8 January 2026, Thursday

Related news

January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
January 4, 2026
January 3, 2026

റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് യുഎസ് ഉപരോധം

Janayugom Webdesk
വാഷിങ്ടണ്‍
October 23, 2025 10:14 pm

ഉക്രെയ‍്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേല്‍ പുതിയ സമ്മര്‍ദ തന്ത്രവുമായി യുഎസ്. റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും യുഎസ് ഉപരോധം ഏർപ്പെടുത്തി. ‍ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേ­ഷം റഷ്യക്കുമേല്‍ ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്. യുദ്ധാവശ്യങ്ങള്‍ക്കുള്ള പ്രധാന വരുമാന സ്രോതസ് തടസപ്പെടുത്തുകയാണ് യുഎസിന്റെ ലക്ഷ്യം. അധികാരമേറ്റാലുടന്‍ റഷ്യ- ഉക്രെയ‍്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്‍ദാനം നിറവേറ്റാന്‍ കഴിയാത്ത ട്രംപിന്റെ നിരാശയാണ് റഷ്യക്കെതിരെയുള്ള പുതിയ നീക്കത്തിനു പിന്നിലെന്നും വിലയിരുത്തുന്നു. ബുധനാഴ്ച ഓവൽ ഓഫിസിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി സംസാരിച്ച ട്രംപ്, പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതായി സ്ഥിരീകരിച്ചു. 

കൊലപാതകം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുമുള്ള സമയമാണിതെന്ന് ഉപരോധങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഈ അർത്ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വിസമ്മതിച്ച സാഹചര്യത്തില്‍, ക്രെംലിന്റെ യുദ്ധത്തിന് ധനസഹായം നൽകുന്ന ഏറ്റവും വലിയ രണ്ട് എണ്ണ കമ്പനികൾക്ക് ട്രഷറി ഉപരോധം ഏര്‍പ്പെടുത്തുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമെങ്കിൽ കൂടുതൽ നടപടിയെടുക്കാൻ ട്രഷറി തയ്യാറാണ്. ഈ ഉപരോധങ്ങളിൽ ഞങ്ങളോടൊപ്പം ചേരാനും അവ പാലിക്കാനും സഖ്യകക്ഷികളോട് ആവശ്യപ്പെടുന്നുവെന്നും ബെസെന്റ് വ്യക്തമാക്കി. അതേസമയം, ഉപരോധങ്ങൾ പുടിനെ ചർച്ചകൾക്ക് പ്രേരിപ്പിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

എണ്ണ വില്പനയിലൂടെയുള്ള റഷ്യയുടെ വിദേശവരുമാനം കുറയ്ക്കുകയാണ് ഉപരോധത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. റഷ്യൻ എണ്ണ വില്പന സുഗമമാക്കുന്ന വിദേശ വ്യാപാരികളെയും ബാങ്കുകളെയും റിഫൈനറികളെയും യുഎസ് ഭീഷണിപ്പെടുത്തുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്‍ ഉദ്യോഗസ്ഥനായ എഡ്വേർഡ് ഫിഷ്മാൻ പറഞ്ഞു. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തില്‍ നിന്ന് ഹ്രസ്വകാലത്തേക്കെങ്കിലും രാജ്യങ്ങള്‍ പിന്മാറിയേക്കാം, റഷ്യയുടെ എണ്ണ വരുമാനത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള, ത­ന്ത്രപരമായ ഒരു ഞെരുക്കം ഇതുണ്ടാക്കുമോ എന്നത് യുഎസിന്റെ ഭാവി തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച റോസ്‍നെഫ്റ്റിനും ലുക്കോയിലിനും ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള റോസ്‍നെഫ്റ്റിന് യൂറോപ്യൻ യൂണിയന്റെ ഉപരോധമുണ്ട്. എന്നാൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ലുക്കോയിലിനെതിരെ നടപടിയില്ല. പ്രധാനമായും റഷ്യൻ എണ്ണ വാങ്ങുന്ന ഹംഗറി, സ്ലൊവാക്യ എന്നിവയ്ക്കുള്ള ഇളവുകൾ മൂലമാണിത്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ബെസെന്റുമായി സംസാരിച്ചതായും പു­തിയ ഉപരോധങ്ങളെ പ്രശംസിച്ചതായും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ 19-ാമത് ഉപരോധ പാക്കേജ് ഉടൻ അംഗീകരിക്കപ്പെടുന്നതോടെ, റഷ്യയുടെ മേല്‍ കൂട്ടായ സമ്മർദം തുടരുമെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യൻ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഇറക്കുമതി നിരോധിക്കുക, മറ്റ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത റഷ്യയുടെ എണ്ണ കപ്പലുകളെ കരിമ്പട്ടികയിൽ പെടുത്തുക, റോസ്‍നെഫ്റ്റും ഗാസ്പ്രോം നെഫ്റ്റുമായുള്ള സാമ്പത്തിക ഇടപാടുകൾ നിരോധിക്കുക, നിലവിലുള്ള ഉപരോധങ്ങൾ ഒഴിവാക്കാൻ റഷ്യയെ പ്രാപ്തരാക്കുന്ന നിരവധി റഷ്യൻ ബാങ്കുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുക എന്നിവയാണ് യൂറോപ്യൻ യൂണിയൻ നടപ്പിലാക്കുന്ന പുതിയ തീരുമാനങ്ങൾ.

ക്രെംലിനുമായുള്ള സംഘർഷങ്ങൾ വര്‍ധിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലും, സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ യുഎസ് ഭരണകൂടം നീക്കിയതായി വാൾസ്ട്രീറ്റ് ജേ­ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ വാര്‍ത്ത ട്രംപ് നിഷേധിച്ചു. റഷ്യയിലേക്ക് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ ഉക്രെയ്‌നിന് അനുമതി നൽകിയതിനെക്കുറിച്ചുള്ള വാൾസ്ട്രീറ്റ് ജേണൽ വാർത്ത വ്യാജമാണെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ആ മിസൈലുകൾ എവിടെ നിന്ന് വന്നാലും, ഉക്രെയ്ൻ അവ ഉപയോഗിച്ച് എന്തു ചെയ്താലും യുഎസിന് അവയുമായി യാതൊരു ബന്ധവുമില്ലെന്നും ട്രംപ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.