16 February 2026, Monday

എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വജ്രശോഭ

വി പി ഉണ്ണികൃഷ്ണൻ
May 12, 2025 4:30 am

1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് ജനിച്ച സുകുമാർ അഴീക്കോട് എന്ന മഹാപുരുഷൻ കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സാഹിത്യ മണ്ഡലങ്ങളിൽ പുതുവിപ്ലവങ്ങൾ സൃഷ്ടിച്ചു. വർഗീയ ഫാസിസത്തിനെതിരായും വലതുപക്ഷ സാമ്രാജ്യത്വ നയങ്ങൾക്കെതിരായും അനവരതം ശബ്ദിച്ച സുകുമാർ അഴീക്കോട് പ്രഭാഷണത്തിലൂടെ എങ്ങനെ രാഷ്ട്രീയ ദിശ മാറ്റിയെഴുതുവാനാകുമെന്ന് തെളിയിച്ചു. രാമന്റെ രാജ്യം എന്താണെന്ന് ഗാന്ധിജിയെ മുൻനിർത്തി അദ്ദേഹം ഭാരതീയ ജനതയെ പഠിപ്പിച്ചു. രാമനും റഹീമും ഒന്നു തന്നെ എന്ന ഗാന്ധിജി പഠിപ്പിച്ച പാഠം അഴീക്കോട് കേരളീയ സമൂഹത്തോട് ആവർത്തിച്ച് ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. 

സ്വാതന്ത്ര്യലബ്ദിയെ തുടർന്ന് രാജ്യത്ത് വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ നവഖാലി ഉൾപ്പെടെയുള്ള ചോരപ്പുഴകളിലൂടെ മുട്ടോളം എത്തുന്ന മുണ്ടുമുടുത്ത് മുട്ടൻ വടിയും പിടിച്ച് ‘സബ്കോ സൻമതി ദേ ഭഗവാൻ’ എന്ന് പാടി നടന്ന ഗാന്ധിജിയുടെ രാമരാഷ്ട്രീയം ഹിന്ദുത്വത്തിന്റേതായിരുന്നില്ല. ഹിന്ദുത്വം എന്നത് ഒരു സംസ്കാരമാണെന്നും, അത് മതവിഭാഗീയതയുടെ ഭാഗമല്ലെന്നും ഗാന്ധിജി ആവർത്തിച്ച് ഓർമ്മിപ്പിച്ചുവെന്ന് സുകുമാർ അഴീക്കോട് ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ ഭാരതീയരെ ഓർമ്മിപ്പിക്കുന്നു. 

ഗാന്ധി പറഞ്ഞ രാമരാജ്യം ശാന്തിയുടെയും സമാധാനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും രാമരാജ്യമാണ്. ‘ഗാന്ധിജിയുടെ രാമൻ’ എന്ന കുറിപ്പിൽ സുകുമാർ അഴീക്കോട് എഴുതുന്നു: “ഇന്ന് ഇന്ത്യയിൽ മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലാത്തവിധം ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന ശബ്ദം രാമനാണ്. നാട് നന്നാവുകയാണോ? പഴയ ക്ഷീണിച്ച ശബ്ദങ്ങൾ ജനാധിപത്യം, സ്ത്രീസമത്വം, മതനിരപേക്ഷത, ദാരിദ്ര്യ നിർമ്മാർജനം തുടങ്ങിയവ ഇതോടെ നാടിന്റെ തൊണ്ടയിൽ നിന്നു വലിഞ്ഞുപോയിരിക്കുന്നു. കണ്ണടച്ച് ഒച്ചമാത്രം കേൾക്കുന്നവർക്ക് രാമരാജ്യം ഇത്ര പെട്ടെന്ന് വന്നെത്തിയോ എന്ന് സംശയം തോന്നിപ്പോകും. കണ്ണ് തുറന്നാൽ കാണുന്ന കാഴ്ചയെ ചെവി കുരുടനാക്കി തീർക്കും. ലോകത്തിന് മുഴുവൻ സുഖം നേരുന്ന ലോകാസമസ്താ സുഖിനോ ഭവന്തു എന്ന രാമശബ്ദം എവിടെ, സഹോദരഹത്യ സൃഷ്ടിക്കുന്ന ശവക്കൂമ്പാരങ്ങളും അതിൽ നിന്ന് ഒഴുകിപ്പരക്കുന്ന ചോരപ്പുഴകളും എവിടെ. ഏതോ യുദ്ധം നടക്കുകയാണോ എന്ന് തോന്നിപ്പോകും. പുതിയ രാവണയുദ്ധമാണോ ഇത്. ഇത് രാവണയുദ്ധമാണെങ്കിൽ പല രാവണന്മാരെ നാം കാണുന്നുണ്ട്”. 

ഇന്ന് രാവണന്മാർ അരങ്ങ് വാഴുകയാണ്. വർഗീയ ഫാസിസത്തിന്റെ ഇരുണ്ട അജണ്ടകളുമായി സംഘപരിവാര ശക്തികൾ ശക്തിപ്രാപിക്കുമ്പോൾ എത്രയോ ദശാബ്ദങ്ങൾക്കുമുമ്പേ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായിരുന്ന സഖാക്കൾ ജി അധികാരിയും അജയഘോഷും പി സി ജോഷിയും കെ ദാമോദരനും എൻ ഇ ബാലറാമും സി ഉണ്ണിരാജയും സി ആർ നമ്പ്യാരും വെളിയം ഭാർഗവനും പികെവിയും സി കെ ചന്ദ്രപ്പനും കണിയാപുരം രാമചന്ദ്രനും വയലാർ രാമവർമ്മയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗാനശകലങ്ങളിലൂടെയും ആശയപരമായി ആയുധമണിഞ്ഞ് പടപൊരുതിയിട്ടുണ്ട്.
‘ജി ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയിലൂടെ മലയാള കവിതയുടെ നിരൂപണശബ്ദം ഉയർത്തിയ നിരൂപകനാണ് സുകുമാർ അഴീക്കോട്. കുട്ടികൃഷ്ണ മാരാർക്ക് പിന്നാലെ നവസാഹിത്യ നിരൂപണശൃംഖലയിലെ ഉഗ്രഗാമിയായിരുന്നു അഴീക്കോട്. ‘തത്വമസി’ യും ‘മഹാത്മാവിന്റെ മാർഗവും’ അഴീക്കോട് മുതൽ അയോധ്യവരെ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം മലയാള സാഹിത്യവിമർശനത്തിൽ അഗ്രഗണ്യനായിരുന്നു. 

വ്യക്തിപരമായി എനിക്കേറെ അടുത്ത ബന്ധമുള്ള ആളായിരുന്നു അഴീക്കോട്. സ്വാതന്ത്ര്യത്തിന്റെ 50-ാം വർഷം ഒരു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അഴീക്കോടിനെ സ്നേഹപൂർവം ക്ഷണിച്ചിരുന്നു. ബന്ദ് കാലം ആയിരുന്നിട്ടുപോലും ബാങ്ക് എംപ്ലോയിസ് യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ അദ്ദേഹം ഉജ്വല പ്രസംഗം നടത്തി. രബീന്ദ്രനാഥ ടാഗോറിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ മഹനീയതയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. സുബ്രഹ്മണ്യഭാരതിയുടെ സ്വാതന്ത്ര്യ സമരഗീതികളും അദ്ദേഹം ഉദ്ധരിച്ചു. ജനയുഗം ഓണപ്പതിപ്പിലേക്ക് അഴീക്കോടിന്റെ ദീർഘമായ അഭിമുഖസംഭാഷണം തയ്യാറാക്കാൻ എനിക്ക് അവസരം ഉണ്ടായിരുന്നു. മൂന്ന് ദിവസം അദ്ദേഹത്തിന്റെ വസതിയിൽ താമസിച്ച് സംഭാഷണം നടത്തി. ഭാരതീയ സാംസ്കാരിക പൈതൃകത്തിന്റെ മഹത്വത്തെയും കോൺഗ്രസിന്റെ വലതുപക്ഷ ജനാധിപത്യ വിരുദ്ധ നയങ്ങളെക്കുറിച്ചും അദ്ദേഹം കൃത്യതയോടെ പറഞ്ഞു. 

അധികാര സ്ഥാനങ്ങളിൽ നിന്ന് എന്നും അകന്നുനിന്ന നിഷ്കാമകർമ്മിയാണ് സുകുമാർ അഴീക്കോട്. അദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പരയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന പ്രഭാഷണ മത്സരത്തിൽ എഐഎസ്എഫ് പ്രവർത്തകനായിരുന്ന ഞാൻ അവിചാരിതമായി പങ്കെടുത്തു. ഞാൻ പുരസ്കാര ജേതാവായി. അഴീക്കോട് അന്ന് ആലിംഗനം ചെയ്തുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകണം എന്ന് പറഞ്ഞു. തത്വമസി, അഴീക്കോടിന്റെ മൊഴികള്‍ എന്ന പുസ്തകങ്ങൾ കയ്യൊപ്പോടെ സമ്മാനിച്ചു. അഴീക്കോടിന്റെ ആ ദീപ്തമായ ഓർമ്മകളില്‍ ട്രിവാൻഡ്രം ഹോട്ടലിൽ ലളിത ഭക്ഷണം കഴിക്കുന്ന വി ദത്തനെയും, ഗോപാലകൃഷ്ണൻ നായരെയും ഇത്തരുണത്തിൽ അനുസ്മരിക്കാതെ വയ്യ. വര്‍ഗീയയ്ക്കും ഫാസിസത്തിനുമെതിരെ ജനയുഗത്തിൽ പംക്തിയായും ലേഖനങ്ങളായും അഴീക്കോട് നിരന്തരം എഴുതിയിരുന്നു. ആ ധീരശബ്ദത്തിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ ഹൃദയാഞ്ജലി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.