
പ്രിയ വാൻഗോഗ്,
വർണചിത്രങ്ങൾകൊണ്ട്
ഹൃത്തിൽ ഒരു ഗ്രാമത്തെ
വരച്ചു ചേർത്തവനെ
നിന്റെ ബ്രഷിന്റെ
അറ്റങ്ങളിൽ വിരിയുന്നത്
ഒരായിരം നിറങ്ങളാണ്
അകലെ,
സൈപ്രസ് മരങ്ങളും
ഗോതമ്പു പാടങ്ങളും
സൂര്യകാന്തിപൂക്കളും
നിന്നെയിന്നും
തിരയുന്നു
നിന്റെ കാൻവാസിൽ
വരച്ചിട്ട ചിത്രങ്ങൾ
ഭ്രാന്തിന്റെയും
ഉന്മാദത്തിന്റെയും
പ്രതീക്ഷയുടെയും
നിറങ്ങൾ തേടി
ഓരോ ദേശങ്ങളിലും
അലയുന്നു
സെയിന്റ് റെമിയിലെ
ഇരുളാണ്ട ഭ്രാന്താശുപത്രിയിൽ
മനോനില തെറ്റി
ഉന്മദമായ അവസ്ഥയിൽ
നിന്നെ അടച്ചിടുമ്പോൾ
ഒറ്റപ്പെട്ടവന്റെ നോവും
ചിന്തകളും
ഏകാന്തതയും മാത്രമേ
വായിക്കാൻ കഴിഞ്ഞിരുന്നുള്ളു
മരണത്തിന്റെയും
വിഭ്രാന്തിയുടെയും
കൊടുംകാറ്റുകൾ
ഇടതടവില്ലാതെ ആഞ്ഞു
വീശുമ്പോൾ
പ്രിയ വാൻഗോഗ്
നീ വരച്ചിട്ട ഗോതമ്പുപാടത്തിന്റെയും
സൂര്യകാന്തി പൂക്കളുടെയും
സൈപ്രസ് മരങ്ങളുടെയും മേലേ
സൂര്യൻ കത്തിജ്വലിക്കുന്നുണ്ടായിരുന്നു
അത്രയേറെ അവയും
അറിഞ്ഞിരുന്നു നിന്നിലെ
മരണത്തിന്റെ ശംഖൊലി
ഒരു നെടുവീർപ്പോടെ
പാറാവുകാരന്റെ കയ്യിൽനിന്നും
കൈത്തോക്ക് വാങ്ങി
നെഞ്ചിലേയ്ക്ക് അമർത്തുമ്പോൾ
നീ വരച്ചിട്ട ചിത്രങ്ങളിൽ
രക്തക്കറ പുരണ്ടു പോകുന്നത്
എന്തേ നീ അറിഞ്ഞതില്ല
നോക്കു,
ഇന്നും ആർലിസിലെ
ഒഴിഞ്ഞ കസേര
നിന്നെ നോക്കുന്നു
ഏകാന്തതയുടെ
ചുവരുകൾ ഇന്നും
നിന്റെ ചിത്രങ്ങൾക്കായി
കാത്തിരിക്കുന്നു
ഉന്മാദം നിന്നെ
വരിഞ്ഞു മുറുക്കി
മറ്റേതോ ലോകത്തേക്ക്
പറിച്ചു നടുമ്പോൾ
നീ അടർത്തി മാറ്റിയ
ചെവി ഏതോ വേശ്യയുടെ
കൈകളിലേയ്ക്ക് പകർന്നു
നൽകുമ്പോൾ
പ്രിയപ്പെട്ടവനെ
നീയറിഞ്ഞിരുന്നില്ല
നാളെ ഓരോ
ഹൃദയത്താളിലും നീ
നിറഞ്ഞു നിൽക്കുമെന്ന്
നിന്റെ ചിത്രങ്ങൾ
ഇനിയും കാൻവസിൽ
നിറഞ്ഞു കാണാൻ
കൊതിക്കുന്ന ആയിരങ്ങൾ
ചുറ്റിലുമുണ്ടെന്ന്
എന്നാൽ,
എല്ലാം ഉപേക്ഷിച്ചു
നീ യാത്രയായപ്പോൾ
നീ വരച്ചിട്ട ഗോതമ്പുപാടവും
നീലാകാശവും
ഒരുപാട് ചോദ്യങ്ങൾക്കുള്ള
ഉത്തരങ്ങൾ തേടി
ഇന്നും അലയുന്നു
ഓരോ മനസിലും
വാൻഗോഗ്
കാത്തിരിപ്പുകൾ തുടരുന്നു
നിന്നോർമ്മകൾപോലെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.