22 January 2026, Thursday

കെ കെ പൈങ്കിമാസ്റ്റർ; വിപ്ലവവീര്യത്തിന്റെ കെടാത്ത ജ്വാല

കെ ആർ സുകുമാരൻ
March 30, 2025 6:52 pm

കേരളത്തിന്റെ സമര ചരിത്രത്തിലെ അവിസ്മരണീയമായ സ്ഥലങ്ങളാണ് പരിയാരം, കുട്ടൻകുളം, പാലിയം എന്നിവ. തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള പരിയാരം കർഷകർ നടത്തിയ സമരത്തിന്റെ നേതൃത്വം വഹിച്ചിരുന്ന സഖാവാണ് കെ കെ പൈങ്കിമാസ്റ്റർ. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, വകകുട്ടംകുളം നടവഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിന്റെയും എറണാകുളം ജില്ലയിൽപെട്ട പാലിയം സമരത്തിന്റെയും നടുനായകത്വം വഹിച്ചവരിൽ പ്രധാനപ്പെട്ട ഒരാളുമാണ് പൈങ്കി മാസ്റ്റർ. ക്രിസ്തു മുതൽ ഗുരുദേവൻ വരെയുള്ള മനീഷികളെ ഹിന്ദുത്വ മാഫിയകളുടെ തടവുകാരനാകുന്ന പ്രവണതകളെ ചോദ്യം ചെയ്യുന്ന സംസ്കാരമാണ് കെ കെ പൈങ്കിമാസ്റ്റർ മലയാളികളെ പഠിപ്പിച്ചത്. പൈങ്കിമാസ്റ്റരുടെ ജന്മദേശമായ കുറ്റിച്ചിറയിൽ ഏപ്രിൽ 27ന് ജന്മശതാബ്ദി സംഗമം നടക്കുകയാണ്. ജാതി വിവേചനത്തിന്റെ പൊള്ളത്തരങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സ്വാതന്ത്ര്യ സമരസേനാനി കെ കെ പൈങ്കി മാസ്റ്റർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് കയ്യും കണക്കുമില്ല. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി, കണ്ഠൻകുമാരൻ, പൊയ്കയിൽ അപ്പച്ചൻ, ശുഭാനന്ദ ഗുരുദേവൻ, വാഗ്ഭടാനന്ദൻ, വൈകുണ്ഠസ്വാമി, ആനന്ദ തീർത്ഥൻ, ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചൻ തുടങ്ങിയ മഹാത്മാക്കളുടെ പട്ടികയിൽനിന്ന് കൊട്ടാരം എഴുത്തുകാരുടെ പിൻഗാമികളായ സവർണ ഫാസിസ്റ്റുകൾ ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും നായകസ്ഥാനത്തു വന്ന കെ കെ പൈങ്കിമസ്റ്റർ എന്ന കമ്മ്യൂണിസ്റ്റുകാരനെ തഴയുകയായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ അലയടികൾ ജനങ്ങളിൽ മാറ്റത്തിന്റെ വിത്തുകൾ വിതച്ചുകൊണ്ടിരിക്കുന്ന കാലം. അതിന്റെ ഭാഗമായി പരിയാരത്തിന്റെ സാമൂഹ്യജീവിതങ്ങളിലും മാറ്റം പ്രകടമായി തുടങ്ങി. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം ചെറുപ്പക്കാർ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് ജന്മിത്വ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ടിരുന്നു. ജാതി മത വർഗീയ വിഘടനശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മാറുകയായിരുന്നു. 1939‑ൽ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ലീഗ് ചാലക്കുടിയുടെയും സമീപ പ്രദേശങ്ങളുടെയും ചരിത്രഗതിയെ തന്നെ മാറ്റി മറിച്ചു. 1944‑ൽ പരിയാരത്തു നടന്ന സി അച്യുതമേനോൻ അധ്യക്ഷനായ കർഷക സംഘത്തിന്റെ സമ്മേളനം എകെജിയാണ് ഉദ്ഘാടനം ചെയ്തത്. 

മാർക്സ്, ഏംഗൽസ്, ലെനിൻ എന്നീ മഹാത്മാക്കളുടെ കൃതികളിൽ നിന്നും ബോൾഷേവിക് റഷ്യൻ കർഷക സമരപ്രവർത്തനങ്ങളിൽ നിന്നും ആവേശം ഉൾക്കൊണ്ട് കൊൽക്കത്ത, മുംബൈ, ലാഹോർ എന്നിവിടങ്ങളിൽ രഹസ്യമായി കമ്മ്യൂണിസ്റ്റുകാർ നിരവധി ഗ്രൂപ്പുകളായി പ്രവർത്തിച്ചിരുന്നു. എന്നാൽ ആർക്കും സ്വാതന്ത്ര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് മലയാളികളായവർ കോൺഗ്രസിനുള്ളിൽ നിന്നുകൊണ്ടാണ് പ്രവർത്തിച്ചിരുന്നത്. അങ്ങനെ പി കൃഷ്ണപിള്ള, എകെജി, സി അച്യുതമേനോൻ ഇഎംഎസ് നമ്പൂതിരിപ്പാട്, പി കെ ചാത്തന്മാസ്റ്റർ, ഗോപാലകൃഷ്ണമേനോൻ, കെ കെ പൈങ്കി മാസ്റ്റർ, കെ സി കുറുമ്പ തുടങ്ങിയവർ കർഷക സംഘവും വിദ്യാർത്ഥി ഫെഡറേഷനുമെല്ലാം രൂപീകരിച്ചുകൊണ്ട് തൊഴിലാളികളുടെയും മറ്റും അവകാശങ്ങൾ നേടിയെടുക്കാൻ സമരമുഖങ്ങളില്‍ ജ്വലിച്ചു നിന്നിരുന്നു. ചരിത്രം പറയാത്ത നിരവധി സമര മുന്നേറ്റങ്ങളാണ് നാടുനീളെ അരങ്ങേറിയത്. മലയാളമണ്ണിന്റെ മുക്കിലും മൂലയിലും ജാതി ജന്മി നാടുവാഴി വ്യവസ്ഥയുടെ ക്രൂരമായ ചൂഷണങ്ങളും മർദനങ്ങളും കർഷകർക്ക് ഏൽക്കേണ്ടി വന്ന ചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ല. എന്നാൽ കോടശേരിയിലെ മേട്ടിപ്പാടത്ത് കുടിയൊഴിപ്പിക്കലിനെതിരെ നടന്നിരുന്ന കാർഷിക പ്രക്ഷോഭം കേരളം കണ്ടതിൽ വച്ച് ഏറ്റവും ഭയാനകവും ക്രൂരവുമായിരുന്നു. കാട് വെട്ടി തെളിയിച്ച് കൃഷി ഭൂമിയാക്കിയ എത്രയെത്ര ആദിവാസി ദളിത പിന്നാക്കവിഭാക്കാരുടെ സ്ഥലങ്ങളാണ് പൊലീസിന്റെ സഹായത്തോടെ സവർണർ പിടിച്ചെടുത്തത്. അങ്ങനെ 1948‑ൽ നടന്ന കർഷക സമരത്തെ അടിച്ചമർത്താനെത്തിയ ഇൻസ്പെക്ടർ ശങ്കുണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസുകാരും കർഷകരും തമ്മിൽ പൊരിഞ്ഞ യുദ്ധമാണ് നടന്നത്. പൊലീസിന്റെ നരനായാട്ടിൽ ഇൻസ്പെക്ടർ ശങ്കുണ്ണി കൊല്ലപ്പെട്ടു. കർഷകർ നടത്തിയ ഈ ചെറുത്തുനിൽപ്പിന്റെ സമരമാണ് പരിയാരം കർഷക സമരം. സി അച്യുതമേനോന്റെയും എകെജിയുടെയും ആത്മകഥകളിൽ ഇതൊക്കെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. അടിമകളായി ജീവിച്ച ഒരു ജനതയുടെ മോചനത്തിനു വേണ്ടി ജീവിതാവസാനം വരെ പൊരുതി കേരളത്തിന്റെ നവോത്ഥാന രാഷ്ട്രീയ മണ്ഡലങ്ങളെ ദീപ്തമാക്കിയ അനശ്വരനായ സാമൂഹ്യപരിഷ്കർത്താവായിരുന്നു കെ കെ പൈങ്കി മാസ്റ്റർ. 

നാടിന്റെ ശാപമായ ജാതിവ്യവസ്ഥയും തീണ്ടലും തൊടീലും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് മലീമസമായിരുന്ന കാലഘട്ടങ്ങളിലൂടെയാണ് കെ കെ പൈങ്കിമാസ്റ്ററെ പോലെയുള്ള നമ്മുടെ നേതാക്കൾ നടന്നു പോയത്. ആദിവാസി ദളിത് പിന്നാക്കവിഭാഗക്കാർക്ക് പഠിക്കാനും വഴി നടക്കാനും ഉദ്യോഗത്തിൽ കയറാനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അത് പ്രാവർത്തികമാക്കിയതിന്റെ പിന്നിൽ കമ്മ്യൂണിസ്റ്റുകാരാണ് അഗ്നിയായി കത്തിജ്വലിച്ചിരുന്നത്. കുഴിച്ചുമൂടിയ പലതും ഇന്ന് പൊന്തി വരുന്നുണ്ട്. കെ കെ പൈങ്കിമാഷും കെ സി കുറുമ്പ ഏടത്തിയും നേതൃത്വം കൊടുത്ത കുട്ടംകുളം സമരത്തിന്റെ തീജ്വാലകൾ ഇന്നും കേട്ടുപോയിട്ടില്ല. 

ആര്യവത്ക്കരണ കാലത്താണ് കേരളത്തിലെ ധാരാളം ക്ഷേത്രങ്ങള്‍ കയ്യടക്കി ബ്രാഹ്മണർ സ്വത്തെല്ലാം തട്ടിയെടുത്ത് അധികാരം സ്ഥാപിച്ചത്. കീഴാള വർഗത്തിന്റെ ആയിരകണക്കിന് ആരാധനാലയങ്ങളാണ് അങ്ങനെ തകർക്കപ്പെട്ടത്. അക്കാലത്ത് ബുദ്ധ‑ജൈന മതങ്ങളുടെ സ്വാധീനം തകർക്കാൻ കഴിയില്ലായിരുന്നു. എന്നാൽ തന്ത്രപരമായി വർഷങ്ങളോളം കാത്തിരുന്ന ജാഗ്രതയോടെയുള്ള ചതിച്ചു നിയമമാക്കിയ ശപിക്കപ്പെട്ട അധികാരമാണ് അന്ന് നിലനിന്നിരുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ കലയുടെയും സാഹിത്യത്തിന്റെയും തിരുനാവായിലെ പ്രാചീന ഒളിമ്പിക്സിനെ സാമൂതിരി ചതിയിലൂടെ അധികാര മേറ്റെടുത്ത കറുത്ത നിയമത്തെ അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. അതിന്റെ തുടർച്ചയെന്നോണം ധർമ്മം മനുഷ്യ രക്തത്തിൽ അസ്തമിച്ചിരുന്നു. പിന്നീട് എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞാണ് സാമൂഹ്യ പരിഷ്കർത്താക്കളും കമ്മ്യൂണിസ്റ്റുകാരും ഇവിടെ വരുന്നത്. എതിർത്തവരെ കൊലപ്പെടുത്തുകയും കീഴടങ്ങിയവരെ ബ്രാഹ്മണരാക്കുകയും ചെയ്തു. അടിമകളാക്കിയവരെ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതീയമായി തരം തിരിച്ചു. ജാതി ജന്മിനാടുവഴിത്ത വ്യവസ്ഥിതി വന്നപ്പോൾ അതിനെതിരെ പൊരുതാൻ കമ്മ്യൂണിസ്റ്റുകാർ വരേണ്ടി വന്നു. കമ്മ്യൂണിസ്റ്റുപാർട്ടി നിരോധിക്കപ്പെട്ട കാലഘട്ടത്തിൽ കർഷക സംഘടനകളായിരുന്നു എവിടെയും പ്രക്ഷോഭങ്ങൾ നടത്തിയിരുന്നത്. പരിയാരം കർഷക സമരം, കുട്ടംകുളം സമരം, പാലിയം സമരം, കയ്യൂർ സമരം, കരിവള്ളൂർ സമരം, കാവുമ്പായി സമരം, കണ്ട കൈ പുല്ലുപറിക്കൽ സമരം, കള്ളിക്കാട് സമരം, പുന്നപ്ര സമരം, വയലാർ സമരം, അന്തിക്കാട് ചെത്ത് തൊഴിലാളി സമരം, തോൽവിറക് സമരം, രാവണീശ്വരം നെല്ലെടുപ്പ് സമരം, വിഷ്ണുമംഗലം വിള കൊയ്ത്തു സമരം, അമ്പല്ലൂർ ഓട്ടുകമ്പനി തൊഴിലാളി സമരം, പലപ്പിള്ളി തോട്ടം തൊഴിലാളി സമരം, കയർത്തൊഴിലാളി സമരം, കശുവണ്ടി തൊഴിലാളി സമരം, മുരിയാട് കായൽ സമരം, നിലമ്പുർ പൂളതൊഴിലാളിസമരം, കളി മണ്ണ്, കരിങ്കൽ, മണൽതൊഴിലാളികളുടെ സമരങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങത്ത ചെറുതും വലുതുമായ നിരവധി സമരങ്ങളെ നമുക്ക് കാണാൻ കഴിയും. നമ്മുടെ കാർഷിക സാമൂഹ്യ ജീവിതങ്ങളുടെ ചരിത്രാനുഭവങ്ങളിലേക്ക് തുറന്നു വച്ച ജാഗ്രതയാണ് സമരസഖാക്കൾക്ക് കെ കെ പൈങ്കി മാസ്റ്ററെ പോലുള്ള നേതാക്കൾ കാണിച്ചു തന്ന ഏറ്റവും വലിയ ചരിത്രപാഠം. 

പിറന്ന മണ്ണിൽനിന്നും എഴുതപ്പെട്ട ചരിത്രത്തിൽ നിന്നും പുറത്താക്കപ്പെട്ടവർക്ക് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റുകാരാണ് താങ്ങും തണലുമായി നിന്നിരുന്നത്. ജാതി ജന്മി നാടുവാഴി വ്യവസ്ഥയുടെ ഉല്പാദന പ്രക്രിയയിലെ പതമ്പ് അളക്കലിൽ നിന്ന് ആധുനികതയിലേക്ക് മാറിയ അമേരിക്കൻ മുതലാളിത്തിന്റെയും ഇന്ത്യൻ വർഗീയതയുടെയും മനുഷ്യത്വവിരുദ്ധമായ ചൂഷണങ്ങൾക്കെതിരായ ഇന്നത്തെ സമരമാണ് പൂർവികരുടെ നവോത്ഥാന മുന്നേറ്റത്തിന്റെ തുടർച്ചയാക്കി ഏറ്റെടുത്തുകൊണ്ട് പോകേണ്ടത്. ആഫ്രിക്കയെക്കാൾ ഭയാനകമായ സ്വാമി വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാന്നിധ്യമറിയിച്ചപ്പോൾ തന്നെ മുതലാളിത്ത ശക്തികളും ഫ്യുഡലിസ്റ്റുകളും ഭയന്നു വിറക്കാൻ തുടങ്ങി. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് ശാസ്ത്രവബോധങ്ങൾ നൽകി ജനാധിപത്യ വൽക്കരിച്ചു. ജാതിയുടെയും മതത്തിന്റെയും തൊഴിലാളി വിരുദ്ധ ഭരണകൂടത്തിനെതിരെയും പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ സാമുദായിക സംഘടനകളും അനുഭാവം പുലർത്തി. നായർ മുതൽ നായാടി വരെയുള്ളവർ ബ്രാഹ്മണ രാഷ്ട്രീയ വിരുദ്ധ നിലപാടുകളെടുത്തു തുടങ്ങി. തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങി ഭൂരിപക്ഷം പേരും ദരിദ്രരായിരുന്നവരിൽ നിന്ന് ക്ഷേമത്തിലേക്കും പുരോഗതിയിലേക്കും മാറി വന്നതിന്റെ പിന്നിൽ ചാലക ശക്തിയായി നിന്നത് ക്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. മാനവികതക്ക് വിരുദ്ധമായ ദൈവികത സവർണ അധികാരികളുടെ സൃഷ്ടിയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് കെ കെ പൈങ്കി മാസ്റ്ററെ പോലുള്ളവർ ജാതിയുടെയും മതത്തിന്റെയും മതിലുകൾ തകർത്തെറിഞ്ഞു പുറത്തുകടന്നു വന്നു കമ്മ്യൂണിസ്റ്റുകാരായത്. അവരുടെ പ്രവർത്തനങ്ങളുടെ ഫലമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. പഴയതിൽ നിന്ന് മാറി പുതിയ ചരിത്രമാകാൻ ഉണർന്നു പ്രവർത്തിക്കുക എന്നതാണ് ഇന്ന് നമ്മുടെ മുന്നിലുള്ള കടമ. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.