
സര്‍വീസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇന്ന് ഒരു ലക്ഷം പേര്‍ വിവിധ വകുപ്പുകളില്‍ നിന്ന് രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കല്‍ പദ്ധതിപ്രകാരമാണ് ഇത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്കാണ് കളമൊരുങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽനിന്ന് പുറത്തുപോകുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിപ്രകാരം 2.75 ലക്ഷം പേരാണ് രാജിവയ്ക്കുക. തുടക്കത്തിൽ എട്ട് മാസത്തെ അവധിയിൽ വിടും. ഈ കാലയളവിൽ ശമ്പളം ലഭിക്കും. വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൺ ടോളറിന്റെ (ഏകദേശം 1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടത്തിന് ഉണ്ടാകുമെന്ന് സെനറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റത്തവണ ചെലവുകൾ ഫെഡറൽ ഗവൺമെന്റിന്റെ ദീർഘകാല ചെലവുകൾ കുറയ്ക്കുമെന്നാണ് പ്രസിഡന്റിന്റെ പേഴ്സണല്‍ മാനേജ്മെന്റ് ഓഫിസ് അവകാശപ്പെടുന്നത്. ഇത്രയും പേർ രാജിവയ്ക്കുന്നതുവഴി പ്രതിവർഷം 28 ബില്യൺ ഡോളർ (2.5 ലക്ഷം കോടി രൂപ) ലാഭിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബില്‍ പാസാക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറാകത്തതാണ് ട്രംപിന്റെ പ്രശ്നം. ഇത് സംബന്ധിച്ച് ഡെമോക്രാറ്റ് നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കും. ചർച്ച പരാജയപ്പെട്ടാൽ കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വിആർഎസ് (സ്വയം വിരമിക്കൽ പദ്ധതി) സമാനമാണ് ട്രംപ് കൊണ്ടുവന്ന ഡിഫറഡ് റെസിഗിനേഷൻ ഓഫർ. ഇത് അംഗീകരിച്ച ജീവനക്കാരാണ് പടിയിറങ്ങുന്നത്.=അതേസമയം, സമ്മർദ്ദം കാരണം ജീവനക്കാർ രാജിവെക്കാൻ നിർബന്ധിതരാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെഡറൽ തൊഴിലാളികളെ പരസ്യമായി അധിക്ഷേപിക്കുന്നത് പലരെയും രാജി വാഗ്‍ദാനം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസും ഫെഡറൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന മറ്റ് തൊഴിലാളി യൂണിയനുകളും ഡിഫറഡ് റെസിഗിനേഷൻ ഓഫറിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.