ഗാസയില്‍ നിന്ന് ഇസ്രയേല്‍ സെെന്യത്തെ പിന്‍വലിക്കാനാവില്ലെന്ന് യുഎസ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്. പലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സേനയെ പിന്‍വലിക്കുന്നത് സെെന്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രമായിരിക്കുമെന്ന് യുഎസ് കോടതിയെ അറിയിച്ചു. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയില്‍ മൂന്നാം തവണയും ഗാസയിലെ വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്തതിനു പിന്നാലെയാണ് അന്താരാഷ്ട്ര കോടതിയിലും യുഎസ് ഇസ്രയേല്‍ അനുകൂല നിലപാടെടുത്തത്. അല്‍ജീരിയയാണ് ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.
വെസ്റ്റ്ബാങ്ക്, ജെറുസലേം, ഗാസ എന്നീ പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ അധിനിവേശം തുടരുന്നതിന്റെ പ്രത്യാഘാതം വിലയിരുത്തുന്ന 15 അംഗ ബെഞ്ചാണ് വാദം കേട്ടത്. അരനൂറ്റാണ്ടിലേറെയായി പലസ്തീനിൽ ഇസ്രയേൽ തുടരുന്ന അധിനിവേശത്തെ സംബന്ധിക്കുന്ന വാദത്തിൽ ഏകദേശം 51 രാജ്യങ്ങളും മൂന്ന് അന്താരാഷ്ട്ര സംഘടനകളുമാണ് ഭാഗമാകുക. 2022 ഡിസംബർ 30ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ)യിൽ നിന്നുള്ള അഭ്യർത്ഥനയാണ് കേസിന് തുടക്കമിട്ടത്. യുഎന്‍ പൊതുസഭയുടെ നിര്‍ദേശമനുസരിച്ചാണ് വാദം കേള്‍ക്കുന്നത്. ഈ മാസം 26 വരെയാണ് വാദങ്ങൾ അവതരിപ്പിക്കാനുള്ള സമയം.
പലസ്തീനിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ജെറുസലേമിലെ ജനസംഖ്യാ ഘടന, സ്വഭാവം എന്നിവയിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉൾപ്പെടെ, അതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന വിവേചനപരമായ ഇസ്രയേലിന്റെ നിയമനിർമ്മാണങ്ങളെയുമാണ് യുഎൻജിഎ ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ അമേരിക്ക, ജർമനി, യുകെ ഉൾപ്പെടെ 24 രാജ്യങ്ങൾ വോട്ട് ചെയ്‌തെങ്കിലും അറബ് രാജ്യങ്ങളും റഷ്യയും ചൈനയും അനുകൂലിച്ചിരുന്നു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ കൊണ്ടുവന്ന കേസിന് ഇതുമായി ബന്ധമില്ല. അതേസമയം, രക്ഷാസമിതി പ്രമേയം മൂന്നാം വട്ടവും വീറ്റോ ചെയ്ത യുഎസ് നടപടിയെ ചെെന, ക്യൂബ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു. 15ല്‍ 13 അംഗരാജ്യങ്ങളാണ് പ്രമേയത്തെ പിന്തുണച്ചത്. യുകെ വിട്ടുനിന്നു. യുഎൻ നടപടികളിൽനിന്ന് ഇസ്രയേലിനെ സംരക്ഷിച്ചു നിർത്തുന്ന സമീപനമാണ് കാലങ്ങളായി അമേരിക്ക സ്വീകരിക്കുന്നത്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഹമാസ് പിടിച്ചുവച്ചിരിക്കുന്ന ബന്ദികളുടെ മോചനം ഉറപ്പാക്കാനും വലിയ ശ്രമങ്ങൾ നടത്തുന്നുവെന്ന ജോ ബൈഡന്റെ അവകാശവാദങ്ങൾക്കിടെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
English Summary:US stands in favor of Israel
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.