
വിപ്ലവ ഗായിക പി കെ മേദിനിക്ക് സംസ്ഥാന വനിതാരത്ന പുരസ്‌കാരം. സാമൂഹ്യ സേവന വിഭാഗത്തില്‍ കോഴിക്കോട് കല്ലായി സുജാലയം ടി ദേവി, കായിക രംഗത്ത് ആലപ്പുഴ ചേര്‍ത്തല വാരനാട് തെക്കേവെളിയില്‍ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ വയനാട് മുട്ടില്‍ നോര്‍ത്ത് തേനാട്ടി കല്ലിങ്ങല്‍ ഷെറിന്‍ ഷഹാന, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ വയനാട് മാടക്കര കേദാരം വിനയ എ എൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയായി തിരുവനന്തപുരം ജഗതി സിഎസ് റോഡ്, സീമെക്‌സ് സെന്റര്‍ ഡോ. നന്ദിനി കെ കുമാര്‍ എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. നാളെ വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
സ്വാതന്ത്ര്യ സമര സേനാനി, സംഗീതജ്ഞ, സ്റ്റേജ് ആര്‍ട്ടിസ്റ്റ്, ചരിത്രപരമായ പുന്നപ്ര‑വയലാര്‍ പ്രക്ഷോഭത്തിലെ പങ്കാളി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയാണ് പി കെ മേദിനി. 1940കളില്‍ രാഷ്ട്രീയ യോഗങ്ങളില്‍ പാടാന്‍ തുടങ്ങി. കെടാമംഗലത്തിന്റെ കൂടെ ഇരുനൂറോളം സ്റ്റേജുകളില്‍ ‘സന്ദേശം’ എന്ന നാടകം അവതരിപ്പിച്ചു. പി ജെ ആന്റണിയുടെ കൂടെ ‘ഇങ്ക്വിലാബിന്റെ മക്കള്‍’ എന്ന നാടകത്തിലെ റോസിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച് പാടി അഭിനയിച്ച ”കത്തുന്ന വേനലിലൂടെ.…” എന്ന ഗാനത്തിലൂടെ എണ്‍പതാം വയസില്‍ ഒരു ചലച്ചിത്രത്തില്‍ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആദ്യ വനിതയായി പി കെ മേദിനി മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.