17 November 2024, Sunday
KSFE Galaxy Chits Banner 2

സുഗന്ധം പേറുന്ന ഓര്‍മ്മകളുടെ തുരുത്തുകള്‍

പ്രിൻസ് പാങ്ങാടൻ
വായന
April 7, 2024 2:12 am

ജീവിതത്തിൽ നാളിതുവരെ നടത്തിയ ‘ഗന്ധിക്ക’ലുകളുടെ ഓർമ്മകൾ ആത്മകഥാപരമായി രേഖപ്പെടുത്തുകയാണ് ജി ആർ ഇന്ദുഗോപന്റെ ആത്മസുഗന്ധിയായ അനുഭവ പുസ്തം വാസന. ഇന്ദുഗോപന്റെ ‘പഞ്ചഭൂത പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് വാസന. ആദ്യ പുസ്തകം വാട്ടർബോഡി എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. മറ്റു പുസ്തകങ്ങൾ പോലെ തന്നെ ഭാഷയുടെ ഒഴുക്ക് കൊണ്ടും പറച്ചിലിന്റെ രീതി കൊണ്ടും വാസനയെ മണത്തറിയാൻ ഇന്ദുഗോപനൊപ്പം വായനക്കാരനും കഴിയുന്നുണ്ട്. കാവിലെ ഓടൽവള്ളി ചതഞ്ഞ മണമാണ് എഴുത്തുകാരന്റെ ഓർമ്മയിൽ ആദ്യം എത്തുന്നത്. അമ്മൂമ്മക്കൊപ്പമുള്ള ജീവിതവുമായി ചേർന്നാണ് ആ വാസന. മലയാളിയുടെ എക്കാലത്തേയും ഗൃഹാതുര ഓർമ്മയാണ് കുട്ടിക്യൂറ പൗഡർ. ആ വാസനയാണ് പിന്നെ വരുന്നത്. കള്ളിന്റെ മണവും ബീഡി മണവും വായനക്കാരന് ചുറ്റും തളംകെട്ടും. ഗർഭാവസ്ഥയിൽ നിന്നുള്ള ഓർമ്മകൾ നമ്മളെ അമ്മയുടെ ഗർഭപാത്രത്തിലേക്ക് തിരികെ കൊണ്ടുപോകും. ഗർഭജലത്തിന്റെ മണം മക്കളുള്ള ആരെയും അവർ പിറന്ന ദിവസത്തെ ഓർമ്മകളിലേക്ക് പിൻവിളി വിളിക്കും. ഗർഭപാത്രത്തിലെ വെള്ളത്തിൽ മുങ്ങിക്കിടന്ന് ജീവിതത്തിലേക്ക് വന്നവർ വെള്ളത്തിൽ മുങ്ങിയാൽ മരിക്കുന്നവരായി മാറുന്നുവെന്ന് ഇന്ദുഗോപൻ നിരീക്ഷിക്കുന്നു. പിറവിയോടെ നമ്മൾ ജലജീവികൾ അല്ലാതെയാകുന്നു എന്നത്, പരിണാമത്തോടെ അതുവരെ ഉണ്ടായിരുന്ന ചിലതൊക്കെ മനുഷ്യന് ഇല്ലാതാകുന്നു എന്നും വായിക്കാം.

പലക, ഓട്, അടുപ്പിലെ വിറക്, ചെറ്റക്കുടിൽ, സിമന്റ് തറ, മൺതറ, ചാണകം വിരിച്ച തറ… ഇവയുടെ ഒക്കെ മണം ഇന്ദുഗോപൻ അനുഭവിക്കുമ്പോൾ അത് ഒരു കാലത്തെ കേരളത്തിന്റെ തന്നെ ഗന്ധമാകുകയാണ്. അമർച്ചിത്ര കഥയുടെ മണം മനസിൽ തങ്ങി നിൽക്കാത്തവരുണ്ടോ. ഇന്ദുഗോപന്റെ എഴുത്തുകൾക്ക് പൊതുവേ ഒരു ചരിത്ര രചനയുടെ സ്വഭാവം കൂടിയുണ്ട്. അത് എഴുത്തിലെ ഒരു കൗശലമാണ്. പക്ഷേ എപ്പോൾ വേണമെങ്കിലും പാളിപ്പോകാവുന്ന ഒന്ന്. പക്ഷേ പതിവുപോലെ ഇന്ദുഗോപൻ അത് വളരെ കയ്യടക്കത്തോടെ തന്നെ വാസനയിലും പ്രയോഗിച്ചിരിക്കുന്നു. കശുവണ്ടി ആപ്പീസിന്റെ മണം ഇല്ലാതെ കൊല്ലംകാരന് പിന്നെന്ത് ഗന്ധ ഓർമ്മ. അത് പറങ്കിമാവിന്റെ പൂ മണത്തിൽ തുടങ്ങി തോട്ടണ്ടി കത്തിക്കുമ്പോഴുള്ള രൂക്ഷ ഗന്ധത്തിൽ വരെ എത്തുന്നു. തിരുവനന്തപുരത്തെ വീട്ടിൽ പറങ്കിമാവ് നട്ടുവളർത്തുമ്പോൾ ഇന്ദുഗോപൻ അത്രമേൽ ഗ്യഹാതുരനാകുന്നു. ആ പറങ്കിമാങ്ങകൾ തന്റെ കുട്ടികൾ കഴിക്കാറില്ലെന്നും അതിന്റെ മണം അവരുടെ ഓർമ്മയിൽ ഇല്ലെന്നും പറയുമ്പോൾ തലമുറകൾ തമ്മിലുള്ള അന്തരം കൂടി ഇന്ദുഗോപൻ പറഞ്ഞു വെക്കുന്നൂ. കാലത്തിന് അനുസരിച്ച് മനുഷ്യന്റെ ഗന്ധത്തോടുള്ള ആഭിമുഖ്യത്തിനും അതു വഴി രുചിക്കും മാറ്റം വരുന്നുവെന്ന് ഇന്ദുഗോപൻ നിരീക്ഷിക്കുന്നു.
കൊല്ലത്തിന്റെ സാമ്പത്തികാവസ്ഥയിൽ കശുവണ്ടിയാപ്പീസുകൾ എത്ര വലിയ പങ്കാണ് വഹിച്ചിരുന്നത് എന്ന് ഗന്ധങ്ങളെ മുൻനിർത്തി പുസ്തകം പറയുന്നു. അണ്ടിയാപ്പീസിൽ പണിയുള്ള പെണ്ണിനെ കെട്ടിയാൽ കുടുംബം പട്ടിണിയാകില്ലെന്ന് അന്നത്തെ മുതിർന്നവർ നിരീക്ഷിക്കുമ്പോൾ അത് ഒരുകാലത്തെ കൊല്ലത്തിന്റെ സാമൂഹിക ജീവിതത്തിന്റെ രേഖപ്പെടുത്തൽക്കൂടിയാകുന്നു. വേലിപ്പത്തലിന്റെയും ഇഞ്ചിപ്പുല്ലിന്റെയും മണംകൊണ്ടു പോലും ഒരു കാലത്തെ കൊല്ലത്തിന്റെ നാട്ടിൻപുറ ജീവിതത്തെയും അടയാളപ്പെടുത്തുകയാണ് ഇന്ദുഗോപൻ. വേലിപ്പത്തലുകൾ മാറി മതിലുകൾ വന്നതോടെ കാർത്തികയ്ക്ക് അരിയോര വിളക്കുകൾ ഇല്ലാതെയായി. പകരം മെഴുകുതിരികൾ മതിലിനു മുകളിൽ സ്ഥാനം പിടിച്ചു.

പോകുന്നിടത്തെല്ലാം തന്നെ പിന്തുടർന്ന പാലപ്പൂ മണത്തിനൊപ്പം ഓരോ നാടിനെയും കൂടി അടയാളപ്പെടുത്തുകയാണ് ഇന്ദുഗോപൻ. മലപ്പുറം കോട്ടക്കുന്നിലെ പാലമരങ്ങളും തിരുവനന്തപുരത്തെ ആമയിഴഞ്ചാൻതോടും മോഡൽ സ്കൂൾ ജങ്ഷനിലെയും കോട്ടയത്തെയും പാലമരവും അമരത്വം പ്രാപിക്കുന്നത് ഇന്ദുഗോപൻ അനുഭവിച്ച അവയുടെ ഗന്ധം കൊണ്ടാണ്. കൊല്ലം എസ് എൻ കോളേജിൽ പഠിക്കുമ്പോൾ കണ്ട സർക്കസ് തമ്പിലെ ചൂരിനൊപ്പം അവിടെക്കണ്ട കരിമ്പുലിയെപ്പറ്റിയും ഇന്ദുഗോപൻ പറയുന്നുണ്ട്. ആ കരിമ്പുലി പോയ ഇടങ്ങളിലെ എന്തെല്ലാം വാസനകൾ അറിഞ്ഞിട്ടുണ്ടാകും. കൊല്ലത്തെ വിറപ്പിച്ച പതിനെട്ടരക്കമ്പനി മണമോ ഗുണമോ ഇല്ലാത്ത വരായി മാറിയതെങ്ങനെയെന്ന് എഴുത്തുകാരൻ വിശദീകരിക്കുമ്പോൾ അത് കൊല്ലത്തിന്റെ ഒരു കാലത്തെ ചരിത്രത്തിന്റെ വാസന കൂടിയാകുന്നു. വലിയൊരു മേശയ്ക്ക് ചുറ്റുമിരുന്ന് മതത്തെയും രാഷ്ട്രീയത്തെയും നിറഞ്ഞ ചിരിയോടെയും സഹിഷ്ണുതയോടെയും കളിയാക്കിയിരുന്നതിനെ മൂക്കിപ്പൊടിയും സിഗരറ്റും പെട്രോളും കൂടിക്കുഴഞ്ഞ ഗന്ധത്തോടാണ് ഇന്ദുഗോപൻ ഉപമിക്കുന്നത്. എന്നാൽ അതൊരിക്കലും ആരെയെങ്കിലും കൊണ്ട് തുമ്മിക്കുകയോ ചുമപ്പിക്കുകയോ തീ പിടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴാണെങ്കിൽ ഇങ്ങനെയൊക്കെ തുറന്ന കളിയാക്കലുകൾക്ക് സാധിക്കുമോ എന്ന് വായനക്കാരൻ ആലോചിക്കട്ടെ. കള്ളൻ മണിയൻ പിള്ളയും അയാളെ ഇടിച്ചുപിഴിഞ്ഞെടുത്തിട്ടുള്ള റിട്ട. ജയിൽ സൂപ്രണ്ടും ഒരേ ആശുപത്രിയുടെ മണം ശ്വസിച്ച് നിൽക്കുന്നുണ്ട് പുസ്തകത്തിൽ. തസ്കരനിലെ മണിയൻ പിള്ള പെട്ടെന്നൊരു നിമിഷത്തിൽ വാസനയിലേക്കും ഇന്ദുഗോപന്റെ കൈ പിടിച്ച് കയറി വരുന്നുണ്ട്. എന്നിട്ട് ഗന്ധത്തെപ്പറ്റി അയാൾ തത്വജ്ഞാനിയാവുകയും മറയുകയും ചെയ്യുന്നു.

ഭൂമിയുടെ ഏറ്റവും വലിയ മണം ഉപ്പു മണമാണ്. ആ ഉപ്പുമണത്തിനൊപ്പം മുങ്ങിപ്പോയതും പിന്നീട് ആ ഉപ്പു മണത്തെ തേടിപ്പോയതും, വാസന തേടിപ്പോകാനുള്ള ഇന്ദുഗോപന്റെ വാസനയാണ്. സമയം എങ്ങനെയാണ് ഗന്ധം ഉത്പാദിപ്പിക്കുന്നത് എന്ന് എഴുത്തുകാരൻ വിശദീകരിക്കുന്നുണ്ട്. അത് സയന്റിഫിക്കാണ്. സമയത്തിന്റെ സമ്മർദ്ദം ചില ഗ്രന്ഥങ്ങളെ ഉണർത്തും. അത് നമ്മുടെ ഗന്ധത്തിൽ മാറ്റം വരുത്തും. അങ്ങനെ സമയത്തിന് വിലയ്ക്കൊപ്പം വാസനയും കൈവരുന്നു. മനുഷ്യന് അവൻ ജീവിക്കുന്ന ഇടം ഏറെ പ്രധാനപ്പെട്ടതാണ്. അത് പല കാരണങ്ങൾക്കൊണ്ടാണ്. പല വാസനകൾക്കൊണ്ടെന്നും പറയാം. അത്തരം ചില വാസനകളുടെ പകർത്തിയെഴുത്തും ഇന്ദുഗോപൻ നടത്തുന്നുണ്ട്. വർക്കലയും ശിവഗിരിക്കുന്നും ഗുരുവിന്റെ ആത്മീയ വാസന പകരും. പോർച്ചുഗീസ് പള്ളിയോട് ചേർന്നുള്ള ശ്മശാനത്തിൽ നിന്ന് തലയോട്ടികളും നാണയങ്ങളുമായി സഹപാഠിയെത്തുമ്പോൾ അവിടെ ചരിത്രത്തിന്റെ വാസന പടരുന്നു. അതിനൊപ്പം കൊല്ലത്തിന്റെ സാമൂഹിക സാംസ്ക്കാരിക വാസനകളെ പല വിധത്തിൽ ഇന്ദുഗോപൻ അടയാളപ്പെടുത്തുന്നുണ്ട്. രാത്രിക്കും പകലിനും ഒരേ മണമല്ലെന്ന് അനുഭവങ്ങൾ മുൻ നിർത്തി എഴുത്തുകാരൻ പറയുന്നു. ചിറയിൻകീഴിനും കടയ്ക്കകടയ്ക്കാവൂരിനും ഉണ്ടായിരുന്ന മണം നഷ്ടമായത് ഒരു തൊഴിൽ തന്നെ ഇല്ലാതായതാണെന്ന നിരീക്ഷണവും പുസ്തകം പങ്കുവയ്ക്കുന്നു. പ്രസിൽ നിന്ന് പത്രം പുറത്തേക്ക് വരുന്നതിന്റെ മണം വാസനയുടെ ആദ്യ അധ്യായങ്ങളിൽ ഇന്ദുഗോപൻ വിശദീകരിക്കുന്നുണ്ട്. അവിടെ ആ പത്രങ്ങൾക്ക് അച്ചടി മഷിയുടെ പുതുമ വിട്ടു മാറാത്ത മണമാണ്. പുസ്തകത്തിന്റെ അവസാനവും ഒരു പത്രം, പ്രസിൽ നിന്ന് അപ്പോൾ പുറത്ത് വന്നത് ഇന്ദുഗോപൻ കയ്യിലെടുത്ത് നോക്കുന്നുണ്ട്. അതിന് പക്ഷേ സഹപ്രവർത്തകനായിരുന്ന, അൽപ നിമിഷം മുൻപ് വരെ തന്നോട് സംസാരിച്ച് പോയ ഒരാളുടെ മരണത്തിന്റെ വാസനയായിരുന്നു. ഇന്ദുഗോപന്റെ വാസന ഓർമകളുടെ ഗന്ധം കൊണ്ട് വായിക്കേണ്ട പുസ്തകമാണ്.

വാസന
(ആത്മകഥ)
ജി ആര്‍ ഇന്ദുഗോപന്‍
സൈന്ധവ ബുക്സ്
വില: 210 രൂപ

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.