മൂന്നു വര്‍ഷത്തിനിടെ വന്ദേഭാരത് ട്രെയിനിന്റെ ശരാശരി വേഗതയില്‍ കുത്തനെയിടിവ്. 2020–21ല്‍ മണിക്കൂറില്‍ 84.48 കിലോമീറ്ററായിരുന്നു വന്ദേഭാരതിന്റെ ശരാശരി വേഗത. 2023–24ല്‍ ഇത് 76.25 കിലോമീറ്റര്‍ ആയി കുറഞ്ഞു. വിവരാവകാശ അപേക്ഷയുടെ മറുപടിയായി റെയില്‍വെ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വലിയ രീതിയില്‍ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വന്ദേഭാരത് മാത്രമല്ല നിരവധി ട്രെയിനുകളുടെ വേഗത കുറച്ചിരിക്കുകയാണെന്നും മറുപടിയില്‍ റെയില്‍വേ പറയുന്നു. ഭൂമി ശാസ്ത്രപരമായ കാരണങ്ങള്‍, മോശം കാലാവസ്ഥ എന്നിവ മൂലവും വിവിധയിടങ്ങളില്‍ വന്ദേഭാരതിന് വേഗത കുറയ്ക്കേണ്ടതായി വന്നുവെന്ന് റെയില്‍വെ മന്ത്രാലയം പറഞ്ഞു.
മുംബൈ സിഎസ്എംടിയ്ക്കും മഡ്ഗാവിനും ഇടയിലുള്ള വന്ദേഭാരത് ട്രെയിന്റെ വേഗത ഇതിന് ഉദാഹരണമാണ്. ഉയരം കൂടിയ പ്രദേശങ്ങളായതുകൊണ്ടുതന്നെ വേഗത വര്‍ധിപ്പിക്കുന്നത് സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നും സെന്‍ട്രല്‍ റെയില്‍വെ സോണിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മഴക്കാലമാകുന്നതോടെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പരമാവധി മണിക്കൂറില്‍ 75 കിലോമീറ്റര്‍ മാത്രമാണ് ഇവിടങ്ങളില്‍ വന്ദേഭാരതിന്റെ വേഗതയെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര ശേഖര്‍ ഗൗഡാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ നല്‍കിയത്. 2019 ഫെബ്രുവരി 15 നാണ് വന്ദേഭാരത് ട്രെയിന്‍ ആദ്യമായി അവതരിപ്പിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്ററായിരുന്നു പരമാവധി വേഗത. എന്നാല്‍ ഈ വേഗതയ്ക്ക് റെയില്‍വെ ട്രാക്കുകള്‍ അനുകൂലമല്ലാത്തതിനാല്‍ ഡല്‍ഹി-ആഗ്ര റൂട്ടിലല്ലാതെ മറ്റൊരിടത്തും മണിക്കൂറില്‍ 130 കിലോമീറ്ററില്‍ അധികം വേഗത അനുവദിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ ഗതിമാന്‍ എക്സ്പ്രസ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നതിനായി 2016 ലാണ് ഡല്‍ഹി-ആഗ്ര റൂട്ട് നവീകരിച്ചത്. ഇവിടെ മാത്രമാണ് വന്ദേഭാരതിന് പരമാവധി വേഗതയില്‍ സഞ്ചരിക്കാനാകുകയെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശരാശരിയേക്കാള്‍ കുറഞ്ഞ വേഗതയിലാണ് പല റൂട്ടുകളിലും വന്ദേഭാരത് സഞ്ചരിക്കുന്നത്. ഡെറാഡൂണ്‍-ആനന്ദ് വിഹാര്‍ (63.42കിലോമീറ്റര്‍), പട്ന‑റാഞ്ചി (62.9 കിലോമീറ്റര്‍), കോയമ്പത്തൂര്‍-ബംഗളൂര്‍ (58.11 കിലോമീറ്റര്‍) എന്നിങ്ങനെയാണ് വേഗത.
English Summary:Vandebharat slows down; Only 76.25 km per hour
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.