
ലോകാര്യങ്ങള്‍ക്ക് മേല്‍ അമിതമായി തീരുവ ചുമത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരപരിധിയില്‍ സംശയം പ്രകടിപ്പിച്ച് യുഎസ് സുപ്രീംകോടതി.ട്രംപ് ചുമത്തുന്ന അധിക തീരുവകളുടെ നിയമസാധുതയെ സംബന്ധിച്ചാണ് സുപ്രീം കോടതിയിലെ ലിബറല്‍, കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം സംശയമുന്നയിച്ചത്.ദേശീയ അടിയന്തരാവസ്ഥകളില്‍ പ്രയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977ലെ നിയമം ഉപയോഗിച്ചാണ് ട്രംപ് തീരുവ ചുമത്തല്‍ തുടരുന്നത്.എന്നാല്‍ ഇത്തരത്തില്‍ തീരുവ ചുമത്താന്‍ പ്രസിഡന്റിന് ട്രംപ് അവകാശപ്പെട്ട അധികാരമുണ്ടോ എന്നും യുഎസ് കോണ്‍ഗ്രസിന്റെ അധികാരങ്ങളില്‍ അദ്ദേഹം കടന്നുകയറിയോ എന്നും സുപ്രീം കോടതി ജസ്റ്റിസുമാര്‍ ട്രംപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചു.
ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ട്രംപിന്റെ ഒരു തീരുമാനത്തെ സംബന്ധിച്ച കേസിലാണ് കോടതിയുടെ നടപടി.അതേസമയം, വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ തീരുമാനമെടുക്കാന്‍ പ്രസിഡന്റുമാരുടെഅധികാരം അന്തര്‍ലീനമാണെന്ന് ചില കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.നേരത്തെ, ട്രംപ് അന്യായമായ രീതിയില്‍ നികുതി ചുമത്താന്‍ നിയമം ഉപയോഗിക്കുകയാണെന്നും അത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണെന്നും കീഴ്‌ക്കോടതികള്‍ നിരീക്ഷിച്ചിരുന്നു.ഇതിനെതിരെ ട്രംപ് ഭരണകൂടം നല്‍കിയ അപ്പീലുകളിലാണ് സുപ്രീം കോടതിയില്‍ വാദം നടന്നത്. രണ്ടര മണിക്കൂറിലധികം നീണ്ടുനിന്ന വാദപ്രതിവാദത്തില്‍ ഡെമോക്രാറ്റ്‌സിന്റെ നേതൃത്വത്തിലുള്ള 12 യുഎസ് സംസ്ഥാനങ്ങളും തീരുവ സംബന്ധിച്ച് ട്രംപിനെതിരെ ശക്തമായ നിലപാടെടുക്കുകയും തീരുവകളെ ചോദ്യം ചെയ്യുകയും ചെയ്തു.
തീരുവകള്‍ എന്നാല്‍ അമേരിക്കക്കാരുടെ മേലുള്ള നികുതി ചുമത്തലാണെന്നും അത് എപ്പോഴും കോണ്‍ഗ്രസിന്റെ പ്രധാന കരുത്താ(കോര്‍ പവര്‍)ണെന്നും കണ്‍സര്‍വേറ്റീവ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് യുഎസ് സോളിസിറ്റര്‍ ജനറല്‍ ഡിജോണ്‍ സോയറിനോട് പറഞ്ഞു.യുഎസ് ഭരണഘടന യു.എസ് കോണ്‍ഗ്രസിന് നികുതികളും തീരുവകളും ചുമത്താന്‍ അധികാരം നല്‍കുന്നുണ്ടെന്നും നിലവിലെ തീരുവകള്‍ കാരണം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളിലൂടെ രാജ്യത്തിന് ട്രില്യണ്‍ കണക്കിന് ഡോളര്‍ വരുമാനം നല്‍കുമെന്നും റോബര്‍ട്ട്‌സ് അഭിപ്രായപ്പെട്ടു.അതേസമയം, ട്രംപ് സുപ്രീം കോടതിയുടെ വാദങ്ങള്‍ തന്റെ നയങ്ങളില്‍ ഉറച്ചുനില്‍ക്കാനായി മുമ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.കുടിയേറ്റങ്ങളെ അടിച്ചമര്‍ത്തല്‍, ഫേഡറല്‍ ഏജന്‍സി ഉദ്യോഗസ്ഥരെ പുറത്താക്കല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ പുറത്താക്കല്‍ തുടങ്ങിയ ട്രംപിന്റെ നടപടികള്‍ക്ക് അനുമതി നല്‍കി സുപ്രീം കോടതി അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്.എന്നാല്‍, അധിക തീരുവ ചുമത്തല്‍ സംബന്ധിച്ച കോടതിയുടെ എതിര്‍പ്പ് നിര്‍ണായകമായ മാറ്റമായാണ് നിരീക്ഷപ്പെടുന്നത്.
യുഎസുമായി വ്യാപാരം നടത്തുന്ന ഏകദേശം മുഴുവന്‍ രാജ്യങ്ങള്‍ക്കും മേല്‍ തീരുവ ചുമത്താന്‍ ട്രംപ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്‌സ് ആക്റ്റ് അഥവാ ഐഇഇപിഎ ഉപയോഗിച്ചിരുന്നു.ദേശീയ അടിയന്തരാവസ്ഥ സമയത്ത് വാണിജ്യം നിയന്ത്രിക്കാനായി പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമമാണിത്. ഇതോടെ ഐഇഇപിഎ തീരുവ ചുമത്താനായി ഉയോഗിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായിരിക്കുകയാണ് ട്രംപ്.
എക്‌സിക്യൂട്ടീവിന്റെ അധികാരത്തിന്റെ പരിധിയെ മറികടക്കുന്ന ഈ നീക്കമാണിത്.ഇറക്കുമതി നിയന്ത്രിക്കാന്‍ പ്രസിഡന്റുമാര്‍ക്ക് ഐഇഇപിഎ ഉപയോഗിക്കാമെന്നും ഇതില്‍ തീരുവകളും ഉള്‍പ്പെടുന്നുവെന്നുമുള്ള സോയറിന്റെ വാദത്തെ കണ്‍സര്‍വേറ്റീവ് ജസ്റ്റിസ് ആമി കോണി ബാരറ്റ് ചോദ്യം ചെയ്ത.തീരുവ ചുമത്തുന്ന അധികാരം ഉപയോഗിച്ച് ഇറക്കുമതി നിയന്ത്രിക്കാം എന്ന പ്രയോഗം നിയമപുസ്തത്തില്‍ ഒരുമിച്ച് പ്രയോഗിച്ചിട്ടുണ്ടോയെന്നും അക്കാര്യം ചൂണ്ടിക്കാണിക്കാനാവുമോയെന്നും ജസ്റ്റിസ് ചോദിച്ചു.ഐഇഇപിഎ പ്രസിഡന്റിന്റെ അധികാരം വിപുലീകരിക്കാനുള്ളതല്ല, പരിമിതപ്പെടുത്താനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ലിബറല്‍ ജസ്റ്റിസ് കേതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.