22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 5, 2024
November 5, 2024
October 14, 2024
September 25, 2024
September 18, 2024
September 11, 2024
September 8, 2024
August 30, 2024
July 22, 2024

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസിന് പിന്തുണയേറുന്നു; പുതിയ തന്ത്രങ്ങളുമായി ഡെമോക്രാറ്റുകള്‍

Janayugom Webdesk
വാഷിങ്ടണ്‍
July 22, 2024 10:00 pm

പാർട്ടിയിലെ സഹപ്രവർത്തകരുടെ സമ്മർദം, പരാജയം പ്രവചിച്ച സർവേകൾ, ഫണ്ട് ദാതാക്കളുടെ അസംതൃപ്തി എന്നിവയ്ക്കൊടുവിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നുള്ള ജോ ബെെഡന്റെ പിന്മാറ്റം. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കും ഫണ്ട് നല്‍കുന്നവര്‍ക്കുമിടയിലുണ്ടായിരുന്ന അ­സ്വാരസ്യം ബെെഡന്റെ പിന്മാറ്റത്തോടെ അവസാനിച്ചു.
എന്നാല്‍ തെരഞ്ഞെടുപ്പിന് 110 ദിവസം മാത്രം ശേഷിക്കെ പുതിയൊരു സ്ഥാനാര്‍ത്ഥിയെ ക­ണ്ടെത്തി വിജയിപ്പിക്കുകയെന്ന വെല്ലുവിളിയാണ് ഇ­പ്പോള്‍ പാര്‍ട്ടി നേരിടുന്നത്. ഇന്ത്യൻ വംശജയായ, കമലാ ഹാരിസ് തന്നെയാകും സ്ഥാനാർത്ഥി എന്ന നിലയ്ക്കാണ് നിലവിലെ കാര്യങ്ങൾ. നിരവധി നേതാക്കൾ കമലാ ഹാരിസിനെ പിന്തുണച്ച് രംഗത്തുവരുന്നുണ്ട്. ആരും വൈസ് പ്രസിഡന്റിന്റെ സ്ഥാനാർത്ഥിത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയിട്ടില്ല എന്നതും സാധ്യത വർധിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസിന്റെ ആദ്യ വനിതാ പ്രസി‍ഡന്റെന്ന നേട്ടം കമലാ ഹാരിസ് നേടും. 

ഡെമോക്രാറ്റ് പാർട്ടിയുടെ സമീപ ചരിത്രത്തിലൊന്നും ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി ഇത്രയും വൈകിയ വേളയിൽ പിന്മാറിയിട്ടില്ല. 1968 മാർച്ചിൽ ലിൻഡൻ ജോൺസണാണ് പ്രസിഡന്റായിരിക്കെ പാര്‍ട്ടിയുടെ നാമനിര്‍ദേശം ആദ്യമായി ഉപേക്ഷിക്കുന്നത്, അതിനു ശേ­ഷം ബെെഡനും. റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ ട്രംപിനെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് പിന്നാലെയുള്ള ബെെ­ഡന്റെ പിന്മാറ്റം ഡെമോക്രാറ്റ് പാളയത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി, കഴിവ് തെളിയിച്ച വ്യക്തിയാണ് കമലാ ഹാരിസ്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, മുൻ സ്റ്റേറ്റ് സെക്രട്ടറിയും 2016ലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ഹിലരി ക്ലിന്റണ്‍, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം, ജോഷ് ഷാപിറോ എന്നിവര്‍ കമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കമലാ ഹാരിസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ ഡെമോക്രാറ്റിക് സംഭാവനകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ സൈറ്റ് ആക്ട്ബ്ലൂ, അഞ്ച് കോടിയിലധികം ഡോളറാണ് ഞായറാഴ്ച സമാഹരിച്ചത്. 2020ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരുദിവസം നടക്കുന്ന ഏറ്റവും വലിയ ഓൺലൈൻ പണസമാഹരണമാണിത്. കമലയ്ക്കുള്ള പിന്തുണയാണ് ഇതിലൂടെ വെളിപ്പെടുന്നത്. 

ദേശീയ കൺവെൻഷനിൽ ബൈഡന് വേണ്ടി വോട്ട് ചെ­യ്യേണ്ടിയിരുന്ന പ്രതിനിധികൾക്കിടയിലും കമലയ്ക്ക് സ്വീകാര്യതയുണ്ട്. അതേസമയം, മുൻ പ്രസിഡന്റ് ബരാക്ക് ഒ­ബാമ, മുതിർന്ന ഡെമോക്രാറ്റ് നേതാക്കളായ ചക് ഷുമർ, ഹകീം ജെഫ്‌റീസ്‌, മുൻ സ്‌പീക്കർ നാൻസി പെലോസി എന്നിവർ കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വ ചർച്ചയിൽ ഇതുവരെ പ്രതികരിക്കാത്തതും ചർച്ചയാകുന്നു.
ബെെഡന്റെ പ്രായമായിരുന്നു വോട്ടര്‍മാര്‍ ഉയര്‍ത്തിയ പ്രധാന ആശങ്ക. എന്നാൽ 59കാരിയായ കമല ഹാരിസ് ബൈഡന് പകരക്കാരിയാകുന്നതോടെ ഡെമോക്രാറ്റുകൾക്ക് പ്രായത്തിന്റെ കാര്യത്തിലെ തലവേദന ഒഴിയും. കഴിഞ്ഞ രണ്ട് വർഷമായി, ബൈഡനും കമല ഹാരിസും ചേർന്ന് തങ്ങളുടെ രണ്ടാംവട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി സമാഹരിച്ചത് കോടിക്കണക്കിന് ഡോളറായിരുന്നു. 2024 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, ഏകദേശം 240 കോടി ഡോളറാണ് ഇരുവരും സമാഹരിച്ചത്.
എന്നാൽ ബൈഡൻ- ഹാരിസ് പ്രചരണ കമ്മിറ്റി സമാഹരിച്ച 96 ലക്ഷം ഡോളർ, പുതിയൊരു സ്ഥാനാർത്ഥി വന്നാൽ ഫണ്ട് നല്‍കിയവര്‍ക്ക് തിരികെ നൽകേണ്ടി വരും. അല്ലെങ്കിൽ രാഷ്ട്രീയ പ്രവര്‍ത്തന സമിതികള്‍ക്ക് കൈ­മാറണം. അതുകൊണ്ടുതന്നെ കമലാ ഹാരിസ് സ്ഥാനാർത്ഥിയാക്കുകയാണ് പ്രചരണ ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നിലുള്ള ഏകമാര്‍ഗം.

Eng­lish Sum­ma­ry: US Pres­i­den­tial Elec­tion: Kamala Har­ris Gains Support

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.