അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ വിഷയത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ഒരുങ്ങില്ല. താരിഫ് ഉയര്‍ത്തലിന് പിന്നാലെ യുഎസുമായി വ്യാപാര കരാര്‍ പുനരാരംഭിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിക്കുമെന്ന വാദം അസ്ഥാനത്തായത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം അധിക തീരുവയാണ് ട്രംപ് ഏര്‍പ്പെടുത്തിയത്. ചൈന അതേനാണയത്തില്‍ തീരുവ ഉയര്‍ത്തി തിരിച്ചടിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അടക്കം യുഎസിനെതിരെ കടുത്ത നിലപാടിലാണ്. അതേസമയം വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നത്. ആകെ 50 ലേറെ രാജ്യങ്ങള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി സമീപിച്ചതായി യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് പറഞ്ഞു.
യുഎസുമായുള്ള കരാര്‍ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ചൈനയും മറ്റ് രാജ്യങ്ങളും ട്രംപിന്റെ താരിഫ് വര്‍ധനവിനെതിരെ ശക്തമായി പ്രതികരിച്ചത് പോലെ ചെയ്യുന്ന പക്ഷം തിരിച്ചടി വലുതാകും എന്ന വിലയിരുത്തിലാണ് മോഡി സര്‍ക്കാര്‍.
ചില വ്യാവസായിക വസ്തുക്കള്‍, ഓട്ടോമൊബൈലുകള്‍, വൈനുകള്‍, പെട്രോകെമിക്കല്‍ ഉല്പന്നങ്ങള്‍, പാല്‍, ആപ്പിള്‍, പരിപ്പ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ കാര്‍ഷിക മേഖലകളില്‍ യുഎസ് തീരുവ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, തുണിത്തരങ്ങള്‍ പോലുള്ള തൊഴില്‍ മേഖലകള്‍ക്ക് തീരുവ കുറയ്ക്കുന്നത് ഇന്ത്യ പരിഗണിച്ചേക്കാം. 2024ല്‍, ഇന്ത്യ യുഎസിലേക്കുള്ള പ്രധാന കയറ്റുമതികളില്‍ മരുന്ന്, ടെലികോം ഉപകരണങ്ങള്‍, വിലയേറിയ കല്ലുകള്‍, പെട്രോളിയം ഉല്പന്നങ്ങള്‍, സ്വര്‍ണവും മറ്റ് വിലയേറിയ ലോഹ ആഭരണങ്ങളും, കോട്ടണ്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക് ഉല്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇറക്കുമതിയില്‍ അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്പന്നങ്ങള്‍, കല്‍ക്കരി, വെട്ടി മിനുക്കിയ വജ്രങ്ങള്‍, വൈദ്യുത യന്ത്രങ്ങള്‍ , വിമാനങ്ങള്‍, ബഹിരാകാശ പേടകങ്ങള്‍, ഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.