25 February 2026, Wednesday

Related news

February 24, 2026
February 22, 2026
February 22, 2026
February 19, 2026
February 18, 2026
February 17, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026

യുഎസ്- റഷ്യ ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചു

ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലെന്ന് യുഎന്‍ 
Janayugom Webdesk
വാഷിങ്ടണ്‍/ മോസ്കോ
February 5, 2026 8:57 pm

യുഎസ്- റഷ്യ ആണവായുധ നിയന്ത്രണ കരാറിന്റെ കാലാവധി അവസാനിച്ചു. രണ്ട് വൻശക്തികൾക്കിടയിൽ ആണവായുധ മത്സരത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചുകൊണ്ടാണ് കരാര്‍ കാലാഹരണപ്പെടുന്നത്. ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കരാര്‍ പുതുക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും വിമുഖത കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ആണവായുധങ്ങളുടെ 87% യുഎസും റഷ്യയും കെെവശം വച്ചിരിക്കുന്നു. 2010 ൽ പുതുക്കിയ ‘ന്യൂ സ്റ്റാർട്ട്’ എന്നറിയപ്പെടുന്ന ആണവായുധ നിയന്ത്രണ ഉടമ്പടി, യുഎസിന്റെയും റഷ്യയുടെയും ആണവ ആയുധശേഖരങ്ങളിൽ പരിധികൾ ഏർപ്പെടുത്തുക മാത്രമല്ല, മറ്റ് നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2010ൽ മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ദിമിത്രി മെദ്‌വദേവുമാണ് കരാര്‍ ഒപ്പുവച്ചത്. 2021ൽ ജോ ബൈഡൻ അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. കരാറിന്റെ കാലാവധി കഴിഞ്ഞതോടെ ആണവായുധ പരിധികളില്ലാത്ത ലോകം എന്ന ഭയാനകമായ സാധ്യതയാണ് നിലവില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത്തരം അന്താരാഷ്ട്ര ഉടമ്പടികളുടെ കടുത്ത വിമര്‍ശകനായ ട്രംപ്, ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ കഴിഞ്ഞ വര്‍ഷം സെെന്യത്തോട് ഉത്തരവിട്ടിരുന്നു. ആണവ പോർമുനകളുടെ കാര്യത്തിൽ പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് റഷ്യയും പ്രഖ്യാപിച്ചു. 

ഭാവിയിലെ ഏതൊരു ആയുധ നിയന്ത്രണ ഉടമ്പടിയിലും ചൈനയെ ഉൾപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യമാണ് ഒരു പ്രധാന തടസം. ചൈന തങ്ങളുടെ ആണവായുധ ശേഖരം വർദ്ധിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. അതേസമയം, ഏതൊരു കരാറിലും യൂറോപ്പിലെ ആണവ ശക്തികളായ ഫ്രാൻസിനെയും യുകെയെയും ഉൾപ്പെടുത്തണമെന്നാണ് റഷ്യയുടെ നിലപാട്. കരാർ വേഗത്തിൽ പുതുക്കണമെന്ന് ഐക്യരാഷ്ട്ര സഭ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. പുതിയൊരു ആണവായുധ മത്സരം ഒഴിവാക്കാൻ ഇരുപക്ഷവും സാധ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.