11 January 2026, Sunday

കരീബിയൻ മേഖലയിലെ യുഎസ് സൈനിക നീക്കം

പി ട്രോയ ഫെര്‍ണാണ്ടസ്
October 13, 2025 4:45 am

യുദ്ധം ഭ്രാന്തായി മാറി, കാണുന്നതെല്ലാം വെടിവച്ചിടാൻ തോന്നുന്ന മാനസികാവസ്ഥയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതാണ് ഇപ്പോൾ കരീബിയൻ മേഖലയിൽ കണ്ടുകൊണ്ടിരിക്കുന്നത്. വെനസ്വേലൻ തീരത്ത് ബോട്ടുകൾക്കുനേരെ നടത്തിയ വ്യോമാക്രമണ പരമ്പരയിൽ 21 പേരാണ് ഇതുവരെ മരിച്ചത്. സെപ്റ്റംബർ രണ്ടിനാണ് ആദ്യ ആക്രമണമുണ്ടായത്. കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 11 പേരാണ് മരിച്ചത്. മയക്കുമരുന്ന് കടത്തുകാരെന്നാരോപിച്ചായിരുന്നു നടപടി. തു‍ടർന്നുണ്ടായ നാല് സംഭവങ്ങളിലുൾപ്പെടെയാണ് 21 പേർക്ക് ജീവഹാനിയുണ്ടായത്. മയക്കുമരുന്ന് കടത്ത് തടയുന്നതിനാണ് ആക്രമണമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഈ അവകാശവാദത്തിന് തെളിവൊന്നും നൽകിയിട്ടില്ല. എന്നുമാത്രമല്ല ആദ്യ ആക്രമണത്തിൽ മരിച്ചവർ മത്സ്യത്തൊഴിലാളികളായിരുന്നുവെന്നാണ് പിന്നീട് തിരിച്ചറിഞ്ഞത്. നാലാമത്തെ ആക്രമണം കൊളംബിയൻ കപ്പലിനുനേരെയായിരുന്നു. ഇക്കാര്യം കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ സ്ഥിരീകരിക്കുകയുണ്ടായി. ട്രംപ് ഈ മേഖലയിൽ ഒരു യുദ്ധസാഹചര്യം സൃഷ്ടിക്കുന്നതായും പെട്രോ ആരോപിച്ചു. ഇത് കള്ളക്കടത്തിനെതിരായ യുദ്ധമല്ല, എണ്ണയ്ക്കെതിരായ യുദ്ധമാണ്, ഇത് തടയുന്നതിന് ലോകം രംഗത്തുവരണമെന്നും പെട്രോ ആഹ്വാനം ചെയ്തു. ആരോപണം ട്രംപ് ഭരണകൂടം നിഷേധിച്ചുവെങ്കിലും, കൊളംബിയൻ പൗരന്മാർ കപ്പലിലുണ്ടായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥൻ ന്യൂയോർക്ക് ടൈംസിനോട് സ്ഥിരീകരിച്ചിരുന്നു. കേസെടുക്കുകയോ വിചാരണ നടത്തുകയോ ചെയ്യാതെ അ‍ജ്ഞാത വ്യക്തികളെ മയക്കുമരുന്ന് കടത്തുകാരെന്ന് മുദ്രകുത്തി ആക്രമിക്കുന്ന സമീപനമാണ് യുഎസ് ഈ മേഖലയിൽ സ്വീകരിച്ചിരിക്കുന്നത്. തുടർച്ചയായ ആക്രമണങ്ങൾക്ക് പുറമേ കരീബിയൻ സമുദ്രാതിർത്തികളിൽ കുറഞ്ഞത് എട്ട് യുദ്ധക്കപ്പലുകൾ, ആണവവിന്യാസം നടത്തിയ ഒരു ആക്രമണ അന്തർവാഹിനി, നിരവധി നിരീക്ഷണ വിമാനങ്ങൾ, 4,000 സൈനികർ, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ മത്സ്യബന്ധന കപ്പലിന് നേരെ ആദ്യ ആക്രമണമുണ്ടായതിന് പിന്നാലെ വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ ട്രംപിന് നേരിട്ട് കത്തയച്ചിരുന്നു. വൈറ്റ് ഹൗസ് ചുമത്തിയ മയക്കുമരുന്ന് കടത്ത് ആരോപണങ്ങൾ നിരാകരിച്ച അദ്ദേഹം നയതന്ത്രപരമായ സമീപനങ്ങൾ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മയക്കുമരുന്ന് കടത്തുന്നുവെന്ന ആരോപണത്തിന് കൃത്യമായ തെളിവുകൾ ഹാജരാക്കാത്ത നടപടിയെ അപലപിച്ച മഡുറോ, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ കുറ്റമറ്റ റെക്കോഡ് തെളിയിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ ഉദ്ധരിക്കുകയും ചെയ്തു. എങ്കിലും നേരിട്ടുള്ളതും തുറന്നതുമായ ചർച്ചയ്ക്ക് സന്നദ്ധമാണെന്നും അറിയിക്കുകയുണ്ടായി. എന്നാൽ വെനസ്വേലയുമായി നിലവിലുള്ള ആശയവിനിമയം അവസാനിപ്പിക്കുന്ന സമീപനമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. വാഷിങ്ടണിന്റെ പൂർണ നയതന്ത്ര വിച്ഛേദം സൂചിപ്പിക്കുന്നത് വെനസ്വേലയിൽ ആഭ്യന്തര അസ്ഥിരാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള നീക്കം അമേരിക്ക ശക്തിപ്പെടുത്തുവെന്നാണ്. രാജ്യത്ത് ഭരണമാറ്റത്തിന് പരസ്യമായി ആഹ്വാനം ചെയ്ത സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ പോലുള്ളവർ ഇപ്പോൾ ഭൂമിയിലെ ഏറ്റവും എണ്ണ സമ്പന്നമായ രാജ്യത്തിനെതിരെ കൂടുതൽ ആക്രമണാത്മകവും സൈനികവുമായ സമീപനം സ്വീകരിക്കണമെന്ന് വാദിക്കുന്നവരാണ്. ഈ പശ്ചാത്തലത്തിൽ കരീബിയനിലെ യുഎസ് സൈനിക നടപടികളെക്കുറിച്ച് അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മഡുറോ ഒക്ടോബർ ഒമ്പതിന് യുഎൻ സുരക്ഷാ കൗൺസിലിൽ പരാതി നൽകിയിരിക്കുകയാണ്. ആക്രമണത്തിന്റെ വ്യാപ്തിയും തോതും വർധിപ്പിക്കുമ്പോഴും മയക്കുമരുന്ന് കടത്ത് ആരോപണങ്ങൾക്കുള്ള തെളിവുകൾ നൽകാത്തത്, വെനസ്വേലയ്ക്കെതിരായ യുഎസ് നടപടിയുടെ ഉദ്ദേശ്യങ്ങൾ സംശയാസ്പദമാക്കുന്നു. മഡുറോയെ പുറത്താക്കുന്നതിലേക്കുള്ള തീരുമാനങ്ങളെടുക്കാൻ നിർബന്ധിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടത്തിലെ ചിലർ വെളിപ്പെടുത്തിയതായി എൻബിസി ന്യൂസ് സൂചിപ്പിക്കുകയുണ്ടായി. നിയമവിരുദ്ധ പോരാളികൾക്ക് സഹായം നൽകുന്നവർക്കെതിരെയാണ് യുഎസ് സായുധ പോരാട്ടം നടത്തുന്നതെന്ന് ട്രംപും പ്രഖ്യാപിക്കുന്നു. അതേസമയം അന്താരാഷ്ട്ര ജലാശയങ്ങളിലെയും ജലപാതകളിലെയും സൈനിക ബലപ്രയോഗം നിയമവിരുദ്ധവും സാർവദേശീയ, യുഎസ് നിയമങ്ങളുടെ ലംഘനവും നടപടിക്രമങ്ങളും നിയമപരിപാലന മാനദണ്ഡങ്ങളും മറികടക്കുന്നതും ഒട്ടും ന്യായീകരണമില്ലാത്തതുമാണെന്ന് നിയമ വിദഗ്ധരും യുദ്ധവിരുദ്ധ സംഘടനകളും അഭിപ്രായപ്പെടുന്നു. യുഎസിലെ നിയമനിർമ്മാണ സഭാംഗങ്ങളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. ശത്രുതയ്ക്ക് നിയമപരമായ സാധുത നൽകാനാണ് യുഎസ് സൈന്യം, തെളിവുകളില്ലെങ്കിലും മയക്കുമരുന്ന് കടത്ത് എന്ന ആരോപണമുന്നയിക്കുന്നതെന്നും അവർ പറയുന്നു. എന്നാൽ അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ചും വ്യക്തമായ തെളിവുകൾ നിരത്താതെയുമുള്ള ആക്രമണങ്ങളെ ആവർത്തിച്ച് ന്യായീകരിക്കുകയാണ് ട്രംപ് ചെയ്യുന്നത്. ഒക്ടോബർ അഞ്ചിന് വിർജീനിയയിലെ നേവൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ, മയക്കുമരുന്ന് ബോട്ടുകളിൽ വിജയകരമായ മിസൈൽ ആക്രമണം നടത്തിയതിന് അദ്ദേഹം നാവികസേനയെ പ്രശംസിക്കുകയുണ്ടായി. സായുധ പോരാട്ടം നിയമപരവും ഭരണഘടനാപരവുമാണെന്നാണ് ട്രംപും വൈറ്റ് ഹൗസും ആവർത്തിച്ച് വാദിക്കുന്നത്. യുഎസ് കോൺഗ്രസും പൊതുസമൂഹവും അംഗീകരിക്കുന്നില്ലെന്നതിനാൽ അവരെ അറിയിക്കാതെയാണ് ട്രംപിന്റെ നടപടികളെന്ന കുറ്റപ്പെടുത്തലും അന്തർദേശീയ മാധ്യമങ്ങൾ നടത്തുന്നു. 16% അമേരിക്കക്കാർ മാത്രമേ വെനസ്വേലയ്ക്കെതിരായ യുഎസ് അധിനിവേശത്തെ പിന്തുണയ്ക്കുന്നുള്ളൂ എന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു. വ്യാപകമായ എതിർപ്പുണ്ടായിട്ടും പ്രസിഡന്റ് ട്രംപ് വെനസ്വേലയ്ക്കെതിരെ നേരിട്ട് ആക്രമണം നടത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മാത്രവുമല്ല വെനസ്വേലൻ അതിർത്തിക്കുള്ളിൽ ഡ്രോൺ ആക്രമണങ്ങൾക്കുള്ള പദ്ധതികൾ യുഎസ് സൈനിക ഉദ്യോഗസ്ഥർ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് വെനസ്വേലൻ പ്രസിഡന്റ് മഡുറോ പ്രതികരിച്ചത്. വെനസ്വേല വെനസ്വേലക്കാരുടെതാണെന്നും നയതന്ത്ര ശ്രമങ്ങൾക്കിടയിലും രാജ്യം അതിന്റെ സുരക്ഷാ, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വൻതോതിലുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ ആറിന്, കാരക്കാസിലെ യുഎസ് എംബസിയിൽ ബോംബ് വയ്ക്കാൻ പ്രാദേശിക തീവ്രവാദികളെ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചന വെനസ്വേലൻ സുരക്ഷാ സേന പരാജയപ്പെടുത്തിയതായി മഡുറോ അറിയിച്ചു. ഓഗസ്റ്റിൽ മാർക്കോ റൂബിയോ യുഎസ് സൈനിക വിന്യാസം പ്രഖ്യാപിച്ചയുടൻ, വെനസ്വേല ബൊളിവേറിയൻ നാഷണൽ മിലിഷ്യയിലെ 45 ലക്ഷം അംഗങ്ങളെ അണിനിരത്തി. യുഎസ് ആക്രമണത്തിനെതിരെ പരമാധികാരം സംരക്ഷിക്കാൻ വെനസ്വേലൻ ജനതയോട് ആഹ്വാനം ചെയ്യുകയും സൈനിക നിയമന പ്രചരണങ്ങൾ നടത്തുകയും ചെയ്തശേഷം 80 ലക്ഷം ആളുകളാണ് സൈന്യത്തില്‍ (മിലിഷ്യ) ചേരാൻ ഒപ്പുവച്ചത്. ഇത് സേനയുടെ ആകെ അംഗസംഖ്യ 120 ലക്ഷത്തിലധികമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ”അവർക്ക് വേണ്ടത് കരീബിയനിലും തെക്കേ അമേരിക്കയിലും യുദ്ധമാണ്. ഒരു പാവ സര്‍ക്കാര്‍ സ്ഥാപിക്കാനും എണ്ണ, വാതകം, സ്വർണം എന്നിവ കൊള്ളയടിക്കാനുമുള്ള ഒരു ഭരണമാറ്റം. എന്നാൽ വടക്കേ അമേരിക്കൻ സാമ്രാജ്യത്തോട് പറയാനുള്ളത് ആ എണ്ണ, ആ വാതകം, ആ സ്വർണം, ഈ ഭൂമി, ഈ ജനത എന്നിവ വെനസ്വേലക്കാരുടെ സ്വന്തമായിരിക്കുമെന്നാണ്. മാതൃരാജ്യത്തെ തകർക്കാനോ തൊടാൻപോലുമോ ഒരിക്കലും അനുവദിക്കില്ലെ”ന്നും ട്രംപിന് മഡുറോ മുന്നറിയിപ്പ് നൽകുന്നു. ഈ വിധത്തിൽ മേഖലയിലെ ജനകീയ, ഇടതുപക്ഷ സർക്കാരുകളുടെ പ്രതിരോധം ശക്തമാണെങ്കിലും യുഎസിന്റെ അധിനിവേശ നീക്കങ്ങളും അനാവശ്യ ഇടപെടലുകളും വേഗത്തിലാണ്. അതുകൊണ്ടുതന്നെ കരീബിയൻ മേഖലയെ യുദ്ധാന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണ് യുഎസും ട്രംപും. (പീപ്പിൾസ് ഡിസ്പാച്ച്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.