22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
October 26, 2024
December 15, 2023
September 26, 2023
September 22, 2023
September 20, 2023
September 12, 2023
August 24, 2023
July 28, 2023
July 17, 2023

’55 മിനിട്ട് ലാഭത്തിന് 1200 രൂപ അധികം’; വന്ദേ ഭാരത് സീറ്റ് ബുക്കിങ് തുടങ്ങി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
April 23, 2023 10:02 pm

രാജധാനി എക്സ്പ്രസിനെക്കാള്‍ 55 മിനിട്ട് വേഗത്തില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കേണ്ടിവരുന്നത് 1200 രൂപയിലധികം. കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ സ്റ്റേഷനുകളിലേക്കും വലിയ വ്യത്യാസമാണ് വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്കിലുള്ളത്. കാസര്‍കോട്ടേക്ക് വന്ദേ ഭാരത് എക്സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2880 രൂപയാണ് ഈടാക്കുക. എസി ചെയര്‍ കാറില്‍ 1590 രൂപയാണ് നിരക്ക്. കാസര്‍കോട്ടേക്കുള്ള യാത്രയ്ക്ക് രാജധാനി എക്സ്പ്രസിന്റെ തേര്‍ഡ് എസി സ്ലീപ്പര്‍ കോച്ചില്‍ 1670 രൂപ മാത്രമാണ് നല്‍കേണ്ടത്. സെക്കന്‍ഡ് എസിയില്‍ 2265 രൂപയും, ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ 2770 രൂപയുമാണ് നിരക്ക്.

കണ്ണൂരിലേക്ക് എക്സിക്യൂട്ടീവ് കോച്ചില്‍ 2415 രൂപയും ചെയര്‍ കാറില്‍ 1260 രൂപയുമാണ് വന്ദേ ഭാരതില്‍ നല്‍കേണ്ടത്. രാജധാനിയില്‍ മൂന്നാം ക്ലാസ് എസിയില്‍ 1460 രൂപയും. രണ്ടാം ക്ലാസ് എസിയില്‍ 1970, ഒന്നാം ക്ലാസ് എസിയില്‍ 2440 എന്നിങ്ങനെയാണ് നിരക്ക്. ഒരു മണിക്കൂര്‍ 10 മിനിട്ട് വ്യത്യാസമാണ് ഇരു ട്രെയിനുകളും തമ്മിലുള്ളത്.
ഒരു മണിക്കൂര്‍ ലാഭം നേടാനായി കോഴിക്കോട്ടേക്കും നല്‍കേണ്ടിവരുന്നത് ഇരട്ടിയോളം തുകയാണ്. എക്സിക്യൂട്ടീവ് കോച്ചില്‍ 2060 രൂപയും ചെയര്‍ കാറില്‍ 1090 രൂപയും വന്ദേ ഭാരത് ഈടാക്കുമ്പോള്‍, രാജധാനിയിലെ സ്ലീപ്പര്‍ മൂന്നാം ക്ലാസ് എസി മുതല്‍ ഫസ്റ്റ് ക്ലാസ് എസി വരെയുള്ള കോച്ചുകളില്‍ യഥാക്രമം 1295, 2135, 1720 രൂപയാണ് നല്‍കേണ്ടത്.

ജനശതാബ്ദി ഉള്‍പ്പെടെയുള്ള മറ്റ് ട്രെയിനുകള്‍ക്ക് വന്ദേ ഭാരത് എക്സ്പ്രസിനെക്കാള്‍ കൂടുതല്‍ സ്റ്റോപ്പുകളുമുണ്ട്.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് 26നും കാസര്‍കോട്ടേക്ക് 28നുമാണ് വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നത്. സീറ്റ് റിസര്‍വേഷന്‍ ഇന്നലെ രാവിലെയാണ് തുടങ്ങിയത്. മേയ് ഒന്ന് വരെയുള്ള എക്സിക്യൂട്ടീവ് ചെയര്‍ കാറിലെ സീറ്റുകളെല്ലാം ഇന്നലെ ഉച്ചയോടെതന്നെ ബുക്കിങ് ആയിക്കഴിഞ്ഞു. എന്നാല്‍ വന്ദേ ഭാരത് തീവണ്ടിയുടെ ആദ്യയാത്രകളില്‍ പങ്കാളിയാകാമെന്ന കൗതുകമുള്‍പ്പെടെ ഈ തിരക്കിന് കാരണമായിട്ടുണ്ടെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

ഒരു മാസത്തോളം ഈ രീതിയില്‍ വന്ദേ ഭാരതിന്റെ സീറ്റ് റിസര്‍വേഷന് വലിയ തിരക്കുണ്ടാകുന്നത് സ്വാഭാവികമാണെന്നും യഥാര്‍ത്ഥ യാത്രക്കാരുടെ എണ്ണം അതിനുശേഷം മാത്രമെ കണക്കാക്കാന്‍ സാധിക്കൂവെന്നുമാണ് അധികൃതരുടെ അഭിപ്രായം. എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എല്ലാ ദിവസവും രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്നവര്‍ക്ക്, വന്ദേ ഭാരതിന്റെ അധിക നിരക്കിലൂടെയുണ്ടാകുന്ന അധികച്ചെലവ് ബാധിക്കുമോയെന്ന ആശങ്ക സ്ഥിരം യാത്രക്കാര്‍ക്കുണ്ട്.

വന്ദേ ഭാരത് നിരക്കുകള്‍

തിരുവനന്തപുരത്ത് നിന്ന് (ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ചെയര്‍കാര്‍)
കൊല്ലം-435, 820, കോട്ടയം-555‑1075, എറണാകുളം-765, 1420, തൃശൂര്‍-880, 1650, ഷൊര്‍ണൂര്‍-950, 1775, കോഴിക്കോട്-1090, 2060, കണ്ണൂര്‍-1260, 2415, കാസര്‍കോട്-1590, 2880.
കാസര്‍കോട് നിന്ന്
കണ്ണൂര്‍-445, 840, കോഴിക്കോട്-625, 1195, ഷൊര്‍ണൂര്‍-775, 1510, തൃശൂര്‍-825, 1600, എറണാകുളം-940, 1835, കോട്ടയം-1250, 2270, കൊല്ലം-1435, 2645, തിരുവനന്തപുരം-1520, 2815.

Eng­lish Summary:Vande Bharat seat book­ing has started
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.