
വെനസ്വേലയിലെ കാർട്ടൽ ഓഫ് ദി സൺസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉൾപ്പെടെയുള്ള ഉന്നതർ നേതൃത്വം നൽകുന്നതെന്ന് ആരോപിക്കപ്പെടുന്ന സംഘടനയാണ് കാർട്ടൽ ഓഫ് ദ് സൺസ്. അമേരിക്കൻ സൈന്യത്തിനും നിയമ നിർവഹണ ഏജൻസികൾക്കും ഈ സംഘടനയെ ലക്ഷ്യമിടാനും തകർക്കാനും കൂടുതൽ അധികാരങ്ങൾ നൽകുന്ന നടപടിയാണ് കാർട്ടൽ ഓഫ് ദി സൺസിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാർ നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്ക മഡൂറോയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ തീരുമാനം പരിഹാസ്യമായ ഏറ്റവും പുതിയ നുണ എന്നാണ് വെനസ്വേല പ്രതികരിച്ചത്. ഇല്ലാത്ത സംഘടനയെയാണ് അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വെനസ്വേല സർക്കാർ പ്രതികരിക്കുന്നത്.
തങ്ങളുടെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് സർക്കാരിനെ താഴെയിറക്കാനുള്ള യുഎസ് ഗൂഡതന്ത്രമായാണ് നീക്കത്തെ വെനസ്വേ വിലയിരുത്തുന്നത്. കാർട്ടൽ ഓഫ് ദി സൺസ് ലഹരിക്കടത്തിന് വെനസ്വേലയെ സഹായിക്കുന്നുവെന്നാണ് യുഎസ് ആരോപണങ്ങളിൽ പ്രധാനം. വെനസ്വേലയുടെ ആഭ്യന്തര നീതിന്യായ മന്ത്രിയായ ദിയോസ്ദാഡോ കാബെല്ലോ യുഎസ് നീക്കത്തെ പുതിയ കണ്ടെത്തലെന്നാണ് പരിഹസിച്ചത്. കാബെല്ലോയും ഈ സംഘടനയുടെ സുപ്രധാന ഭാഗമെന്നാണ് അമേരിക്ക ആരോപിക്കുന്നത്. തങ്ങൾക്ക് താൽപര്യമില്ലാത്തവരെ ലക്ഷ്യമിടാൻ അമേരിക്ക തന്ത്രങ്ങൾ മെനയുന്നുവെന്നാണ് കാബെല്ലോ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ആരെങ്കിലും തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കുന്നില്ലെന്ന് തോന്നിയാൽ പ്രതികാര നടപടിയായി ഇത്തരം തീരുമാനങ്ങൾ അമേരിക്ക എടുക്കുന്നുവെന്ന് കാബെല്ലോ പ്രതികരിച്ചു. ഇത്തരമൊരു സംഘടന നില നിൽക്കുന്നില്ലെന്ന വെനസ്വേലയുടെ വാദത്തിന് പിന്തുണയുമായി കൊളംബിയയും എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.