
ഡൽഹി കലാപക്കേസിൽ അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് ജാമ്യം അനുവദിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ വിചാരണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കയിലെ ഒരു കൂട്ടം നിയമനിർമ്മാതാക്കൾ രംഗത്തെത്തി. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയ്ക്കാണ് എട്ട് പ്രമുഖ യുഎസ് പ്രതിനിധികൾ സംയുക്തമായി കത്തെഴുതിയത്.
ന്യൂയോർക്കിന്റെ പുതിയ മേയറായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയച്ച കുറിപ്പും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.
ജിം മക്ഗൊവൻ, ജാമി റാസ്കിൻ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് നിയമനിർമ്മാതാക്കളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. 2020 മുതൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ യുഎസ് ജനപ്രതിനിധികൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം അഞ്ച് വർഷമായി ജാമ്യമില്ലാതെ തടങ്കലിൽ വെക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും നിയമത്തിന് മുന്നിലെ സമത്വത്തിനും വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും അമേരിക്കയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് കത്ത് ഓർമ്മിപ്പിക്കുന്നു. വിചാരണ തീരുന്നത് വരെ ഖാലിദിന് ജാമ്യം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിൽ എത്തിയ ഉമർ ഖാലിദിന്റെ മാതാപിതാക്കളെ യുഎസ് പ്രതിനിധിയായ ജിം മക്ഗൊവൻ നേരിൽ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.
ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി ഉമർ ഖാലിദിന് അയച്ച സന്ദേശം ഖാലിദിന്റെ പങ്കാളി ബനോജ്യോത്സന ലാഹിരിയാണ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. “പ്രിയപ്പെട്ട ഉമർ, കയ്പ്പിനെക്കുറിച്ചും അത് നമ്മെത്തന്നെ നശിപ്പിക്കാൻ അനുവദിക്കാത്തതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള നിന്റെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. നിന്റെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും നിന്നെക്കുറിച്ച് ചിന്തിക്കുന്നുണ്ട്.” — സൊഹ്‌റാൻ മംദാനി കത്തില്‍ പറയുന്നു.
2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിന്റെ സൂത്രധാരനാണെന്ന് ആരോപിച്ചാണ് ഉമർ ഖാലിദിനെതിരെ ഡൽഹി പോലീസ് കേസെടുത്തത്. 53 പേർ കൊല്ലപ്പെട്ട കലാപത്തിൽ ഖാലിദിന് പങ്കുണ്ടെന്ന് പോലീസ് വാദിക്കുമ്പോൾ, താൻ സമാധാനപരമായ പ്രതിഷേധങ്ങളിലാണ് പങ്കെടുത്തതെന്ന് ഖാലിദ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.