
വല്ലാർപാടം വഴിയുള്ള കണ്ടെയ‌്നർ ചരക്കു നീക്കത്തിൽ പത്ത് വർഷത്തിനിടെ ആദ്യമായി ഇടിവുണ്ടായതായി കണക്കുകൾ. രാജ്യത്തെ ഏറ്റവും ചെലവേറിയ ടെർമിനലായി വല്ലാർപാടം മാറിയതിന്റെ പ്രത്യാഘാതമാണ് ഈ സ്ഥിതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2021–22 സാമ്പത്തിക വർഷം 7.35 ലക്ഷം കണ്ടെയ‌്നറുകളാണ് ടെർമിനൽ കൈകാര്യം ചെയ്തത്. എന്നാൽ, 2022 — 23 ൽ ഇത് 6.95 ലക്ഷമായി കുറഞ്ഞു. 10 വർഷത്തിനിടെ ആദ്യമായാണ് ഈ സ്ഥിതിയെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രധാന തുറമുഖങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 7,950 ലക്ഷം ടൺ ചരക്കാണ്. 10.4 ശതമാനമാണ് വർധന. ഇതിൽ കൊച്ചി തുറമുഖത്തിന്റെ പങ്ക് 353 ലക്ഷം ടണ്ണാണ്. കോവിഡ് കാലത്ത് യാതൊരു നിയന്ത്രണവുമില്ലാതെ കപ്പൽക്കമ്പനികൾ ഏഴിരട്ടി വരെ വർധിപ്പിച്ച കണ്ടെയ‌്നർ നിരക്കുകൾ പിന്നീട് കുറയ്ക്കാൻ കൂട്ടാക്കാതിരുന്നതും തുറമുഖത്ത് സർവീസ് നിരക്കുകളിൽ കുത്തനെയുണ്ടായ വർധനവും തുറമുഖത്തെ പിന്നോട്ടടിക്കുകയാണ്. ഇതു മൂലം, ശ്രീലങ്കൻ പ്രതിസന്ധി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ, കൊളംബോ തീരത്തേക്കടുക്കേണ്ട കപ്പലുകളെ കൊച്ചിയിലേക്കടുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
അതേസമയം, സംസ്ഥാനത്തെ വ്യവസായി സമൂഹത്തിന് കൊച്ചി തുറമുഖത്തെക്കുറിച്ച് നിരവധി പരാതികളാണുള്ളത്. മംഗലാപുരം, തൂത്തുക്കുടി, ചെന്നൈ, മുംബൈ തുടങ്ങിയ തുറമുഖങ്ങളിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ചരക്കു നീക്കത്തിനുള്ള എല്ലാ ക്ലിയറൻസും ലഭിക്കുമ്പോൾ കൊച്ചിയിൽ അതിന് ദിവസങ്ങളെടുക്കുന്നു. സകല പരിശോധനകൾക്കും ശേഷം ചരക്ക് പുറത്തെത്തിക്കാൻ വൈകുന്നത് വ്യാപാര ഇടപാടുകളെ ബാധിക്കുന്നതിനാൽ, കൊച്ചി തീരത്തേക്ക് ചരക്കെത്തിക്കാൻ പലരും മടിക്കുകയാണെന്ന് അവർ പറയുന്നു.
സംസ്ഥാനത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ഭൂരിഭാഗവും നടക്കുന്നത് കൊച്ചി തുറമുഖം വഴിയാണ്. എന്നാൽ, കണ്ടെയ‌്നർ നിരക്ക് അടക്കമുള്ള വിവിധ നിരക്കുകളും ചരക്കു നീക്കത്തിനുള്ള കാലതാമസവും മൂലം മറ്റ് തുറമുഖങ്ങളെ ആശ്രയിക്കാൻ വ്യവസായികൾ നിർബന്ധിതരാവുന്നു. കയറ്റുമതി- ഇറക്കുമതി വ്യവസായികളെ കേരള തീരത്തു നിന്ന് അകറ്റുന്ന, കൊച്ചി തുറമുഖത്തെയും പ്രത്യേകമായി വല്ലാർപാടം ടെർമിനലിലെയും പ്രശ്നങ്ങൾ പലപ്പോഴായി ഷിപ്പിങ് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം അടക്കമുള്ള സംഘടനകൾ കുറ്റപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.