
വാഷിങ്ടണ്‍: ബൈജുസ് ഉടമ ബൈജൂസ് രവീന്ദ്രന്‍ 100 കോടി ഡോളര്‍ തിരിച്ചടയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് യുഎസ് കോടതി. ബൈജൂസ് ആല്‍ഫയും യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിഎല്‍എഎസ് ട്രസ്റ്റ് കമ്പനി എല്‍എല്‍സിയും നല്‍കിയ പരാതിയിലാണ് യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതിയുടെ വിധി.
കമ്പനിയുടെ യുഎസ് ഫിനാൻസിങ് വിഭാഗമായ ബൈജൂസ് ആൽഫയിൽ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവയ്ക്കുകയും ചെയ്തതിന് ബെെജുവിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിധി. ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിലും കോടതിക്ക് മുന്നിൽ ഹാജരാകുന്നതിലും അദ്ദേഹം ആവർത്തിച്ച് പരാജയപ്പെട്ടിരുന്നു.
ബൈജൂസിന്റെ 120 കോടി ഡോളര്‍ ടേം ലോൺ കൈകാര്യം ചെയ്യാൻ 2021ൽ ഡെലവെയറിൽ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആൽഫയുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ സ്ഥാപനത്തിൽ നിന്ന് മയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്‌ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 ദശലക്ഷം ഡോളര്‍ ട്രാൻസ്ഫർ ചെയ്തു. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് ബെെജു വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു.
കാമ്‌ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് മാറ്റിയ 533 ദശലക്ഷം ഡോളര്‍ ഉൾപ്പെടെയുള്ള ആൽഫ ഫണ്ടുകളുടെ മുഴുവൻ കണക്കുകളും നൽകാനും കോടതി നിര്‍ദേശം നൽകി. ഈ പണം കണ്ടെത്താൻ നേരത്തെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നുവെങ്കിലും നടപടികളുണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.