23 December 2025, Tuesday

Related news

December 20, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 10, 2025
December 8, 2025
December 7, 2025

ഇറാനെതിരായ തിരിച്ചടിയില്‍ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യുഎസിന്റെ മുന്നറിയിപ്പ്

തീരുമാനമെടുക്കാതെ ഇസ്രയേലിന്റെ വാര്‍ കാബിനറ്റ് യോഗം പിരിഞ്ഞു
Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2024 1:31 pm

ഇറാനെതിരായ തിരിച്ചടിയില്‍ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഒരുതരത്തിലും യുഎസ് പങ്കെടുക്കില്ലെന്നാണ് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം അമേരിക്കയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഇറാനെതിരേയുള്ള പ്രതികരണംഎങ്ങനെയാകണമെന്നതില്‍ തീരുമാനമെടുക്കാതെ ഇസ്രയേലിന്റെ വാര്‍ കാബിനറ്റ് യോഗം പിരിഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് മുന്നുമണിക്കറിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വാര്‍ കാബിനറ്റ് യാതൊരു തീരുമാനവും എടുക്കാതെ പിരിഞ്ഞത്.ഉടന്‍ തന്നെ ഇതുസംബന്ധിച്ച് വീണ്ടും യോഗം ചേര്‍ന്നേക്കുമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരേ തിരിച്ചടിയുണ്ടാകുമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രയേല്‍ ദിനപത്രമായ ഇസ്രയേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇസ്രയേല്‍ തിരിച്ചടിക്കുമെന്നത് വ്യക്തമാണെന്നും വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാനെതിരെ തിരിച്ചടി വേണമെന്നതിനെ ഇസ്രയേല്‍ വാര്‍ കാബിനറ്റ് അനുകൂലിച്ചെങ്കിലും ഇത് എങ്ങനെ വേണമെന്നതില്‍ അഭിപ്രായഭിന്നതയുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകളിലുണ്ട്. ഇറാനെതിരായ തിരിച്ചടി ശ്രദ്ധയോടെയാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.

ഇറാനെതിരെ തിരിച്ചടി നടത്തുമ്പോള്‍ തന്ത്രപരമായി വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, കഴിഞ്ഞദിവസം ഇറാന്റെ മിസൈല്‍ ആക്രമണത്തെ ഇസ്രയേല്‍ വിജയകരമായി പ്രതിരോധിച്ചതായാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ 99 ശതമാനവും ഇസ്രയേല്‍ തകര്‍ത്തതായും ഇത് ഇറാനുമേല്‍ ഇസ്രയേലിനുള്ള സൈനിക ആധിപത്യം വ്യക്തമാക്കുന്നതാണെന്നുമാണ് യുഎസ് അധികൃതരുടെ വിലയിരുത്തല്‍.

കഴിഞ്ഞദിവസം 300‑ലേറെ ഡ്രോണുകളും മിസൈലുകളും ക്രൂയിസ് മിസൈലുകളുമാണ് ഇറാന്‍ ഇസ്രയേലിന് നേരേ വര്‍ഷിച്ചത്. എന്നാല്‍, ഇവയില്‍ മിക്കതും ലക്ഷ്യത്തിലെത്തും മുന്‍പേ ഇസ്രയേല്‍ സേന തകര്‍ത്തിരുന്നു. അമേരിക്കയുടെ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാനായി ഇസ്രയേലിനൊപ്പം അണിനിരന്നു. ഇറാന്‍ തൊടുത്തുവിട്ട ഡസന്‍കണക്കിന് മിസൈലുകളാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തത്. ഏകദേശം 80‑ലേറെ ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യുഎസ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ചേര്‍ന്ന് തകര്‍ത്തതായാണ് അവകാശവാദം.

Eng­lish Summary:
US warns not to join Israel in retal­i­a­tion against Iran

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.