ചറിയണമെന്ന് മുന്‍ പ്രസിഡന്റും റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്മാന് ദിമിത്രി മെദ് വദേവ് .ഇസ്രയേല്‍ എന്ന ഒരൊറ്റ രാജ്യത്തെ സംരക്ഷിക്കാനാണ് യുഎസ് പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെ അപകടത്തിലാക്കിയിരിക്കുന്നതെന്ന് പേരെടുത്ത് പറയാതെ മെദ്വദേവ് വിമര്‍ശിച്ചു.അറബ് രാഷ്ട്രങ്ങളെ യുഎസ് ഉപയോഗിക്കുകയാണെന്നും സംരക്ഷണം നല്‍കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ അമേരിക്കന്‍ താവളങ്ങള്‍ക്കായി അവരുടെ പ്രദേശങ്ങള്‍ വിട്ടുനല്‍കി.
നിഷ്കളങ്കമായി പറഞ്ഞാല്‍ അവര്‍ യുഎസില്‍ നിന്നും സംരക്ഷണം പ്രതീക്ഷിച്ചു. ഒരു നരകം പോലെ ഒരു രാജ്യത്തെ മാത്രം സംരക്ഷിക്കാനായാണ് യുഎസ് അവരെ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ യുഎസ് താവളങ്ങള്‍ ആവശ്യമുണ്ടോ എന്ന് ദീര്‍ഘമായി ചിന്തിക്കുക. യുഎസ് താവളങ്ങള്‍ സംരക്ഷണമല്ല, അവ ഒരു ഭീഷണിയാണ് ദിമിത്രി മെദ്വദേവ് എക്സ് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുഎസ്-ഇസ്രയേല്‍ സേന സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചു.
ആദ്യദിനത്തില്‍ പെണ്‍കുട്ടികളുടെ എലമെന്ററി സ്കൂള്‍ ആക്രമിച്ച് 160 പേരെ കൊലപ്പെടുത്തിയതും ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖാംനഇ, പ്രതിരോധമന്ത്രി ഉള്‍പ്പടെയുള്ളവരെ വധിച്ചതും ഇറാന് വലിയ ആഘാതമായിരുന്നു.പ്രത്യാക്രമണത്തില്‍ ഇറാന് പശ്ചിമേഷ്യയിലെ ഒട്ടുമിക്ക അയല്‍രാജ്യങ്ങളിലേക്കും ആക്രമണം നടത്തിയിരുന്നു. യുഎസിന്റെ സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലേക്കാണ് ഇറാന് ആക്രമണം തുടരുന്നത്.ഇറാനെ ആക്രമിച്ചതുകൊണ്ടാണ് അയല്‍രാജ്യങ്ങളിലേക്ക് ആക്രമണം നടത്താന്‍ ഇറാന് നിര്‍ബന്ധിതമായതെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസസ്കിയാന് പ്രതികരിച്ചിരുന്നു.
ഇറാന് അയല്‍രാജ്യങ്ങളോട് മാപ്പ് പറയുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ യുഎസിന്റെ സൈനിക താവളങ്ങള്‍ക്കും റഡാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്കും ഇറാന്റെ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. യുഎഇയിലെ ദുബായ് വിമാനത്താവളവും കഴിഞ്ഞാഴ്ചയില്‍ അബുദാബി വിമാനത്താവളവും ആക്രമണത്തിനിരയാക്കപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.