നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപന നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ.ഏപ്രിൽ ആറിന് രാമനവമി ദിവസത്തിൽ സംസ്ഥാനത്താകെ മത്സ്യ, മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ആരാധനാലയങ്ങൾക്ക് സമീപം നിയമവിരുദ്ധമായി മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും നിരോധിക്കുമെന്ന് 2014ലും 2017ലും പുറപ്പെടുവിച്ച ഉത്തരവുകൾ ചൂണ്ടിക്കാട്ടി സർക്കാർ വ്യക്തമാക്കി.
അനധികൃത അറവുശാലകൾ പൂട്ടാനും നിർദേശമുണ്ട്. ഉത്തരവ് കർശനമായി നടപ്പിലാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പൊലീസ് കമ്മിഷണർമാർക്കും സർക്കാർ നിർദേശം നൽകി. ഇന്നുമുതലാണ് ഒൻപത് ദിവസത്തെ ചൈത്ര നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നത്. സർക്കാർ നിർദേശങ്ങൾ നടപ്പിലാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരുടെ അധ്യക്ഷതയിൽ ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചു.
പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, മൃഗസംരക്ഷണ വകുപ്പ്, ഗതാഗത വകുപ്പ്, തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് കമ്മിറ്റിയിൽ ഉൾപ്പെടുന്നത്. മതവികാരങ്ങളെ മാനിച്ചുകൊണ്ട് മുംബൈയിലെ റോഡരികുകളിലുള്ള മാംസം, മത്സ്യം, മട്ടൺ കടകൾ അടച്ചുപൂട്ടണമെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം അധികാരികളോട് ആവശ്യപ്പെട്ടു. റസ്റ്റോറന്റുകൾക്ക് മാംസാഹാരം വിളമ്പുന്നത് തുടരാമെന്നും തുറന്ന സ്ഥലങ്ങളിലെ സ്റ്റാളുകൾ അടയ്ക്കണമെന്നുമാണ് ശിവസേന നേതാവ് ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ് ഡിസിപി സച്ചിൻ ഗുഞ്ചാലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സഞ്ജയ് നിരുപം ഇക്കാര്യം വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.