17 December 2025, Wednesday

Related news

December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025

ചൈനയ്ക്കുള്ള യുഎസ് പകരച്ചുങ്കം 245 ശതമാനം

Janayugom Webdesk
വാഷിങ്ടണ്‍ ഡിസി
April 16, 2025 10:46 pm

ചൈനയ്ക്ക് മേലുള്ള പകരചുങ്കം 245 ശതമാനമാക്കി ഉയര്‍ത്തി യുഎസ്. ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാക്കും.
വൈറ്റ് ഹൗസ് കഴിഞ്ഞദിവസം പുറത്തിറക്കിയ ഫാക്ട് ഷീറ്റിലാണ് ചൈനയ്ക്ക് 245 ശതമാനം ഇറക്കുമതി തീരുവയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ പ്രതികാര നടപടികളാണ് തീരുവ ഉയര്‍ത്താന്‍ കാരണമെന്ന് യുഎസ് ആരോപിക്കുന്നു. ചര്‍ച്ചകള്‍ക്കും വ്യാപാര ഉടമ്പടിക്കും തയ്യാറാകേണ്ടത് ചൈനയാണ്. പന്ത് ഇനി ചൈനയുടെ കോര്‍ട്ടിലാണെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറയുന്നു. 

പുതിയ പരിഷ്‌കരണത്തിന് മുമ്പ്, അമേരിക്കയിലേക്കുള്ള ചൈനീസ് കയറ്റുമതിക്ക് പല ഘട്ടങ്ങളിലായി 145 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും ട്രംപ് പരസ്പര തീരുവ ചുമത്തിയിരുന്നു. പിന്നീട് പുതിയ വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ 90 ദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു. അതേസമയം ട്രംപിന്റെ തീരുമാനത്തോട് അതേനാണയത്തില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തി ചൈന തിരിച്ചടിക്കുകയായിരുന്നു. 

അമേരിക്കന്‍ ഉല്പന്നങ്ങളുടെ മേല്‍ ചൈന 125 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ ചില യുഎസ് കമ്പനികള്‍ക്കുമേല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ചൈനീസ് വ്യോമയാന കമ്പനികളോട് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടര്‍ വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ ഘടകങ്ങളായ ഗാലിയം, ജെര്‍മേനിയം, ആന്റിമണി എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന ധാതുക്കളുടെ കയറ്റുമതിക്കും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് യുഎസിനുമേലുള്ള ചൈനയുടെ പിടി കൂടുതല്‍ ശക്തമാക്കി. 

ഇതിനോടുള്ള പ്രതികരണമായാണ് നികുതി ഇരട്ടിയായി യുഎസ്‌ വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രഖ്യാപനം നടത്താന്‍ ട്രംപ് നേരിട്ടെത്തിയില്ല. സാധാരണ നാടകീയമായ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ ട്രംപ് നേരിട്ടെത്തിയാണ് നിര്‍വഹിച്ചിരുന്നത്. 245 ശതമാനം വരെയുള്ള താരിഫ് ബാധിക്കുന്ന ഉല്പന്നങ്ങളുടെ കൃത്യമായ പട്ടികയും വെളിപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താല്‍ വൈറ്റ്ഹൗസ് പ്രസ്താവനയില്‍ 145 ശതമാനത്തിന് പകരം 245 എന്ന് രേഖപ്പെടുത്തിയതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.