
ക്യൂബയ്ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തി യുഎസ്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നീക്കം ചെയ്ത ഉപരോധങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസ് നടപടിയില്‍ പ്രതിഷേധിച്ച് ക്യൂബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് സ്വതന്ത്രവും ജനാധിപത്യപരവുമായ ക്യൂബയെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് ഒപ്പുവച്ച ഉത്തരവില്‍ പറയുന്നു. അമേരിക്കന്‍ നീതിപീഠത്തില്‍ നിന്ന് ഒളിച്ചോടിയവരെ സംരക്ഷിക്കുന്നുവെന്നും ക്യൂബയെക്കുറ്റപ്പെടുത്തുന്നു. യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ മൃഗീയവും അസാധാരവുമെന്ന് പരാമര്‍ശിച്ച അമേരിക്കന്‍ ശിക്ഷാവിധിയില്‍ നിന്ന് രക്ഷപ്പെട്ട ബ്ലാക്ക് ലിബറേഷന്‍ പ്രവര്‍ത്തക അസാറ്റ ഷാക്കൂറിന് ക്യൂബ രാഷ്ട്രീയ അഭയം നല്‍കിയ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പരാമര്‍ശം.
ക്യൂബയ്ക്കുമേലുള്ള ട്രംപിന്റെ ഉത്തരവ് വെറുമൊരു നയം മാത്രമല്ല, സാമ്പത്തിക യുദ്ധ പ്രഖ്യാപനം കൂടിയാണെന്ന് ക്യൂബന്‍ ആക്ടിവിസ്റ്റും പീപ്പിള്‍സ് ഫോറം എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മൊണോലൊ ഡീ ലോസ് സാന്റോസ് എക്സില്‍ കുറിച്ചു. ക്യൂബന്‍ ജനത അവരുടെ സ്വാതന്ത്രം അടിയറവ് വയ്ക്കാനുള്ള ക്രൂരമായ ശ്രമമാണ്. പട്ടിണിയെ ആയുധമാക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ക്യൂബയ്ക്കെതിരായ സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങള്‍ വലീയരീതിയിലുള്ള പ്രതിസന്ധിയിലേക്കാണ് ദ്വീപിലെ ജനങ്ങളെ എത്തിച്ചിരിക്കുന്നത്. ഭൂമിയിലെ ഓരോ രാജ്യങ്ങളും ക്യൂബയ്ക്കെതിരായ യുഎസ് നടപടിയില്‍ അപലപിക്കുന്നതായി ക്യൂബന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ട്രംപിന്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും രാജ്യത്തിന്റെ മുഴുവന്‍ മനുഷ്യാവകാശങ്ങളുടെയും ലംഘനമാണിതെന്നും ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗ്യൂസ് എക്സില്‍ കുറിച്ചു. യുഎസ് ഉപരോധങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ വെനസ്വേല ട്രംപിന്റെ ഉത്തരവിനെതിരെ ക്യൂബയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കാലഹരണപ്പെട്ട, മനുഷ്യത്വരഹിതമായ നയമെന്നാണ് വെനസ്വേല പ്രതികരിച്ചത്. ക്യൂബ പിടിച്ചെടുത്ത് രാജ്യത്തിന്റെ പരമാധികാരം നിയന്ത്രിക്കുകയാണ് യുഎസിന്റെ ലക്ഷ്യമെന്ന് വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായ ബോളീവിയന്‍ അലയന്‍സ് ഫോര്‍ ദ പീപ്പിള്‍സ് ഓഫ് ഔര്‍ അമേരിക്ക (എഎല്‍ബിഎ‑ടിസിപി) പ്രതികരിച്ചു. ക്യൂബയും വെനസ്വേലയും കൂടാതെ അന്റിഗുവ, ബാര്‍ബുഡ, ബൊളിവിയ, ഡൊമിനിക്ക, ഗ്രെനഡ, നിക്കരാഗുവ, സയിന്റ് കിറ്റ്സ്, സയിന്റ് ലൂസിയ, സയിന്റ് വിന്‍സന്റ്, ഗ്രീനഡീനെസ് തുടങ്ങിയ രാജ്യങ്ങളാണ് സംഘടനയിലെ മറ്റ് അംഗങ്ങള്‍. ജനുവരിയില്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ തന്നെ ക്യൂബയ്ക്കെതിരായ നടപടികള്‍ കടുപ്പിക്കുമെന്ന് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രഖ്യാപിച്ചിരുന്നു. തീവ്രവാദ രാജ്യങ്ങളുടെ പട്ടികയിലേക്ക് ക്യൂബയെ ഉള്‍പ്പെടുത്തുകയാണ് ഭരണത്തിലേറിയ ആദ്യമണിക്കൂറുകളില്‍ തന്നെ ട്രംപ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.