
ഇറാനെതിരായ യുഎസ് സൈനിക ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇറാനിലെ ഉന്നത സൈനിക‑രാഷ്ട്രീയ നേതാക്കളെ നേരിട്ട് ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുഎസ് സൈന്യത്തിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണമാറ്റം കൊണ്ടുവരുന്നതിനായുള്ള പദ്ധതികളും ആലോചനയിലുണ്ട്. ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ തീരുമാനമാകാത്ത പക്ഷം 10 മുതൽ 15 ദിവസത്തിനുള്ളിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് ആക്രമണം നടന്നാൽ അത് ഇറാനിലെ സുരക്ഷാ സംവിധാനങ്ങളെയും ആണവ അടിസ്ഥാന സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. പ്രധാന ആണവ കേന്ദ്രങ്ങളായ നതാൻസ്, ഫോര്‍ഡോ, ഇസ്‍ഫഹാന്‍ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുഎസ് ആലോചിക്കുന്നുണ്ട്. മുമ്പ് 2025 ജൂണിൽ നടന്ന ആക്രമണങ്ങളിൽ ഈ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം യുഎസ് പ്രധാനമായും രണ്ട് തരം സൈനിക നടപടികളാണ് പരിഗണിക്കുന്നത്. ഐആർജിസിയുടെയും മറ്റ് സുരക്ഷാ സേനകളുടെയും കെട്ടിടങ്ങൾ ലക്ഷ്യമിട്ടുള്ള ഹ്രസ്വകാല ആക്രമണവും ഇറാന്റെ അവശേഷിക്കുന്ന ആണവ നിലയങ്ങളും മിസൈൽ ശേഖരങ്ങളും തകർക്കുന്ന ദീർഘകാല ഓപ്പറേഷനും. പുതിയ വെളിപ്പെടുത്തലുകൾ പ്രകാരം ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യം നടപ്പിലാക്കാൻ സൈനികാക്രമണം മാത്രം പോരെന്നും, അതിനായി കൂടുതൽ സൂക്ഷ്മവും വിശാലവുമായ ആസൂത്രണം ആവശ്യമാണെന്നും യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. കരസേനയുടെ സഹായമില്ലാതെ എങ്ങനെ ഭരണമാറ്റം സാധ്യമാക്കാം എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.
ഇറാന്റെ മണ്ണിൽ യുഎസ് ആക്രമണം നടത്തിയാൽ മിഡിൽ ഈസ്റ്റിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും തകർക്കുമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ, കുവൈറ്റ്, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളും സിറിയയിലെയും ഇറാഖിലെയും സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കും സൈനിക കമാൻഡ് സെന്ററുകൾക്കും ചുറ്റും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നിർണയക എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്റെ ഭീഷണി ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കും. ആഗോളതലത്തിൽ കടൽമാർഗം വിതരണം ചെയ്യുന്ന പെട്രോളിയം ഉല്പന്നങ്ങളുടെ 20 ശതമാനവും (അഞ്ചിലൊന്ന്) കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഇറാഖ് എന്നീ രാജ്യങ്ങളുടെ പ്രധാന കയറ്റുമതി പാതയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.