19 December 2024, Thursday
KSFE Galaxy Chits Banner 2

ശതാബ്ദി നിറവിൽ വൈക്കം സത്യഗ്രഹം

ബി ജോസുകുട്ടി
April 2, 2023 7:45 am

വൈക്കം ഉദയനാപുരം കണ്ടത്തു ചിറയിൽ കൊച്ചു മണിയനും ചെല്ലമ്മയ്ക്കും ഒരു പെൺകുഞ്ഞു പിറന്നപ്പോൾ വൈക്കത്തപ്പന്റെ തിരുനടയിൽ കിടത്തി ഒരു വറ്റ് വാരിക്കൊടുക്കുന്നത് ചെല്ലമ്മ കിനാവ് കണ്ടു. പക്ഷേ, അത് വെറുമൊരു കിനാവായി തന്നെ തീരുകയും ചെയ്തു. അത് നടക്കാത്ത സംഗതിയാണെന്നും തമ്പ്രാനറിഞ്ഞാൽ തല പോകുമെന്നും ഈ അതിമോഹം നിന്റെ കുഞ്ഞിനെ കൊലയ്ക്കു കൊടുക്കുമെന്നും അയൽക്കാരി തള്ള പറഞ്ഞത് അച്ചട്ടായി. പാറു എന്ന് പേരിട്ട് വിളിച്ച കുഞ്ഞ് കടുത്ത വേനലിൽ രണ്ടാമത്തെ വയസിൽ വസൂരി ബാധിച്ച് മരിച്ചു. അതിന്റെ ആഘാതത്തിൽ കൊച്ചുമണിയനും ചെല്ലമ്മയും കായലിൽ ചാടി ആത്മാഹുതി ചെയ്തു. ഒരു നൂറ്റാണ്ടിനു മുമ്പ് ഉണ്ടായ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതായിരുന്നില്ല.
മണ്ണിൽ പണിയെടുക്കുന്നവരെയും അധ്വാനത്തിന്റെ മുശ്ക് മണമുള്ളവരെയും അയിത്തമുള്ളവരായി കണക്കാക്കി തീണ്ടാപ്പാടകലത്തു നിർത്തി നേരെ ചൊവ്വെ വഴി നടക്കാൻ അനുവദിക്കാതെ സവർണ സമൂഹം അവരെ അകറ്റി നിർത്തി. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികൾ മാത്രമല്ല. അതിനപ്പുറത്തുമുള്ള തെരുവുകളും അവർണർക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഉല്ലലയിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ നിന്നുള്ള കീഴാളരുടെ താലപ്പൊലി യാത്രയ്ക്ക് വിഘാതം വരുത്തുന്നതിനായി സവർണരുടെ ആജ്ഞാനുവർത്തികൾ പ്രധാന വഴികളിൽ ഞെരിഞ്ഞിൽ മുള്ളുകൾ ഉടനീളം വിതറിയതായി പഴമക്കാർ പറഞ്ഞ വിവരം ചിലരുടെ ഓർമ്മകളിലുണ്ട്. 1924 മാർച്ച് 30 മുതൽ 1925 നവംബർ 28 വരെ നീണ്ടു നിന്ന സഞ്ചാര സ്വാതന്ത്ര്യ സമരഗാഥയ്ക്കു പിന്നിൽ സഹനത്തിന്റേതായ നിരവധി വസ്തുതകളുണ്ട്.

എതിർ ശബ്ദങ്ങൾ ഉയരുന്നു

യാത്രാ നിഷേധവും തീണ്ടലും അതിക്രമിച്ചപ്പോഴാണ് പ്രതികരണവുമായി ഒരു കൂട്ടം ചെറുപ്പക്കാർ എത്തിയത്. നാരായണൻ, വേലു, നിലത്തെഴുത്തു കളരി നടത്തിയിരുന്ന കുഞ്ഞപ്പിള്ളയാശാൻ, ബാഹുലേയൻ എന്നിവരടങ്ങുന്ന പതിനെട്ടോളം പേർ ചെമ്പു മുക്കിൽ ഒരുമിച്ചു കൂടി. അവർണർക്ക് പ്രവേശനമില്ല എന്ന മുന്നറിയിപ്പ് ബോർഡ് അർധരാത്രി പിഴുതെറിയാനായിരുന്നു അവരുടെ ശ്രമം. പക്ഷേ, അത് നടന്നില്ല. ബോർഡ് പിഴുതെറിയാൻ തീരുമാനമുണ്ടെന്ന് എങ്ങനെയോ അറിവു കിട്ടിയ പൊലീസുകാർ ബോർഡിന് കാവൽ നിന്നു. റോഡുകളിലെ അവർണ ഹിന്ദുക്കൾക്കുള്ള യാത്രാവിലക്കും തീണ്ടൽ ദുരാചാരങ്ങളും മാറേണ്ടത് കാലത്തിന്റെ അനിവാര്യമായ ആവശ്യമാണെന്നു തോന്നിയ ചില സവർണഹിന്ദുക്കളും ഒപ്പം ചേർന്നതോടെ പ്രതിഷേധം ശക്തമായി.
1924 മാർച്ച് 30 ന് എ കെ പിള്ള, ടി കെ മാധവൻ, കെ പി കേശവമേനോൻ, കെ കേളപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ബഹുജന പിന്തുണയോടെ ശക്തമായ പ്രതിഷേധമാരംഭിച്ചു. ഇതിനോടനുബന്ധിച്ച് അറസ്റ്റും സംഘര്‍ഷങ്ങളും അരങ്ങേറി. പലരെയും ജയിലിലടച്ചു. അറസ്റ്റിലായ കേളപ്പൻ പത്രങ്ങൾക്ക് നൽകിയ സന്ദേശത്തിൽ എന്തു ത്യാഗം സഹിച്ചും അയിത്തത്തെ ഉന്മൂലനം ചെയ്യുമെന്നു പ്രഖ്യാപിച്ചു. ഇത് മറ്റുള്ളവർക്ക് പ്രചോദനവും ആവേശവും നൽകി. രാവും പകലും സമരക്കാർ ആവേശം ചോരാതെ പ്രക്ഷോഭത്തിൽ പങ്കെടുത്തു. ചെമ്മനാകരിയിലെ പ്രമുഖമായ ഒരു തറവാട്ടിൽ നിന്നാണ് സമരക്കാർക്ക് ഭക്ഷണം നൽകാനായുള്ള അരിയും പച്ചക്കറികളും നൽകിയത്. ഒരു രാത്രി ചെമ്മനാകരിയിൽ നിന്നും വള്ളം നിറയെ അരിയും സാമാനങ്ങളുമായി കനാലിലൂടെ സത്യഗ്രഹ സമരവേദിയിലേക്കു പുറപ്പെട്ട കെട്ടുവള്ളത്തെ രണ്ടു പോലീസുകാരും മറ്റു ചിലരും ചേർന്ന് തടഞ്ഞെങ്കിലും തുഴക്കാരുടെ കരുത്ത് കണ്ട് പ്രാണരക്ഷാർത്ഥം ഓടി രക്ഷപെടുകയാണുണ്ടായത്. 

ഗാന്ധിജി വരുന്നു

വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴി ഹരിജനങ്ങളടക്കം എല്ലാ ഹിന്ദുക്കൾക്കും തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് മഹാത്മാ ഗാന്ധി 1928 മാർച്ച് എട്ടിന് രണ്ടാം തവണ കേരളത്തിലെത്തിയത്. മാർച്ച് 19 വരെ കേരളത്തിലുണ്ടായിരുന്ന അദ്ദേഹം സത്യഗ്രഹം അവസാനിപ്പിക്കാനായി വിവിധ നേതാക്കളെ കണ്ട് ചർച്ച നടത്തുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു. ആലപ്പുഴയിലും കൊല്ലത്തും വർക്കലയിലുമൊക്കെ അദ്ദേഹം പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. തിരുവിതാംകൂർ രാജ്ഞി റാണി ലക്ഷ്മിഭായിയെ കണ്ട് ചർച്ചയും നടത്തി. ഈ സന്ദർശന വേളയിലാണ് ശ്രീനാരായണ ഗുരുവുമായുള്ള ഗാന്ധിജിയുടെ സംവാദത്തിനും ചർച്ചയ്ക്കും കളമൊരുങ്ങിയത്.
ഗാന്ധിജിയുടെ സന്ദർശനത്തിനു ശേഷം ക്ഷേത്രത്തിനു ചുറ്റുമുള്ള നാലു റോഡുകളിൽ മൂന്നെണ്ണം എല്ലാവർക്കുമായി തുറന്നു കൊടുത്തു. തുടർന്ന് നാലാമത്തെ റോഡും തുറക്കപ്പെട്ടു. വൈക്കം സത്യഗ്രഹത്തിന്റെ വിജയം തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര നിരത്തുകളും അവർണർക്കായി തുറന്നു കൊടുക്കാനുള്ള സർക്കാർ ഉത്തരവിലേക്കാണ് എത്തിച്ചേർന്നത്. തമിഴ് നാട്ടിലെ പെരിയോർ ഇ വി രാമസ്വാമി നായ്കരും മന്നത്ത് പത്മനാഭനും സമരത്തിന് പ്രചോദനം പകർന്നു മുന്നോട്ടു വന്നിരുന്നു. വൈക്കം സത്യഗ്രഹികൾക്കായി ശ്രീനാരായണ ഗുരു സ്ഥലം വിലയ്ക്കു വാങ്ങി സ്ഥാപിച്ച സത്യഗ്രഹ ആശ്രമം ആണ് ഇന്നത്തെ സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ. 

ബഷീർ ഗാന്ധിയെ തൊട്ട കാലം

”വൈക്കം ബോട്ട് ജെട്ടിയിലും കായലോരത്തും വലിയ തിരക്ക്. എങ്ങും ബഹളം മറ്റു വിദ്യാർത്ഥികളുമായി ഞാനും തിക്കിത്തിരക്കി ജനക്കൂട്ടത്തിന്റെ മുന്നിലെത്തി. ബോട്ടിൽ ഗാന്ധിയെ ദൂരെ വെച്ചേ കണ്ടു. ആ അർദ്ധനഗ്നനായ ഫക്കീർ രണ്ടു പല്ലു പോയ മോണ കാട്ടി ചിരിച്ചു. തൊഴുകയ്യോടെ കരയ്ക്കിറങ്ങി. വല്ലാത്ത ആരവം. തുറന്ന കാറിൽ അദ്ദേഹം കയറിയിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കാർ സത്യഗ്രഹ സ്ഥലത്തേക്കു നീങ്ങി. വിദ്യാർത്ഥികൾ പലതും കാറിന്റെ സൈഡിൽ തൂങ്ങി നിന്നു. അക്കൂട്ടത്തിൽ ഞാനും. ഈ ബഹളത്തിനിടയ്ക്ക് എനിക്കൊരാഗ്രഹം ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്നു തൊടണം. ഒന്നു തൊട്ടില്ലെങ്കിൽ ഞാൻ മരിച്ചുപോകുമെന്നെ നിക്ക് തോന്നി. ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക് ആരെങ്കിലും കണ്ടാലോ? എനിക്ക് പരിഭ്രമം ഉണ്ടായി. എല്ലാം മറന്നു ഞാൻ ഗാന്ധിജിയുടെ വലത് തോളിൽ പതുക്കെ ഒന്നു തൊട്ടു. ഗാന്ധിജി എന്നെ നോക്കി മന്ദഹസിച്ചു. അന്നു സന്ധ്യയ്ക്ക് വീട്ടിൽ ചെന്ന് അമ്മയോട് അഭിമാനത്തോടെ ഞാൻ പറഞ്ഞു. ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ടു.” (ബഷീറിന്റെ ‘അമ്മ’ എന്ന കഥയിൽ നിന്ന്) 

അനുബന്ധം

1927 ലെ ഒരു ശിവരാത്രി ദിനം. ഒരു കൊച്ചു വള്ളത്തിൽ വന്ന ഒരു പുലയ കുടുംബത്തിലെ ആറോളം അംഗങ്ങൾ വൈക്കം ക്ഷേത്രത്തിലെ പ്രധാന കവാടത്തിൽ മുമ്പിലുള്ള റോഡിലൂടെ അരക്കിലോ മീറ്റർ ദൂരം ശയന പ്രദക്ഷിണം നടത്തി ക്ഷേത്രനടയിലെത്തി. വൈക്കത്തപ്പനെ തൊഴുതു. അതിനു ഒരു പതിറ്റാണ്ടിനു മുമ്പ് അതേ തെരുവിലൂടെ സവർണരുടെ കണ്ണവെട്ടിച്ച് വന്ന തങ്ങളുടെ പിതാമഹനെ സവർണരുടെ പിണിയാളുകൾ തല്ലിക്കൊന്ന ഓർമ്മകളോട് പകരം വീട്ടാൻ. 

പ്രക്ഷോഭ തീയില്‍ ചുട്ടെടുത്തത്

വലിയശാല രാജു

പ്പാത്തി കേരളീയ ഭക്ഷണ വിഭവമായിരുന്നില്ല. കേരളത്തെ ഇളക്കി മറിച്ച വലിയൊരു പ്രക്ഷോഭത്തിന്റെ സന്തതിയായിരുന്നു. വൈക്കം സത്യഗ്രഹം ആയിരുന്നു ആ പ്രക്ഷോഭം. 1924 മാർച്ച്‌ 30ന് ആയിരുന്നു വൈക്കം സത്യഗ്രഹം ആരംഭിച്ചത്. പുരോഗമന വാദികളായ സവർണരും സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമരത്തിൽ അയിത്തോച്ചാടനം കൂടി ഗാന്ധിജി ഉൾപ്പെടുത്തിയ ശേഷം ഇന്ത്യയിൽ നടന്ന ആദ്യ പ്രക്ഷോഭം എന്ന നിലയിൽ വൈക്കം സത്യഗ്രഹം ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ബാരിസ്റ്റർ ജി പി പിള്ള ദേശീയ പത്രങ്ങളിൽ എഴുതിയ ലേഖനങ്ങൾ ഇതിന് വളരെയേറെ സഹായകരമായിരുന്നു.
വൈക്കത്തെ സത്യഗ്രഹ പന്തലിൽ കേരളത്തിന്‌ പുറത്ത് നിന്ന് ധാരാളം സ്വാതന്ത്ര്യ സമര സേനാനികൾ ഒഴുകിയെത്തി. തമിഴ് നാട്ടിലെ ഇ കെ രാമസ്വാമി നായ്ക്കർ ഉൾപ്പെടെ ധാരാളം നേതാക്കൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സത്യഗ്രഹത്തിൽ ആവേശം പൂണ്ട് വന്ന മറ്റൊരു വിഭാഗമാണ് പഞ്ചാബികൾ. സിഖ് ആരാധനാലയങ്ങളായ ഗുരുദ്വരകളിൽ കാലോചിതമായ പരിഷ്കാരങ്ങൾക്കായി പ്രക്ഷോഭത്തിന് ഇറങ്ങിതിരിച്ച അകാലികൾക്ക് വൈക്കം സമരം വലിയ ആവേശമായി തോന്നി. അങ്ങനെ പഞ്ചാബ് പ്രബന്ധക് ശിരോമണി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സർദാർ ലാൽ സിംഗിന്റെയും ബാബ കൃപാൽ സിങ്ങിന്റെയും നേതൃത്വത്തിലുള്ള 12 അകാലികൾ വൈക്കത്ത് എത്തി. സത്യഗ്രഹ പന്തലിൽ ഒരു സൗജന്യ ഭോജന ശാല അവർ ആരംഭിച്ചു. എല്ലാവർക്കും ഭക്ഷണം കൊടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ ഭക്ഷണശാലയിലൂടെയാണ് മലയാളി ആദ്യമായി ചപ്പാത്തിയുടെ രുചിയറിഞ്ഞത്. വൈക്കം സത്യഗ്രഹികൾക്ക് മാത്രമല്ല നാട്ടുകാർക്കും അകാലികൾ വെച്ച് വിളമ്പി. ഏതാണ്ട് 30,000 പേർക്കെങ്കിലും ചപ്പാത്തിയും സബ്ജിയും കൊടുത്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഗോതമ്പ് മാവ് പരത്തി തീയിൽ പൊള്ളിച്ചെടുത്ത ചപ്പാത്തി അങ്ങനെ മലയാളിക്ക് പ്രിയപ്പെട്ടതായി. പഞ്ചാബികളുടെ അടുക്കളയിലേക്ക് മലയാളികൾ ഒഴുകിയെത്തി. അതിരാവിലെ മുതൽ രാത്രി എട്ട് വരെ അകാലികൾ വിളമ്പിയതിൽ ചപ്പാത്തികൾ മാത്രമായിരുന്നില്ല ഒരുപാട് ഗോതമ്പ് വിഭവങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതിൽ താരമായതും മലയാളിക്ക് മറക്കാനാവാത്ത രുചി നൽകിയതും ചപ്പാത്തിയായിരുന്നു. 

ഗാന്ധിജി എതിർത്തു

വൈക്കം സത്യഗ്രഹ സമരത്തിന് വലിയ പിന്തുണയാണ് ഗാന്ധിജി നൽകിയത്. അവർണർക്ക് എതിരായുള്ള തൊട്ട് കൂടായ്മ പോലുള്ള ദുരചാരങ്ങൾക്കെതിരെ പോരാടണമെന്നും അത് സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഭാഗമാക്കണമെന്നുള്ളതും ഗാന്ധിജിയുടെ വലിയൊരു ലക്ഷ്യമായിരുന്നു. അത് ആദ്യം വിജയം കണ്ടതും കേരളത്തിലാണ്. ഗാന്ധിജി, സ്വാതന്ത്ര്യ സമര സേനാനിയായ ആചാര്യ വിനോബ ഭാവേയെ തന്റെ നിരീക്ഷകനായി വൈക്കം സമരത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് അന്നത്തെ അധികാരി ഇണ്ടം തുരുത്തിമന നമ്പ്യാതിരിയുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാൻ 1925 മാർച്ച്‌ ഒമ്പതിന് വൈക്കത്ത് ഗാന്ധിജി വരികയും ചെയ്തു. പക്ഷെ ചർച്ച വിജയിച്ചില്ല. അങ്ങനെ ഗാന്ധിജി തിരിച്ച് പോകുകയാണ് ചെയ്തത്.
വൈക്കം സത്യഗ്രഹത്തിൽ സിക്ക്കാർ വന്ന് സൗജന്യ ഭക്ഷണം വെച്ച് വിളമ്പുന്നതിനോട് ഗാന്ധിജി ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയുണ്ടായി. അകാലികളുടെ പ്രവൃത്തി ശരിയല്ലെന്നും അത് മലയാളികളുടെ ആത്മാഭിമാനത്തിന് തന്നെ ക്ഷതമേൽപ്പിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. മാത്രമല്ല ഒരു പടി കൂടെ കടന്ന് ഇങ്ങനെ കൂടി പറഞ്ഞു; ‘സിഖ് സഹോദരങ്ങൾ വിതരണം ചെയ്യുന്ന ആഹാര സാധനങ്ങൾ കേരളീയർ മറ്റൊന്നും ആലോചിക്കാതെ കഴിക്കുന്നത് വെറുമൊരു ഭിക്ഷയായി മാത്രമേ കാണാൻ പറ്റുകയുള്ളൂ. സ്വയം ആഹാരം കഴിക്കാൻ വേണ്ടുവോളം വകയുള്ളവർ സൗജന്യ ഭക്ഷണ ശാലയിൽ വന്ന് ഭക്ഷണം കഴിക്കുന്നത് ഭിക്ഷയല്ലാതെ മറ്റൊന്നുമല്ല.’ ഗാന്ധിജി തന്റെ അഭിപ്രായം തുറന്നടിച്ചു.

മഹാന്മജിയുടെ അഭിപ്രായം മാനിച്ച് സത്യഗ്രഹികൾ അകാലികളുടെ ഭോജനശാലയിൽ നിന്നും പിന്മാറുകയാണുണ്ടായത്. അവർ സ്വന്തം ചെലവിൽ പിന്നീട് ഭക്ഷണ ശാല തുടങ്ങി. വൈകാതെ അകാലികളുടെ പാചകപ്പുര അടച്ചു പൂട്ടി. പിന്നെ അധിക കാലം അവരവിടെ നിന്നില്ല. പഞ്ചാബിലേക്ക് തിരിച്ച് പോകുകയും ചെയ്തു. പക്ഷെ, പഞ്ചാബികൾ പരിചയപ്പെടുത്തിയ ചപ്പാത്തിയെ മലയാളി നെഞ്ചോട് ചേർത്തു. കേരളീയരുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നായി അതിവേഗം അത് മാറുകയും ചെയ്തു. വൈക്കം സത്യഗ്രഹത്തിന് 100വർഷം തികയുമ്പോൾ മലയാളിയുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായി മാറിയ ചപ്പാത്തിക്കും ഇത് ശതാബ്‌ദിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.