
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് വർധിപ്പിക്കുകയും ഇറക്കുമതി നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയിൽ വാഹന നിർമ്മാണം പുനരാരംഭിക്കാനുള്ള ഫോർഡ് മോട്ടോർ കമ്പനിയുടെ പദ്ധതികൾ അനിശ്ചിതത്വത്തിലായി. യു എസിലെ രണ്ടാമത്തെ വലിയ വാഹന നിർമ്മാതാക്കളായ ഫോർഡിന് ഇത് കനത്ത തിരിച്ചടിയാണ്. തമിഴ്‌നാട്ടിലെ മറൈമലൈ നഗറിലുള്ള ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കാനാണ് കമ്പനി നീക്കം നടത്തിയിരുന്നത്. എന്നാൽ, വർധിച്ച ഇറക്കുമതി നികുതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഫാക്ടറിയിൽ കാറുകൾ നിർമിച്ച് കയറ്റി അയക്കുന്നത് ലാഭകരമാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
2022ൽ പ്രവർത്തനം അവസാനിപ്പിച്ച് പൂട്ടിയ ചെന്നൈക്കടുത്തുള്ള ഈ ഫാക്ടറി പുനരാരംഭിക്കണോ, അതോ മറ്റേതെങ്കിലും വാഹന നിർമ്മാതാക്കൾക്ക് വിൽക്കണോ എന്ന കാര്യത്തിൽ ഫോർഡ് ആലോചനയിലാണ്. അന്തിമ തീരുമാനമെടുക്കാൻ കമ്പനിയുടെ ഉന്നതതല യോഗം ഉടൻ ചേരും. നേരത്തെ, ഇവിടെ എൻജിൻ നിർമാണം ആരംഭിക്കാൻ ഫോർഡ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പുതിയ താരിഫ് നയം മറ്റ് നിരവധി കമ്പനികളുടെ വിദേശ നിക്ഷേപ പദ്ധതികളെ ബാധിച്ചതുപോലെ ഫോർഡിന്റെ പദ്ധതികൾക്കും തടസ്സമായിരിക്കുകയാണ്. വാഹന നിർമാണ രംഗത്തെ ഒരു പ്രധാന ഹബ്ബായി വളരാൻ ശ്രമിക്കുന്ന തമിഴ്‌നാട് സർക്കാർ, ഫാക്ടറിയുടെ ഭാവി എങ്ങനെയെന്ന് വ്യക്തമാക്കാൻ ഫോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഇന്ത്യയല്ല, യൂറോപ്യൻ വിപണിക്കാണ് ഫോർഡ് മുഖ്യപരിഗണന നൽകുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വാഹന നിർമാണത്തിന് ഉണർവേകാൻ യൂറോപ്പിൽ ഫോർഡ് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ജർമനിയിൽ ഇലക്ട്രിക് വാഹന നിർമാണത്തിനും യു കെയിൽ വാഹന ഘടകങ്ങൾ നിർമിക്കുന്നതിനുള്ള ഹബ്ബിനുമായി 440 കോടി രൂപയാണ് ഫോർഡ് നിക്ഷേപിച്ചത്. അതേസമയം, കയറ്റുമതിക്കായി ചെന്നൈ ഫാക്ടറിയിൽ വാഹന നിർമ്മാണം പുനരാരംഭിക്കാനുള്ള പദ്ധതിയിൽ മാറ്റമില്ലെന്ന് ഫോർഡ് വക്താവ് വ്യക്തമാക്കി. കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഏകദേശം 12,000 ഐ ടി, ഫിനാൻസ്, അക്കൗണ്ടിങ് ജീവനക്കാർ ഇപ്പോഴും ചെന്നൈയിൽ പ്രവർത്തിക്കുന്നുണ്ടെന്നും തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.