
“വിജ്ഞാനമാണ്ദൈവം.
വിശാലചിന്തയും വിചിന്തനബോധവുമാണ് മതം.
വിനയമാർന്ന വിവേകമാണ് വഴി”
ലോകത്തിലാദ്യമായി പുസ്തകം പ്രതിഷ്ഠിച്ച നവപുരം മതാതീത ദേവാലയത്തിലെ ആപ്തവാക്യങ്ങളാണിവ. പ്രഭാഷകനും സാമൂഹ്യ ചിന്തകനും അധ്യാപകനുമായ പ്രാപ്പൊയിൽ നാരായണനാണ് ഈ മതാതീത ദേവാലയത്തിന്റെ സ്ഥാപകൻ. പൂജാരിയും ദക്ഷിണയുമില്ലാത്ത ദേവാലയം. ഇവിടെ വഴിപാടും പ്രസാദവും പുസ്തകങ്ങളാണ്. അറിവിനെയും പുസ്തകങ്ങളേയും ആരാധിക്കുന്ന ഈ മതാതീത ദേവാലയം പ്രാപ്പൊയിൽ നാരായണന്റെ മൂന്നരപ്പതിറ്റാണ്ടു നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. അതിന്റെ നാൾവഴികളിലൂടെ പ്രാപ്പൊയിൽ നാരായണന്‍…
ആശയം
********
ദൈവത്തെ ആരാധിക്കുന്നതിനുപകരം പുസ്തകങ്ങളെ ആരാധിക്കുന്നതിന് മാത്രം ഒരു ദേവാലയമോ? അപൂർവങ്ങളിൽ അപൂർവം. മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് മനസിലുദിച്ചതാണ്. ദൈവങ്ങൾക്ക് പകരം പുസ്തകം പ്രതിഷ്ഠിക്കുക എന്ന ആശയത്തിന് സാധാരണക്കാരുടെ പിന്തുണ കിട്ടുക പ്രയാസമായിരുന്നു. പുസ്തകത്തോടുള്ള ഇഷ്ടം, പ്രണയം, താല്പര്യം എന്നത് ജ്ഞാനത്തോടുള്ള ആരാധന തന്നെയാണ്. ഓരോ പുസ്തകവും അറിവുകളുടെ ഖനിയാണ്. ഒരാൾ പുസ്തകമെഴുതുമ്പോൾ അയാൾ സമാഹരിച്ച അറിവ് പുസ്തകത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ്. അറിവ് ബഹുവിധത്തിലുണ്ട്. എല്ലാറ്റിലും ജ്ഞാനത്തിന്റെ സ്പർശമുണ്ട്. വിവരസാങ്കേതിക രംഗത്തെ വൈവിധ്യങ്ങൾ അറിവിന്റെ മേഖലയിലുണ്ടെങ്കിലും നല്ല പുസ്തകങ്ങൾ തന്നെയാണ് ഇന്നും ആധികാരികം. അമൂർത്തമായ ഒരറിവിനെ മൂർത്തമായി ആവിഷ്കരിക്കുന്ന കർമ്മമാണ് പുസ്തകം നിർവ്വഹിക്കുന്നത്. അതുകൊണ്ടാണ് ജ്ഞാനത്തിന്റെ ഒരു പ്രതീകമെന്ന നിലയിൽ പുസ്തകത്തെ പ്രതിഷ്ഠിക്കണമെന്ന് ആഗ്രഹിച്ചത്.
കുന്നിൽചെരുവിലെ ചെറുശേരി സ്മരണ
*******************
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്ന് 34 കിലോമീറ്റർ അകലെ മലയോരത്തെ ചെറുപുഴ പഞ്ചായത്തിൽ പ്രാപ്പൊയിലിന് സമീപം കക്കോട്, കിഴക്കേക്കരയിലാണ് നവപുരം മതാതീത ദേവാലയം സ്ഥാപിച്ചിരിക്കുന്നത്. കൃഷിക്കാരും ഇടത്തരക്കാരും ജീവിക്കുന്ന പ്രകൃതിമനോഹരമായ കുന്നിൻ ചെരുവിലെ സ്വന്തമായുള്ള രണ്ടേക്കർ ഭൂമിയാണ് ഇതിനുവേണ്ടി വിനിയോഗിച്ചത്. ആദിഭാഷാകവി ചെറുശേരിയുടെ സ്മരണയ്ക്ക് ദേവാലയ ഭൂമിയെ ചെറുശേരി ഗ്രാമമെന്ന് നാമകാരണം ചെയ്തിരിക്കുന്നു.
ബ്രണ്ണൻകാലത്തെ പുസ്തകവഴി
*******************************
ഹൈസ്കൂൾ പഠനകാലത്തുതന്നെ പുസ്തകങ്ങളുമായി കൂട്ടു ചേർന്നു. എഴുത്തിൽ താല്പര്യമുണ്ടായിരുന്ന മലയാള അധ്യാപകൻ ചക്രപാണിയുടെ ക്ലാസുകൾ സാഹിത്യത്തിലേക്ക് നയിച്ചു. തലശേരി ബ്രണ്ണൻ കോളജിലെ പഠനകാലത്ത് വിഷ്ണുനാരായണൻ നമ്പൂതിരി, എം എൻ വിജയൻ മുതലായ എഴുത്തുകാരായ അധ്യാപകരുമായുണ്ടായ പരിചയം എഴുത്തിലേക്കും വായനയിലേക്കും നയിച്ചു. എംഎ ഫിലോസഫിയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി വിദൂര വിഭാഗത്തിൽ നിന്ന് ഒന്നാം റാങ്കോടെ വിജയിച്ചു. അഞ്ച് വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുണ്ട്. ഇപ്പോഴും പഠിക്കുന്നു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്.
സാംസ്കാരികവേദി
******************
മതാതീത ദേവാലയം മനസിൽ മൊട്ടിട്ട കാലത്താണ് പ്രദേശവാസികളെ ചേർത്ത് മൂന്നു പതിറ്റാണ്ടു മുമ്പ് നവപുരം സാംസ്കാരിക വേദിക്ക് തുടക്കം കുറിച്ചത്. കലാസാംസ്കാരിക പരിപാടികൾ, പഴയസിനിമകളുടെ പ്രദർശനം തുടങ്ങിയ പരിപാടികളായിരുന്നു പ്രധാനമായും നടത്തിയിരുന്നത്. സംഘടിപ്പിക്കൽ എളുപ്പമായിരുന്നില്ല. അക്കാലത്ത് കുഗ്രാമമായ കക്കോട് റോഡും വൈദ്യുതിയും വാഹനവുമൊന്നുമില്ല. ജനറേറ്ററും പ്രൊജക്ടറും സൗണ്ട് സിസ്റ്റവുമെല്ലാം തലയിൽ ചുമന്ന് കൊണ്ടുവരണം. പിന്തുണയും കുറവ്. എന്നാൽ പുസ്തകത്തിന്റെയും വായനയുടെയും പ്രാധാന്യവും മതാതീത ദേവാലയത്തിന്റെ പ്രസക്തിയും ഓരോ വേദിയിലും ബോധപൂർവം ഓർമ്മപ്പെടുത്താനായി എന്നതാണ് മിച്ചം.
ദേവാലയത്തിനുള്ള ധനം
************************
പരമാവധി ചെലവു കുറച്ചു ജീവിച്ചും വരുമാനത്തിന്റെ ഒരു വീതം മാറ്റിവെച്ചുമാണ് നിർമ്മാണ ചെലവ് കണ്ടെത്തിയത്. പ്രധാനമായും സ്വന്തമായി നടത്തിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള വരുമാനമായിരുന്നു പിൻബലം. സ്വകാര്യ കുറികളിൽ ചേർന്നും സ്വന്തം ചെലവ് പരമാവധി ചുരുക്കിയും മതാതീത ദേവാലയം എന്ന ലക്ഷ്യത്തിലേക്കായി പണം സ്വരുക്കൂട്ടി. പ്രഭാഷകനെന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലം ഇതിനായി മാറ്റിവെച്ചു. പ്രസിദ്ധീകരിച്ച സ്വന്തം പുസ്തകളുടെ വില്പനയിലൂടെ പണം സ്വരൂപിച്ചു. ജനങ്ങളിൽ നിന്ന് സംഭാവന ചോദിച്ച് വാങ്ങരുതെന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. മതാതീതമായ മനുഷ്യസ്നേഹം എന്ന ആശയത്തോട് താല്പര്യമുള്ളവർ സ്വമേധയാ നൽകിയാൽ മാത്രം സ്വീകരിക്കും. 2021 മാർച്ചിൽ തറക്കല്ലിട്ടു. ഒക്ടോബർ ആകുമ്പോഴേക്കും ആദ്യ ഘട്ടമായി. കുന്നിൻ പ്രദേശമായതുകൊണ്ട് ജോലികൾ എളുപ്പമായിരുന്നില്ല. മലവെള്ളം കുത്തിയൊലിച്ച് വരുന്നത് തടയാൻ കയ്യാല കെട്ടി. വെട്ട് കല്ലുകള്‍ എത്തിക്കലും പ്രയാസം. ഘട്ടം ഘട്ടമായി നിർമ്മാണം പൂർത്തീകരിച്ചു.
ജ്ഞാനാരാധന
****************
ജ്ഞാനാരാധനയെന്നത് പുതിയ കണ്ടുപിടുത്തമല്ല. ജ്ഞാനം തന്നെയാണ് ദൈവികതയെന്ന് ഭാരതീയ ദർശനം സഹസ്രാബ്ദങ്ങൾക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. കബീർദാസിനെപോലുള്ള മഹാഗുരുക്കൻമാർ ഗുരുവിന് ദൈവത്തേക്കാൾ മുകളിൽ സ്ഥാനം കൊടുത്തത് ഈ ജ്ഞാനാരാധനയുടെ ഭാഗമാണ്. കർമ്മബദ്ധമായ ജ്ഞാനമാണ് നവപുരം ദേവാലയം മുന്നോട്ടുവയ്ക്കുന്നത്.
ദേവാലയത്തിലെ പ്രതിഷ്ഠ
************************
ആനയുടെ രൂപസാദൃശ്യമുള്ള ഭീമൻ കരിങ്കൽപാറയുടെ മുകളിലാണ് പുസ്തക പ്രതിഷ്ഠ. പ്രവേശന കവാടത്തിലെ കെട്ടിടമാണ് ഗ്രന്ഥശാല കൂടി ഉൾക്കൊള്ളുന്ന പ്രഥമാലയം. അത് കടന്ന് കോവണി കയറിയാൽ കരിങ്കൽപ്പാറയുടെ മുകളിലെത്താം. പുസ്തക പ്രതിഷ്ഠയുടേയും ചുറ്റു വട്ടത്തേയും മനോഹരമായ കാഴ്ചകൾ ഇവിടെ നിന്ന് കാണാം. പ്രഥമാലയത്തിന്റെ ഒരു വശത്ത് ചെറുശേരി പ്രതിമ. തൊട്ടുതാഴെ ഗുഹയിൽ ബുദ്ധപ്രതിമ. അതിനും താഴെ മഹാഗ്രന്ഥ ശില്പവും എഴുത്തച്ഛന്റെ അക്ഷരശില്‌പവും. പ്രഥമാലയത്തിന് മുമ്പിലുള്ള പടിക്കെട്ട് കയറിയാൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ചെറുശേരി കലാമണ്ഡപത്തിലെത്താം. അതിനടുത്തായി ആളുകൾക്ക് താമസിക്കാനുള്ള ചെറു വീടുകളും ഭക്ഷണശാലയുമുണ്ട്. അതിനടുത്തു തന്നെയായി ചർച്ചകൾക്കും സംവാദങ്ങൾക്കുമായുള്ള സംവാദമണ്ഡപവുമുണ്ട്.
നവപുരത്തിന്റെ ദർശനം
***********************
തങ്ങൾ മാത്രമാണ് ശരി എന്ന ശാഠ്യബുദ്ധി നവപുരത്തിനില്ല. എല്ലാ കാലത്തേക്കുമായി ഒരു ശരിയുണ്ടെന്നും കരുതുന്നില്ല. ലോകം മുന്നോട്ട് പോകുന്തോറും പല ശരികളും മാറിക്കൊണ്ടിരിക്കും. ഒരു മതത്തിനും ഈ ദേവാലയം എതിരല്ല. മതങ്ങൾക്കതീതമായി മനുഷ്യബന്ധങ്ങളെ കൂട്ടി ചേർക്കുകയാണ് ലക്ഷ്യം. എല്ലാ മതത്തേയും ഓരോ ജ്ഞാനമാർഗമായി നവപുരം കാണുന്നു. യുക്തിവാദ പ്രസ്ഥാനങ്ങളും പലവിധ വിജ്ഞാനമാർഗങ്ങളുടെ പിന്തുടർച്ചയാണ്. ഓരോ മതവും ഓരോ ദേശകാലങ്ങളുടെ ദർശനമാണന്ന് നവപുരം കരുതുന്നു .
ശത്രുസംഹാരപൂജ
****************
ഇവിടെ ശത്രു സംഹാരപൂജ നടത്താൻ പറ്റുമോയെന്ന് പരിഹാസത്തോടെ പലരും ചോദിക്കാറുണ്ട്. അതിന് ഏറ്റവും ഉചിതമായ ഇടമാണിത്. മനുഷ്യന് എങ്ങനെയാണ് ശത്രുക്കൾ ഉണ്ടാകുന്നതെന്ന് തിരിച്ചറിവു നല്‍കുന്ന പുസ്തകങ്ങളും അവ നൽകുന്ന ജ്ഞാന മാർഗങ്ങളുമാണ് ശത്രുസംഹാരത്തിനുള്ള വഴികൾ. ആ വഴിയിലൂടെ മറ്റൊരാളെ ശത്രുവായി കാണുന്ന നമ്മുടെ മനസ് തന്നെയാണ് നമ്മുടെ ശത്രു എന്ന് നമുക്ക് തിരിച്ചറിയാം. പിന്നെ ശത്രുസംഹാരം എളുപ്പമല്ലേയെന്ന് നാരായണൻ മാസ്റ്റർ ചോദിക്കുന്നു.
ഉത്സവകാലം
*************
ഒക്ടോബറിലെ വിദ്യാരംഭത്തിന് പലയിടങ്ങളിൽ നിന്നും രക്ഷിതാക്കൾ കുട്ടികളെ എഴുത്തിനിരുത്താൻ ഇവിടെ എത്താറുണ്ട്. വിദ്യാരംഭ കാലത്ത് മൂന്ന് ദിവസങ്ങൾ ഇവിടെ ഉത്സവമാണ്. പലവിധ കലാസാംസ്കാരിക പരിപാടികൾ ഉണ്ടാവും. ഏപ്രിൽ‑മേയ് മാസത്തിൽ ഒൻപത് ദിവസങ്ങൾ നീളുന്ന മഹോത്സവവുമുണ്ട്. ഴുത്തുകാർ, കലാകാരൻമാർ, ചിന്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ, വിശിഷ്ട വ്യക്തികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കുന്നു. സാംസ്കാരിക സമ്മേളനം, സെമിനാർ, പ്രഭാഷണം, പുസ്തകപ്രകാശനം, ആദരായണം, അനുമോദനം, കലാപരിപാടികൾ, നാടൻ കലകൾ, അനുഷ്ഠാന കലകൾ, പുസ്തകചർച്ച, പുസ്തക സമർപ്പണം, കഥയരങ്ങ്, കവിയരങ്ങ് എന്നിവയെല്ലാം നടക്കും. കേരളത്തിന് പുറത്ത് നിന്ന് പലഭാഷകൾ സംസാരിക്കുന്നവർ ഈ ദിവസങ്ങളിൽ ഇവിടെത്തും. മുൻകൂട്ടി അറിയിച്ച് സന്ദർശിക്കുന്നവർക്ക് വയറുനിറയെ ഭക്ഷണം നല്കുകയെന്നതും നവപുരത്തിന്റെ പതിവ് രീതിയാണ്.
മതാതീത സഞ്ചാരം
*******************
മതാതീയമായ കാഴ്ചപ്പാടിൽ എല്ലാവരേയും ഉൾക്കൊണ്ട് ആരെയും മാറ്റി നിർത്താതെ ജ്ഞാന വഴിയിലേക്കുള്ള വെളിച്ചമാകുകയാണ് ഈ ദേവാലയം. ജാതി, മത, ദേശ, ഭാഷാഭേദങ്ങളില്ലാതെ സർവ്വർക്കും ഒത്തുകൂടാനും സ്വതന്ത്രമായി മനസ് തുറക്കാനും ഒരിടം. എല്ലാവരെയും സ്നേഹിക്കാനും സൗഹൃദമുണ്ടാക്കാനും കലയേയും സാഹിത്യത്തെയും സംസ്കാരത്തെയും നെഞ്ചോട് ചേർത്ത് പ്രണിയിക്കുന്നവർക്കുള്ള ആശ്രയകേന്ദ്രം കൂടിയായി നവപുരം മാറുന്നു. സ്വന്തം ജീവിതം നാടിനും കാലത്തിനും സമർപ്പിച്ച് ലോകത്തെ അറിവിലേക്കും സംസ്കാരത്തിന്റെ ആഘോഷങ്ങളിലേക്കും നയിക്കുന്ന നാരായണൻ മാസ്റ്റരുടെ ശ്രമങ്ങൾ പ്രശംസനീയമാണ്. അദ്ദേഹം പറയുന്നു, ”ഞങ്ങൾ ഒരു വെളിച്ചം തെളിക്കുകയാണ്. വെളിച്ചം യാതൊന്നിന്റെയും ശത്രുവല്ല. വെളിച്ചത്തിൽ വെളിപ്പെടുന്നയിൽ കാലാനുസാരിയല്ലാത്തതിനെ കാലാനുസാരിയാക്കാനുള്ള ഊർജത്തിന്റെ ഉൾപ്രേരകം കൂടി അതിൽ അടങ്ങുന്നുണ്ട്. ഈ ജ്ഞാനവെളിച്ചമാണ് ഞങ്ങളുടെ മതം. ഈ വെളിച്ചം തന്നെയാണ് ഞങ്ങളുടെ മതാതീത സഞ്ചാരമാർഗത്തെ ദീപ്തമാക്കുന്നത്.” വൈവിധ്യങ്ങളെ സ്വാംശീകരിച്ചും അറിവിനെ ആരാധിച്ചും വൈജ്ഞാനിക ശ്രമങ്ങളെ നിന്ദിക്കാതെയും സ്നേഹ സൗഹൃദങ്ങളെ വിചിന്തനം ചെയ്യണമെന്ന കാഴ്ചപ്പാടും നവപുരം മതാതീത ദേവലായം മുന്നോട്ടുവെയ്ക്കുന്നു.
ജനയുഗവും നവയുഗവും
**********************
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലും ജനയുഗം പത്രത്തിലും ജനയുഗം-നവയുഗം വാരികകളിലും പ്രാപ്പൊയിൽ നാരായണൻ ലേഖനങ്ങളും കവിതകളും സ്ഥിരമായി എഴുതിയിരുന്നു. തത്വചിന്ത, പഠനങ്ങൾ, കവിതകൾ, സാമൂഹ്യശാസ്ത്ര പഠനം, ചരിത്ര പഠനം, ബാലസാഹിത്യം വിഭാഗങ്ങളിൽ ഇരുപത്തിയേഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
കുടുംബം
*********
നവപുരത്തിന്റെ കരുത്താണ് പ്രാപ്പൊയിൽ നാരായണന്റെ ഭാര്യ ഷൈലാ നാരായണനും അമ്മ കുന്നുൽ നാരായണിയുമടങ്ങുന്ന കുടുംബം. മക്കൾ നിമ്നമോളും നീരജയും. രണ്ട് പേരും വിവാഹിതരാണ്. ഉത്സവ വേളകളിൽ മക്കളുടെ ഭർത്താക്കന്മാരും നവപുരത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായവുമായെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.