
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച 50% താരിഫ് വര്‍ധനവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് വസ്ത്രമേഖല വന്‍ തൊഴില്‍ നഷ്ടത്തിന്റെ ഭീഷണിയില്‍. യുഎസിലേക്കുള്ള ഭൂരിഭാഗം ഓർഡറുകളും ദിവസങ്ങൾക്കുള്ളിൽ നിർത്തലാക്കിയതോടെ ഇന്ത്യയുടെ വസ്ത്ര തലസ്ഥാനമായ തിരുപ്പൂരിലെ കയറ്റുമതിക്കാർ കടുത്ത പ്രതിസന്ധിയിലായി. കുറഞ്ഞ താരിഫുള്ള ബംഗ്ലാദേശ്, പാകിസ്ഥാൻ, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ വഴി കയറ്റുമതി ചെയ്യാനാണിപ്പോള്‍ ശ്രമം നടത്തിവരുന്നത്. അടിസ്ഥാന, പരിഹാര തീരുവകൾ ഉൾപ്പെടെയുള്ള പുതുക്കിയ താരിഫുകൾ ചില വസ്ത്ര ഇനങ്ങളുടെ തീരുവ 64% വരെ വർധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ഉല്പന്നങ്ങളെ പ്രാദേശിക എതിരാളികളേക്കാൾ 35% വരെ വില കൂടുതലാക്കുന്നു. ഇതിലൂടെ തിരുപ്പൂരിലെ വസ്ത്രമേഖലയ്ക്ക് 12,000 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.
തിരുപ്പൂർ, കോയമ്പത്തൂർ, കരൂർ നഗരങ്ങളിലായി പടർന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ വസ്ത്ര വ്യാപാര മേഖലയിൽ ഏകദേശം 1.25 ദശലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. പ്രതിവർഷം 45,000 കോടി രൂപയുടെ വസ്ത്രങ്ങളാണ് കയറ്റുമതി ചെയ്തിരുന്നത്. ഓർഡറുകൾ 10–20% കുറഞ്ഞാൽ, തിരുപ്പൂർ, കരൂർ, കോയമ്പത്തൂർ എന്നീ കേന്ദ്രങ്ങളിലായി അടുത്ത കുറച്ച് മാസങ്ങളിൽ 1,00,000 മുതൽ 2,00,000 വരെ തൊഴിലാളികളെ കുറയ്‌ക്കേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. ഇന്ത്യ‑യുകെ സ്വതന്ത്ര വ്യാപാര കരാറും ചൈന, മ്യാൻമർ എന്നീ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തിയതും ഇന്ത്യൻ ഉല്പന്നങ്ങളോടുള്ള യുഎസ് താല്പര്യം വർധിക്കാനിടയാക്കി. ഇത് മുന്നിൽ കണ്ട് ഈ മേഖലയിൽ വ്യാപാരികൾ കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം നിഷ്ഫലമായി.
നിലവില്‍ തിരുപ്പൂരില്‍ നിന്നുള്ള കയറ്റുമതിയുടെ 30% യുഎസിലേക്കായിരുന്നു. ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം ഈ മേഖലയെ മൊത്തത്തിൽ ഇല്ലാതാക്കുന്നതാണെന്ന് തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ എം സുബ്രഹ്മണ്യൻ പറഞ്ഞു.
പരുത്തിയുടെ 11% ഇറക്കുമതി തീരുവയും ജിഎസ‌്ടിയും വസ്ത്ര നിര്‍മ്മാണ മേഖലയെ ദുര്‍ബലമാക്കിയിരുന്നു. പോളിസ്റ്റർ അസംസ്കൃത വസ്തുക്കൾക്ക് 18%, നൂലിന് 12% ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. പൂർത്തിയായ വസ്ത്രങ്ങൾക്ക് 5% ജിഎസ‌്ടിയും ബാധകം. ഇതെല്ലാം ഉല്പാദന കയറ്റുമതി ചെലവുകളിൽ 6–7% വര്‍ധനയുണ്ടാകുന്നതായും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.