
കേംബ്രിഡ്ജിലെ ഹാര്‍വാഡ് സര്‍വകലാശാലയ്ക്ക് നല്‍കുന്ന 220 കോടി ഡോളറിന്റെ ഗ്രാന്റ് മരവിപ്പിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസ് കോടതി മരവിപ്പിച്ചു. ട്രംപിന്റെ നടപടി സര്‍വകലാശാലയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജഡ്ജി അലിസണ്‍ ബറോസ് പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന അക്കാദമിക് സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്ന് അലിസണ്‍ ബറോസ് വ്യക്തമാക്കി. ഗവേഷണങ്ങളെല്ലാം ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയില്‍ ജൂതവിരോധവും തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളും പിടിമുറുക്കുന്നു എന്നാരോപിച്ചായിരുന്നു ട്രംപ് ഭരണകൂടം സര്‍വകാലാശാലയ്ക്ക് നല്‍കുന്ന ഗ്രാന്റ് മരവിപ്പിച്ചത്.
2023ല്‍ ഹമാസ് ഇസ്രയേലില്‍ നടത്തിയ പ്രത്യാക്രമണത്തിനും ഗാസ യുദ്ധത്തിനും ശേഷം ഹാര്‍വാഡിന്റെയും മറ്റ് യൂണിവേഴ്സിറ്റികളുടെയും കാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതില്‍ പ്രകോപിതനായാണ് ട്രംപ് ഭരണകൂടം ഹാര്‍വാഡിനെതിരെ നടപടികള്‍ സ്വീകരിച്ചത്. കാമ്പസിലെ ജൂത വിദ്യാര്‍ത്ഥികള്‍ക്കെതിരായ പീഡനങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടത്ര ഇടപെടലുകള്‍ നടത്തിയില്ല എന്ന ആരോപണവും ഭരണകൂടം സര്‍വകലാശാലയ്ക്കെതിരെ ഉന്നയിച്ചു. ഇതിന്റെ പേരിലും നൂറ് കണക്കിന് ഗവേഷകരുടെ ഗ്രാന്റുകള്‍ റദ്ദ് ചെയ്തിരുന്നു. ഇതിനുപിന്നാലെ വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് വിലക്കേര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചു. ഹാര്‍വാര്‍ഡിന്റെ അക്രഡിറ്റേഷന്‍ പദവിയെ ഭീഷണിപ്പെടുത്തിപ്പെടുത്തുകയും കൂടുതല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മുന്‍ പ്രസിഡന്റ് ബാരക് ഒബാമ നിയമിച്ച ജഡ്ജിയില്‍ നിന്നും അനൂകൂല വിധി ലഭിക്കില്ലെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.