22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
August 16, 2023
August 9, 2023
July 27, 2023
July 26, 2023
June 28, 2023
May 30, 2023
May 1, 2023
April 26, 2023
April 25, 2023

വന്ദേ ഭാരത് കേരളത്തിന്റെ അവകാശമാണ് ഔദാര്യമല്ല

പന്ന്യൻ രവീന്ദ്രൻ
April 18, 2023 4:45 am

ബിജെപി ഇന്ത്യൻ ഭരണം കയ്യിലാക്കിയിട്ട് ഒമ്പത് വർഷമായി. കേരളത്തെ അവർ മുഖ്യശത്രുവായിക്കണ്ടാണ് ഇതുവരെ ഭരണം നടത്തിയത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ കാണിക്കേണ്ട സാമാന്യ മര്യാദകൾ പോലും പാലിച്ചില്ല. എല്ലാതലങ്ങളിലും യഥാർത്ഥ ചിറ്റമ്മനയമാണ് അവർ സ്വീകരിച്ചുകൊണ്ടിരുന്നത്. പ്രളയവും കോവിഡും ഉൾപ്പെടെ നാടിനെയാകെ വിഷമവൃത്തത്തിലാക്കിയപ്പോൾ ന്യായമായ സഹായം പോലും നല്കാതെ കൈമലർത്തുകയായിരുന്നു മോഡിസർക്കാർ. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങൾ അവരുടെ താല്പര്യത്തിന്റെ ഉപകരണമാക്കിയ ഭരണകൂടം. മാത്രമല്ല, പ്രളയത്തിൽപ്പെട്ട നാട്ടിലെ മനുഷ്യരുടെ പുനരധിവാസത്തിന് വിദേശമലയാളികളിൽനിന്ന് പണം പിരിക്കുവാൻ മന്ത്രിമാർ വിദേശത്ത് പോകുന്നതിനെ തടഞ്ഞതും കേന്ദ്ര ഭരണകൂടം തന്നെ. ഇത്രയേറെ ദ്രോഹം സംസ്ഥാന ഭരണത്തോട് കാണിച്ചിട്ടും ഒരു വാക്ക് പോലും മിണ്ടാത്ത കേരളത്തിലെ ബിജെപി നേതാക്കൾ പാലക്കാട് മുതൽ തിരുവനന്തപുരം വരെ വന്ദേ ഭാരത് ട്രെയിനിന് മാലയിട്ടും മുദ്രാവാക്യം വിളിച്ചും പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും ആഹ്ലാദപൂർവം എതിരേറ്റത് വലിയ വാർത്തയായിരിക്കുന്നു. ഇന്നലെ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയപ്പോഴും വന്‍സ്വീകരണവും ആരവവുമായിരുന്നു ബിജെപി ഒരുക്കിയത്.
വന്ദേ ഭാരത് രാജ്യത്ത് ഓട്ടം തുടങ്ങിയിട്ട് നാലുവർഷമാവുന്നു. ഇപ്പോഴാണ് കേരളത്തിന് അനുവദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വലിയ നേട്ടമായാണ് ഇതിനെ കൊട്ടിഘോഷിക്കുന്നത്. എന്നാൽ റെയിൽവേ വികസത്തിൽ ഏറ്റവും പിറകിലാണ് കേരളമെന്ന കാര്യം അവർ മറച്ചുവയ്ക്കുകയാണ്. നമ്മുടെ വികസനത്തിനാവശ്യമായ പ്രധാനപ്പെട്ട പലതും ലഭിച്ചില്ല. പകരം വാഗ്ദാനം മാത്രം. പാലക്കാട് കോച്ച് ഫാക്ടറി തട്ടിയെടുത്തു. ചേർത്തല വാഗൺ ഫാക്ടറി വാഗ്ദാനത്തിൽ ഒതുക്കി. ഇവിടെ ഇതുവരെയും ഇരട്ടപ്പാത പൂർത്തിയായിട്ടില്ല. അതിവേഗ (ഹൈസ്പീഡ്) വണ്ടികൾ പുതിയതായി വരുമ്പോൾ ഓടിക്കാനുള്ള ട്രാക്ക് വേണം. ഇപ്പോഴും നമുക്ക് ചരക്ക് (ഗുഡ്സ്) വണ്ടികൾ ഓടിക്കാൻ പ്രത്യേക ട്രാക്കില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ചരക്ക് ഗതാഗതം വളരെ പ്രധാനമാണ്. ഇന്നത്തെ നിലയിൽ ഏത് ട്രെയിൻ വന്നാലും ട്രാക്കിലെ ട്രാഫിക് വലിയ പ്രശ്നമാണ്. ഗുഡ്സ് വാഗണ് പ്രത്യേക ട്രാക്ക് ടാർജറ്റ് ആവണം.
അതുപോലെ പ്രധാനമാണ് ഓട്ടോമാറ്റിക്ക് സിഗ്നൽ സിസ്റ്റം. പാതയുടെ ആധുനികവൽക്കരണവും ഒപ്പം നടക്കണം. ഇത്രയും അത്യാവശ്യ പ്രവർത്തനങ്ങൾ നടത്തിയാലേ ഹൈസ്പീഡ് ട്രെയിനുകളുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുകയുള്ളു. വന്ദേ ഭാരത് ട്രെയിൻ ഇപ്പോഴത്തെ നിലയിൽ തിരുവനന്തപുരം-കണ്ണൂർ ഏഴ് മണിക്കൂറെങ്കിലും എടുക്കും. ഇപ്പോൾ ഓടുന്ന ഹൈസ്പീഡ് ട്രെയിൻ ജനശതാബ്ദിയാണ്. രാവിലെ 5.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12.55 ന് കോഴിക്കോട് എത്തും. ഇന്നലത്തെ പരീക്ഷണ ഓട്ടത്തില്‍ പുതിയ വന്ദേ ഭാരത് ഏഴ് മണിക്കൂർ എടുത്താണ് കണ്ണൂർ എത്തിയത്. ഏതാണ്ട് ആറ് മണിക്കൂർ കൊണ്ട് കോഴിക്കോടും.


ഇതുകൂടി വായിക്കൂ: വന്ദേഭാരത് കേരളത്തിലെത്തുമ്പോള്‍


പക്ഷെ രണ്ടിന്റെയും നിരക്കുകള്‍ തമ്മിൽ വലിയ അന്തരം കാണും. ജനശതാബ്ദിയിൽ സാധാരണ ജനങ്ങൾക്ക് സാധാരണ തീവണ്ടികളുടെ നിരക്കിനോട് വലിയ വ്യത്യാസമില്ലാതെ തന്നെ സഞ്ചരിക്കാം. ആർസിസിയിലും ശ്രീചിത്രയിലും പോകുന്ന രോഗികൾക്ക് യാത്രാനിരക്കില്‍ ഇളവോടെയും സഞ്ചരിക്കാം. വന്ദേ ഭാരത് കൺസെഷൻ ഇല്ലാത്ത പ്രീമിയം ട്രെയിനാണ്. ഏതാണ്ട് വിമാനയാത്രയുടെ ചാർജ്. കേരളത്തിൽ ഇങ്ങനെയൊരു ട്രെയിൻ അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ മഹാമനസ്കതയെ പുകഴ്‌ത്തുന്നവരോട് ഒരു കാര്യം മാത്രം പറയാം, ഇത് നമ്മുടെ അവകാശമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയിൽ നിരവധി ട്രെയിനുകൾ അനുവദിക്കുമ്പോൾ കേരളത്തിനും ന്യായമായ വിഹിതം വേണമല്ലോ. ഇത് സംസ്ഥാനമെന്ന നിലയില്‍ അവകാശമാണ്, മോഡിയുടെയൊ ബിജെപിയുടെയൊ ഔദാര്യമല്ല. കൂടാതെ അതിവേഗ തീവണ്ടികള്‍ യാത്രയ്ക്ക് വേണമെന്നാഗ്രഹിക്കുന്ന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നടത്തുക എന്നത് ഏത് സര്‍ക്കാരിന്റെയും ബാധ്യതയാണ്, അല്ലാതെ ഔദാര്യമല്ല.
ഇന്ത്യൻ റെയിൽവേയിൽ ഏറ്റവും അധികം യാത്രക്കാർ സഞ്ചരിക്കുന്ന സംസ്ഥാനമാണ് കേരളം. ദൂരത്തിന്റെ കണക്കിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സംസ്ഥാനം. എന്നാൽ കേരളത്തിന്റെ വരുമാനം സതേൺ റെയിൽവേയുടെ അക്കൗണ്ടിലാണ്. സതേൺ റെയിൽവേയിലെ രണ്ട് ഡിവിഷൻ മാത്രമാണ് കേരളത്തിലുള്ളത്, തിരുവനന്തപുരവും പാലക്കാടും. 2008ൽ സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പാലക്കാട് ഡിവിഷനിലെ 68ശതമാനം ഭാഗം അവർ കവർന്നെടുത്തു. അതിൽ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എംപിമാർ പാർലമെന്റ് സ്തംഭിപ്പിച്ചു. കേരളത്തിന് ഒരു റെയിൽവേ സോൺ വേണമെന്നായിരുന്നു ആവശ്യം. കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ ധാരണയിൽ കോച്ച് ഫാക്ടറിയും വാഗൺഫാക്ടറിയും അതോടൊപ്പം മംഗലാപുരം മുതൽ കന്യാകുമാരിവരെ ചേർന്ന് ഒരു സോൺ എന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
റെയിൽവേയുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ നീതിപൂർവമായ അവകാശങ്ങൾ കണ്ടില്ലെന്ന് നടിച്ച് പൊടിക്കൈ കാട്ടുന്നതുപോലെ വന്ദേ ഭാരത് ട്രെയിൻ കൊണ്ട് കേരളം രക്ഷപ്പെട്ടു എന്ന ഭാവത്തിലുള്ള ബിജെപി ആഘോഷങ്ങളും പ്രചരണങ്ങളും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സൂത്രപ്പണിയാണ്. ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്ന കേന്ദ്ര ഭരണാധികാരികളെ വെള്ളപൂശിക്കാണിച്ച് രക്ഷപ്പെടാനുള്ള തറവേലയാണിതെന്ന് ജനങ്ങൾ തിരിച്ചറിയും. വന്ദേ ഭാരത് ബിജെപിയുടെയോ മോഡിയുടെയോ ഔദാര്യമല്ല. കേരളത്തിന്റെ അർഹമായ അവകാശത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. ബിജെപി സര്‍ക്കാരിന്റെ നേട്ടമായി ഇതിനെ ഉയർത്തിക്കാണിച്ച് ജനവിരുദ്ധ കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശി വോട്ട് തട്ടാനുള്ള കളിയായാണ് വന്ദേ ഭാരത് സ്വീകരണത്തെ ജനങ്ങൾ കാണുന്നത്. അറിവും അനുഭവജ്ഞാനവുമുള്ള കേരളത്തിലെ ജനങ്ങൾ ബിജെപിയുടെ ഈ തട്ടിപ്പ് തിരിച്ചറിയും, സംശയം വേണ്ട.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.