ബിജെപിയുമായി ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ വൈസ് ചെയര്‍മാനെ സംരക്ഷിച്ച് യു.ഡി.എഫ്. വൈക്കം നഗരസഭ വൈസ് ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസമാണ് യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം ബിജെപി അംഗങ്ങളും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ മാറിനിന്നപ്പോള്‍ യോഗം ക്വോറം തികയാതെ പിരിഞ്ഞത്. മൂന്നര വര്‍ഷത്തിനിടെ ഭരണപരിചയമില്ലാത്ത മൂന്ന് ചെയര്‍പേഴ്‌സണ്‍മാരെ ഉപയോഗിച്ച് വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടത്തിയ അഴിമതിക്കെതിരെയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
കോഴിക്കൂട് നിര്‍മാണം, ക്രിമിറ്റോറിയം അറ്റകുറ്റപണി, മിനി എംസിഎഫ് നിര്‍മാണം എന്നിവയിലെല്ലാം അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. പൊതുവിപണിയില്‍ ഒരു കോഴിക്കൂടിന് 7000 രൂപയാണ് വിലയെന്നിരിക്കെ ഒരെണ്ണത്തിന് 10,000 രൂപ വെച്ച് 33 കോഴിക്കൂടുകളാണ് വാങ്ങിയത്. പര്‍ച്ചേസിങ് കമ്മിറ്റി കൂടാതെയും സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയും ഏകപക്ഷീയമായി കോഴിക്കൂടുകള്‍ വാങ്ങി ഭരണപക്ഷം പ്രത്യക്ഷമായ അഴിമതിയാണ് നടത്തിയത്. എല്‍ഡിഎഫ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളില്‍ ചിലതെല്ലാം വിജിലന്‍സ് അന്വേഷണവും ശരിവെക്കുന്നുണ്ട്. നഗരസഭ കെട്ടിടങ്ങളുടെ വാടക കരാര്‍ ഒഴിയുമ്പോള്‍ സെക്യൂരിറ്റി തുക തിരിച്ചു നല്‍കുന്ന ഇനത്തിലും കൗണ്‍സില്‍ തീരുമാനം പോലുമില്ലാതെ വന്‍തുക കമ്മീഷന്‍ പറ്റിയതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആക്ഷേപം ഉയര്‍ത്തുന്നു.
പട്ടികജാതി വികസനഫണ്ട് 80 ശതമാനവും നഷ്ടപ്പെടുത്തിയത് നഗരഭരണത്തിലെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. പാവപ്പെട്ട വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെന്ന പേരില്‍ കച്ചവടക്കാരില്‍നിന്നും കമ്മീഷന്‍ പറ്റി പ്രവര്‍ത്തിക്കുന്നത് നഗരസഭ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘമാണ്. നഗരം മുഴുവന്‍ അനധികൃത നിര്‍മാണങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടും അതിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലും നഗരസഭ ഭരണാധികാരികള്‍ തയ്യാറായില്ല. തമ്മില്‍തല്ലും കമ്മീഷന്‍ പണിയുമായി നഗരഭരണം അധഃപതിച്ചതിന്റെ പിന്നില്‍ നഗരസഭ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഉപജാപക സംഘമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചു. പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാതെ ഇരുകൂട്ടരും മാറിനിന്നത് എന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന അവിശുദ്ധ സഖ്യത്തിനെതിരെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിനുമുന്നില്‍ പ്രതിഷേധ സമരം നടത്തി. മുന്‍നഗരസഭ ചെയര്‍മാന്‍ പി ശശിധരന്‍ സമരം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് എസ് ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍നഗരസഭ ചെയര്‍മാന്‍മാരായ എന്‍ അനില്‍ ബിശ്വാസ്, ബിജു കണ്ണേഴത്ത്, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.വി ജീവരാജന്‍, കൗണ്‍സിലര്‍മാരായ ലേഖ ശ്രീകുമാര്‍, ആര്‍ സന്തോഷ്, അശോകന്‍ വെള്ളവലി, എബ്രഹാം പഴയകടവന്‍, എസ് ഇന്ദിരാദേവി, കവിതാ രാജേഷ്, കെ.പി സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.