പ്രേക്ഷകർക്കൊരു ഫ്രെഷ്നസ് ഫീൽ സമ്മാനിച്ച് പ്രദർശനത്തിനെത്തിയ ആരോമലിന്റെ ആദ്യത്തെ പ്രണയത്തിന്റെ സംവിധായകൻ മനസു തുറക്കുന്നു.
ആരോമലിന്റെ ആദ്യത്തെ പ്രണയം കണ്ടിറങ്ങുന്നവർ ചിത്രത്തെ കുറിച്ച് ‘ഫീൽഗുഡ്’, ‘ഫ്രെഷ്നസ്സ് ഫീൽ’ അഭിപ്രായങ്ങളാണ് പറയുന്നത്. സിനിമയുടെ ക്രിയേറ്റർ എന്ന നിലയിൽ എന്ത് തോന്നുന്നു? വളരെ വളരെ സന്തോഷം തോന്നുന്നു. വളരെ നാളത്തെ കഠിനധ്വാനത്തിനും കാത്തിരിപ്പിനും ശേഷമാണ് ചിത്രം തീയേറ്ററിലെത്തുന്നത്. ഒരു സംവിധായകനെന്ന നിലയിൽ ഒരുപാട് കടമ്പകൾ കടന്നാണ് സിനിമ അവിടെ എത്തുന്നത്. ടെൻഷൻസ് വേറെയും. അങ്ങനെ എത്തിക്കുന്ന സിനിമയെപ്പറ്റി പ്രേക്ഷകർ നല്ലയഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് ഉണ്ടാവുക. തീർത്തും ഒരു ഹാപ്പിനെസ് ഫീൽ (പുഞ്ചിരി).
ആരോമൽ മുബീന്റെ രണ്ടാമത്തെ ചിത്രമല്ലേ?
അതെയതെ. ആദ്യ ചിത്രം ‘വെൽക്കം ടു പാണ്ടിമല.’ ഹരിചന്ദന ക്രീയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ ആണ് ചിത്രം നിർമ്മിച്ചത്. പുതുമുഖങ്ങളെ വച്ചുള്ള ഒരു സിനിമയായിരുന്നു അത്. തീയേറ്റർ റിലീസ് ചെയ്തു. ഉടൻ തന്നെ ഒടിടി റിലീസ് ഉണ്ടാകും.
ആദ്യസിനിമയ്ക്കു ശേഷം രണ്ടാമത്തെ ചിത്രത്തിലേക്ക് അധികം കാത്തു നില്ക്കേണ്ടി വന്നില്ലാന്ന് തോന്നുന്നു. എങ്ങനെയായിരുന്നു ആരോമലിലേക്കുള്ള യാത്ര?
അതെ. ആദ്യ സിനിമയ്ക്കു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രോജക്ട് വരുന്നത്. കഥ ഇഷ്ടപ്പെട്ടപ്പോൾ ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കാനായി മുന്നോട്ട് വന്നത്.
ആരൊക്കെയാണ് മറ്റ് അണിയറ ശില്പികൾ?
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം എഴുതിയിരിക്കുന്നത് മിർഷാദ് കയ്പമംഗലം ആണ്. എന്റെ ആദ്യ സിനിമയുടെ രചനയും അദ്ദേഹമായിരുന്നു. എന്റെ കസിനാണ്. കൂടാതെ തിരക്കഥാകൃത്തായും ഗാനരചയിതാവായും ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുള്ള ആളാണ്. പിന്നെ ക്യാമറ ചെയ്തിരിക്കുന്നത് എൽദോ ഐസക്കാണ്. ഉപചാരപൂർവം ഗുണ്ട ജയൻ, മെമ്പർ രമേശൻ, ഷെഫീഖിന്റെ സന്തോഷം തുടങ്ങി നിരവധി സിനിമകളിലൂടെ സുപരിചിതനാണ് എൽദോ. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ഈ ചിത്രത്തിന് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. എഡിറ്റിങ് അമരീഷ് നൗഷാദാണ് നിർവഹിച്ചിരിക്കുന്നത്.
സലിംകുമാർ, വിനോദ് കോവൂർ തുടങ്ങിയവർ ചിത്രത്തിലുണ്ടല്ലോ. അവരോടൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നു?
ചിത്രത്തിൽ നായികയും നായകനും പുതുമുഖങ്ങളാണ്. സിദ്ദിഖ് സമാൻ, അമാന ശ്രീനി… രണ്ടുപേരും അവരുടെ റോളുകൾ ഭംഗിയായി ചെയ്തിട്ടുണ്ട്. പിന്നെ സലീമേട്ടനായാലും വിനോദേട്ടനായാലും വളരെയധികം സഹകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, വെടികെട്ട് എന്ന ചിത്രത്തിലൂടെ വന്ന രവി, റമീസ് മെൽബിൻ, അക്ഷയ് അശോക്, ശിവപ്രസാദ് അങ്ങനെ ഒത്തിരിപേർ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റായി കഴിഞ്ഞല്ലോ. സംഗീതമേഖല ആരാണ് ചെയ്തിരിക്കുന്നത്?
ചാൾസ് സൈമൺ, ശ്രീകാന്ത് എസ് നാരായൺ എന്നിവരാണ് സംഗീതം ചെയ്തിരിക്കുന്നത്. ആദ്യസിനിമയുടെ സംഗീതവും ചാൾസ് ആയിരുന്നു. പാട്ടുകൾ എഴുതിയത് മിർഷാദ് കൈപ്പമംഗലം, രശ്മി സുഷീൽ, അനൂപ് ജി എന്നിവരാണ്.
കേൾക്കാനും പറയാനും സുഖമുള്ളൊരു ടൈറ്റിലാണ് ചിത്രത്തിന്. അതിലേക്ക് എത്തിപ്പെട്ടത്?
നാട്ടിൻപുറത്തുകാരനായ ആരോമലിന്റെ മനസിലേക്ക് യാദൃച്ഛികമായി കടന്നുവന്ന ഒരു പെൺകുട്ടിയോട് അവന് തോന്നുന്ന ഇഷ്ടവും ആ പ്രണയം യാഥാർത്ഥ്യമാക്കാൻ ആരോമലും കൂട്ടുകാരും നടത്തുന്ന രസകരമായ ശ്രമങ്ങളും അതിനിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൽ പറയുന്നത് അതുകൊണ്ടു തന്നെ അതിനെക്കാൾ നല്ലൊരു ടൈറ്റിൽ വേറെയില്ലാന്ന് തോന്നി (ചിരിക്കുന്നു).
ഈ ചിത്രം പ്രേക്ഷകരോടു കാണാൻ പറയുമ്പോൾ അവർ സ്വാഭാവികമായും ആഗ്രഹിക്കുന്നത് എന്തെങ്കിലും വ്യത്യസ്തതയും പുതുമയുമായിരിക്കും. എന്താണ് അങ്ങനെ പറയാനുള്ളത്? യഥാർത്ഥത്തിൽ പ്രണയം എല്ലായിടത്തും എല്ലാവർക്കും ഒന്നു തന്നെയാണ്. പക്ഷേ അത് യാഥാർത്ഥ്യമാകുന്ന വഴികൾ പലതാണ്. ഇവിടെയും സംഭവിക്കുന്നത് അതാണ്. പ്രകൃതി പോലും കൂട്ട് നിൽക്കുമെന്ന് ഈ സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ബോധ്യമാകും.
സിനിമയിലെത്തുന്നതിന് മുമ്പുള്ള ലൈഫിനെ കുറിച്ച്?
തൃശൂർ ജില്ലയിലെ കൈപ്പമംഗലമാണ് സ്വദേശം. ജനിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ. പിന്നീട് നാട്ടിക എസ് എൻ കോളേജിലെ പഠനം കഴിഞ്ഞ് ദുബായിൽ ഒരു കമ്പനിയിൽ ജോലി. അതിനിടയിൽ മൻഹാട്ടൻ അക്കാദമിയിൽ നിന്നും ഫിലിം കോഴ്സ് ചെയ്തു. അവിടെ തന്നെ ചില ആഡ് ഫിലിമുകൾ ചെയ്തു വരുന്നതിനിടയിലാണ് സിനിമ ചെയ്യാനുള്ള അവസരം ഒത്തുവന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല. നേരെ നാട്ടികയിലേക്ക് (ചിരിക്കുന്നു).
കുടുംബം?
അച്ഛൻ അബ്ദുൾ റൗഫ്. അമ്മ ഷബീല. ഭാര്യ ജസീല. മകൻ ഫരീഖ് ആഫാ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.