
പാകിസ്ഥാന് ആയുധങ്ങൾ വിറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുഎസ്. പുതിയ കരാർ പ്രകാരം പാകിസ്ഥാന് നേരത്തെ നൽകിയ പ്രതിരോധ സാമഗ്രികളുടെ അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും യുഎസ് എംബസി അറിയിച്ചു.
പാകിസ്ഥാന്‍ അടക്കം വിവിധ രാജ്യങ്ങളുമായി നിലവിലുള്ള വിദേശ ആയുധ വിൽപന കരാർ പുതുക്കിയ കാര്യമാണ് സെപ്റ്റംബർ 30ന് യുദ്ധ വകുപ്പ് പ്രഖ്യാപിച്ചത്.
പാകിസ്ഥാന് അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ‑ടു-എയർ മിസൈലുകൾ വിൽപന നടത്തിയെന്ന വാർത്തകൾ തെറ്റാണെന്നും യുഎസ് എംബസി വിശദീകരിച്ചു. പ്രതിരോധ കരാർ പുതുക്കി യു.എസ് യുദ്ധ വകുപ്പ് പാകിസ്ഥാന് പുതിയ മിസൈലുകൾ വിറ്റതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ‑ടു-എയർ മിസൈലുകൾ നിർമിക്കാൻ അരിസോണയിലെ പ്രതിരോധ നിർമാണ കമ്പനിയായ റെയ്തിയൻ കോർപറേഷന് അടക്കം 2.5 ബില്ല്യൻ ഡോളറിന്റെ പ്രതിരോധ കരാറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ തയാറാക്കിയതെന്നായിരുന്നു റിപ്പോർട്ട്.
പാകിസ്ഥാന്‍, ഇസ്രയേൽ, യുകെ, ജർമനി, ഇസ്രയേൽ, ഓസ്ട്രേലിയ, ഖത്തർ, ഒമാൻ, ജപ്പാൻ, സിംഗപ്പൂർ, കാനഡ, ബഹ്റൈൻ, സൗദി അറേബ്യ, ഇറ്റലി, കുവൈത്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ കരാർ പുതുക്കിയെന്നാണ് യുദ്ധ വകുപ്പ് നേരത്തെ അറിയിച്ചത്. ഈ കരാർ 2030 മേയ് വരെ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ പേര് പട്ടികയിൽ ഇടംപിടിച്ചത് വിവാദമായതോടെയാണ് യുഎസ് വിശദീകരണവുമായി രംഗത്തെത്തിയത്.
2007ൽ പാകിസ്ഥാൻ 700 അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ‑ടു-എയർ മിസൈലുകൾ യുഎസിൽനിന്ന് വാങ്ങിയിരുന്നു. എഫ്-16 യുദ്ധ വിമാനങ്ങൾക്ക് വേണ്ടിയായിരുന്നു ഈ ഇടപാട്. സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ കരാർ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.