ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്താന്‍ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എയ്ഡ്) വഴി 21 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വന്‍ വഴിത്തിരിവ്. 2023–24 സാമ്പത്തിക വര്‍ഷം യുഎസ്എയ്ഡ് ഏഴ് പദ്ധതികള്‍ക്കായി 750 ദശലക്ഷം ഡോളര്‍ ഇന്ത്യക്ക് നല്‍കിയെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവന്നു. എന്നാല്‍ ഇതില്‍ തെരഞ്ഞെടുപ്പ് സഹായം അടങ്ങിയിട്ടില്ല. കാര്‍ഷിക, ആരോഗ്യ, പാരമ്പര്യേതര ഊര്‍ജം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലാണ് ഈ സഹായം ചെലവഴിച്ചതെന്നും ധന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി നടത്തിവരുന്ന ആരോപണങ്ങളാണ് ഇതോടെ പൊളിഞ്ഞത്. നിലവില്‍ ഏഴ് പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരും യുഎസ്എയ്ഡും തമ്മില്‍ സഹകരണാടിസ്ഥാനത്തില്‍ പുരോഗമിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉഭയകക്ഷി ധാരണപ്രകാരം ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് അഫയേഴ്സാണ് നോഡല്‍ ഏജന്‍സിയായി ഫണ്ട് സ്വീകരിച്ചത്. ഇതില്‍ നിന്ന് തെരഞ്ഞെടുപ്പിനായി തുക വിനിയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കാര്‍ഷികം, ഭക്ഷ്യ സുരക്ഷ, ശുദ്ധ ജലം, ശുചീകരണം, ആരോഗ്യപരിപാലനം, ദുരന്ത നിവാരണം, പാരമ്പ്യരേതര ഊര്‍ജ ഉല്പാദനം തുടങ്ങിയ പദ്ധതിക്കള്‍ക്കാണ് ഫണ്ട് വിനിയോഗിച്ചത്. പരിസ്ഥിതി സൗഹൃദ വനവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കായും തുക വിനിയോഗിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ധാരണ അനുസരിച്ച് വികസന പദ്ധതിക്കള്‍ക്കായി തുക അനുവദിക്കുന്നത് 1951ലാണ് ആരംഭിച്ചത്. ഇതിനുള്ള തുക യുഎസ്എയ്ഡ് വഴിയാണ് വിതരണം ചെയ്തുവരുന്നത്. ഇതുവരെ 1700 കോടി ഡോളറാണ് ഇന്ത്യയിലെ വിവിധ മേഖലകളിലെ 555 പദ്ധതികള്‍ക്കായി യുഎസ്എയ്ഡ് വിതരണം ചെയ്തതെന്നും ധനകാര്യ മന്ത്രാലയം പറയുന്നു.
അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി മേധാവിയായി ഇലോണ്‍ മസ്കിനെ പ്രസിഡന്റ് ട്രംപ് നിയമിച്ചതിന് പിന്നാലെയാണ് ഫണ്ട് വിവാദം പുറത്തുവന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്ക് വര്‍ധിപ്പിക്കാന്‍ അനുവദിച്ച തുക ഇനിമുതല്‍ റദ്ദാക്കുന്നതായി മസ്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി ഇതിനെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. ഇന്ത്യയിലെ സംഘടനകൾക്ക് യുഎസ് നൽകിയത് കൈക്കൂലിയാണെന്നും ഇതിൽ ഒരു വിഹിതം തിരിച്ച് അമേരിക്കയിൽ തന്നെ എത്തുന്നുണ്ടെന്നും ട്രംപും പല തവണ ആവര്‍ത്തിച്ചു. യുഎസ് ഫണ്ട് വന്നത് ആശങ്കാജനകമെന്ന് വിദേശകാര്യ വക്താവ് പ്രതികരിച്ചെങ്കിലും അമേരിക്കയോട് ഇതിന്റെ വിശദാംശം ആവശ്യപ്പെടാൻ തയ്യാറായിരുന്നില്ല. ഈ വിഷയത്തില്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോണ്‍ഗ്രസ് അടക്കം ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.