7 March 2026, Saturday

Related news

March 7, 2026
March 3, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 27, 2026
December 6, 2025
December 6, 2025
December 6, 2025

അമേരിക്ക- ഇസ്രയേല്‍ സഖ്യത്തിന്റെ കടന്നാക്രമണം: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി സംസാരിച്ച് പുടിന്‍

Janayugom Webdesk
മോസ്‌കോ
March 7, 2026 11:06 am

അമേരിക്ക- ഇസ്രേയല്‍ സഖ്യത്തിന്റെ കടന്നാക്രമണം രൂക്ഷമായിരിക്കെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ടെലഫോണ്‍ സംഭാഷണം നടത്തി.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ വധത്തില്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി.ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും സായുധ ആക്രമണത്തില്‍ നിരവധിസാധാരണക്കാര്‍ കൊല്ലപ്പെട്ടതിലും പുടിന്‍ ആശങ്ക അറിയിച്ചതായും എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു .

ശത്രുത ഉടൻ അവസാനിപ്പിക്കുന്നതിനും,നയതന്ത്രപരമായ പരിഹാരത്തിന്റെ പാതയിലേക്ക് വേഗത്തിൽ മടങ്ങുന്നതിനും അനുകൂലമായ റഷ്യയുടെ നിലപാട് പുടിൻ ആവർത്തിച്ചു.ഇക്കാര്യത്തിൽ, ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളിലെ നേതാക്കളുമായി താൻ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്ന് പുടിൻ ചൂണ്ടിക്കാട്ടിയതായി റഷ്യൻ വിദേശകാര മന്ത്രാലയം അറിയിച്ചു. തങ്ങളുടെ പരമാധികാരവും രാജ്യത്തിന്റെ സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഇറാനിയൻ ജനതയോട് റഷ്യ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് മസൂദ് പെസെഷ്കിയൻ നന്ദി രേഖപ്പെടുത്തി.അതിനിടെ, അമേരിക്കന്‍–ഇസ്രയേൽ സംയുക്ത ആക്രമണത്തെ ധീരമായി ചെറുത്തുനിൽക്കുകയാണ് ഇറാന്‍.

യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്‌ചയിൽ ഇറാനിലും ലെബനനിലും ജനവാസമേഖല ലക്ഷ്യമിട്ട് വന്യമായ ബോംബാക്രമണ പരമ്പരകളാണ് യുഎസ്സും ഇസ്രയേലും നടത്തിയത്. ബോംബുകൾ വകവയ്ക്കാതെ അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പ്രാർഥനകൾക്ക് ശേഷം സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ആത്മീയനേതാവ് ഖമനേയിയുടെ ചിത്രവുമായി നടന്നുനീങ്ങുന്ന ചിത്രങ്ങള്‍ ഏജന്‍സികള്‍ പുറത്തുവിട്ടു.വെള്ളിയാഴ്‌ച ലെബനനില്‍ 123 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ ഷിറാസിൽ 20 പേർ കൂടി കൊല്ലപ്പെട്ടു.

തെഹ്‌റാനിലെ നിലോഫർ സ്‌ക്വയറിലെ സ്‌കൂളും ഇസ്രയേൽ ആക്രമിച്ചു. ഖമനേയിയുടെ ഭൂഗർഭ അറ തകർത്തെന്നും അവകാശപ്പെട്ടു. ഇറാനിൽ മരണം 1332 ആയി. പരിക്കേറ്റവരുടെ എണ്ണം 2000 കടന്നു. 3000ലേറെ വീട്‌ തകര്‍ന്നു. പശ്ചിമേഷ്യയിൽ 200 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്‌ പറഞ്ഞു.ഇറാന്റെ വ്യോമസേനയെ പൂർണമായും ഇല്ലാതാക്കിയെന്നും ഭൂരിഭാഗം മിസൈൽ ലോഞ്ചറുകളും തകർത്തെന്നും യുഎസ്‌ അവകാശപ്പെട്ടു. ഇനി ഇറാനുമായി ചര്‍ച്ചയ്‌ക്കില്ലെന്നും ഇറാൻ സമ്പൂർണമായി കീഴടങ്ങണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.