
അമേരിക്ക ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക താരിഫ് സുഗന്ധതൈല‑കരകൗശല വ്യവായങ്ങളുടെ ആണിക്കല്ലിളക്കും. പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നശേഷം ഓര്‍ഡറുകള്‍ റദ്ദാക്കലും വ്യാപാരത്തിലെ മാറ്റങ്ങളുമായി ഈ രംഗത്തെ കയറ്റുമതിക്കാര്‍ കോടികളുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ജീവനക്കാരുടെ ഉപജീവന മാര്‍ഗവും തുലാസിലാകും.
രാജ്യത്തെ പ്രധാന സുഗന്ധ തൈല നിര്‍മ്മാണ കേന്ദ്രമായ ഉത്തര്‍പ്രദേശിലെ മെന്തയില്‍ അധിക താരിഫിന്റെ പ്രതിഫലനം ഇതിനകം ബാധിച്ചതായി കയറ്റുമതിക്കാര്‍ പറയുന്നു. യുഎസിലേക്കുള്ള കയറ്റുമതി നിലച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിടുന്നതായി കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടി. മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ഉപജീവനമാര്‍ഗം അടയുമെന്ന കടുത്ത ആശങ്കയിലാണ്.
ട്രംപിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നശേഷം ഓര്‍ഡറുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നതായി കയറ്റുമതിക്കാരനായ അമൃത് കപൂര്‍ പറഞ്ഞു. 20 യുഎസ് ഡോളര്‍ വിലയുണ്ടായിരുന്ന ഒരുല്പന്നത്തിന് താരിഫ് നിലവില്‍ വന്നശേഷം 30 ഡോളറായി ഉയര്‍ന്നു. യുഎസ് ഉപഭോക്താവ് ഇന്ത്യയില്‍ നിന്നുള്ള ഉല്പന്നം ഒഴിവാക്കുകയാണ്. ഇതിന്റെ ഫലമായി പുതിയ ഓര്‍ഡറുകള്‍ റദ്ദാക്കിയിരിക്കുകയാണ്. 10 ലക്ഷത്തോളം പേരാണ് സുഗന്ധതൈല നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ജീവിതം എന്താകുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കരകൗശല കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന യുപിയിലെ ബ്രാസ് സിറ്റി എന്നറിയപ്പെടുന്ന മൊറാദാബാദില്‍ പ്രതിവര്‍ഷം 85,00 മുതല്‍ 9,000 കോടി രൂപ വരെയുള്ള കരകൗശല വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്ന മേഖലയാണ്. ഇതില്‍ 75 ശതമാനവും യുഎസിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്. അധിക താരിഫ് കാരണം കയറ്റുമതി നിലച്ചിരിക്കുകയാണെന്ന് സ്ഥാപന ഉടമയായ ഹാജി ഇഫ്തേഖര്‍ പറഞ്ഞു. 300 കോടിയിലധികം രൂപയുടെ ഓര്‍ഡറുകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്. താരിഫ് വര്‍ധന യുഎസിലേക്കുള്ള കയറ്റുമതിയില്‍ ഇടിവ് വരുത്തുമെന്നും ഇതുമൂലം ഏകദേശം രണ്ട് ലക്ഷം തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും ഇഫ്തേഖര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.