പത്രപ്രവർത്തകനും സിനിമാ പിആർഒയും പ്രൊഡക്ഷൻ കൺട്രോളറുമായ റഹീം പൂവാട്ടുപറമ്പിന്റെ പ്രേംനസീര്‍ ഓര്‍മ്മ
കാലമെത്രയോ കടന്നുപോയി. നാടും ജീവിതവും മനുഷ്യരും സിനിമയും മാറി. എന്നാൽ വിടപറഞ്ഞ് 35 വർഷങ്ങൾ കഴിയുമ്പോഴും മലയാളികളുടെ മനസിൽ നിത്യഹരിത നായകനായി ഇന്നും ജീവിക്കുന്നുണ്ട് പ്രേംനസീർ. ചിരിപ്പിച്ചും വേദനിപ്പിച്ചും കണ്ണീരണിയിച്ചും ആവേശപ്പെടുത്തിയും ഒരു കാലഘട്ടത്തെ ഇളക്കിമറിച്ച മലയാള കാമുക സങ്കൽപങ്ങളുടെ ആദ്യ രൂപമായ ഈ മഹാനടൻ നിറഞ്ഞ പുഞ്ചിരിയോടെ, കുസൃതി നിറഞ്ഞ കാമുകനായി മലയാളികൾക്കൊപ്പം യാത്ര തുടരുകയാണ്. തന്റെ പ്രിയ നസീർ സാർ കടന്നുപോയിട്ട് 35 വർഷങ്ങളായെന്ന് റഹീം പൂവാട്ടുപറമ്പിലിന് തോന്നിയിട്ടേ ഇല്ല. വർഷങ്ങൾക്ക് മുമ്പ് ഒരു പത്രറിപ്പോർട്ടറായ തനിക്ക് മുമ്പിൽ നിറഞ്ഞ പുഞ്ചിരിയോടെ ഇരുന്ന പ്രേംനസീറിന്റെ സ്നേഹ വാത്സല്യം ഇന്നും തനിക്കൊപ്പമുണ്ടെന്ന് പത്രപ്രവർത്തകനും സിനിമാ പിആർഒയും പ്രൊഡക്ഷൻ കൺട്രോളറുമായ റഹീം പൂവാട്ടുപറമ്പ് വിശ്വസിക്കുന്നു. പ്രേംനസീറിന്റെ മരിക്കാത്ത ഓർമ്മകൾക്കൊപ്പം സഞ്ചരിക്കുകയാണ് റഹീം പൂവാട്ടുപറമ്പ്
പരിചയപ്പെട്ട നിമിഷം
അന്നെനിക്ക് 23 വയസ് പ്രായം. കേരള ടൈംസ് എന്ന പത്രത്തിലെ കോഴിക്കോട്ടെ റിപ്പോർട്ടറായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം രാകേന്ദു എന്ന പേരിൽ ഒരു മാസികയും പുറത്തിറക്കിയിരുന്നു. പല ഷൂട്ടിംഗ് സെറ്റുകളിലും വെച്ച് നസീർ സാറിനെ കണ്ടിട്ടുണ്ട്. പക്ഷെ പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് പ്രേംനസീർ രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്നുവെന്ന് ഒരു വാർത്ത പരന്നത്. ബന്ധുവും കോൺഗ്രസ് നേതാവുമായ തലേക്കുന്നിൽ ബഷീർ വഴി പ്രേംനസീറിനെ കോൺഗ്രസിലെത്തിക്കാനായിരുന്നു കെ കരുണാകരനും എ കെ ആന്റണിയുമെല്ലാം ശ്രമിച്ചത്. അദ്ദേഹവും ആ വഴിക്ക് തന്നെ നീങ്ങി. അതിന്റെ ഭാഗമായി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കിയും ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കിയും സിനിമകൾ സംവിധാനം ചെയ്യാനും അദ്ദേഹം തയ്യാറെടുത്തിരുന്നു. ഇതിനിടയിലാണ് പ്രേം നസീർ കോഴിക്കോട് അരയിടത്തുപാലത്തുള്ള മകൾ ലൈലയുടെ വീട്ടിൽ വരുന്നുണ്ടെന്ന വിവരം സുഹൃത്തും മാധ്യമ പ്രവർത്തകനുമായ നവാസ് പൂനൂർ പറഞ്ഞറിയുന്നത്. നവാസ് പൂനൂർ പറഞ്ഞതു പ്രകാരം അരമണിക്കൂർ ഇന്റർവ്യൂവിന് സമയം അനുവദിച്ചു. ഞാനും നവാസും കൂടിയാണ് അദ്ദേഹത്തെ കാണാൻ ചെന്നത്. അഭിമുഖം തുടങ്ങിയപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. സിനിമാക്കാര്യം എല്ലാവർക്കും അറിയാം. രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്കും സന്തോഷമായി. മറ്റ് പത്രങ്ങൾക്ക് കിട്ടാത്ത കാര്യങ്ങളാണ് അദ്ദേഹം എന്നോട് നേരിൽ സംസാരിക്കാൻ പോകുന്നതെന്നറിഞ്ഞപ്പോൾ അഭിമാനബോധം വർധിച്ചു. അര മണിക്കൂർ സമയം തന്ന അദ്ദേഹം ഒന്നര മണിക്കൂറോളം സംസാരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണ കാലം
പ്രേം നസീറുമായുള്ള അഭിമുഖം കേരള ടൈംസിലും രാകേന്ദു മാസികയിലും പ്രസിദ്ധീകരിച്ചു. അതോടെ അദ്ദേഹവുമായി അടുത്ത ബന്ധമായി. മദ്രാസിൽ പോകുമ്പോഴെല്ലാം നേരിൽ കാണും. സംസാരിക്കും. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം പ്രചരണത്തിനിറങ്ങി. കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസമായിരുന്നു പ്രേം നസീറിന്റെ പര്യടനം. ആ ദിവസങ്ങളിൽ അദ്ദേഹത്തിനൊപ്പം നിരവധി കേന്ദ്രങ്ങളിൽ പോകാൻ സാധിച്ചു. രാവിലെ അദ്ദേഹത്തിന് എല്ലാ പത്രങ്ങളും ലഭിക്കണം. പ്രത്യേകിച്ച് ഇടതുപക്ഷ പത്രങ്ങൾ. അതെല്ലാം അതിരാവിലെ കോഴിക്കോട് ടൗണിൽ നിന്ന് വാങ്ങി അദ്ദേഹത്തിന് എത്തിച്ചു കൊടുക്കും. ഇടതുപക്ഷ പത്രങ്ങൾ തന്നെക്കുറിച്ച് എന്താണ് എഴുതുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെയായിരുന്നു അദ്ദേഹം ആ പത്രങ്ങൾ വായിക്കാനെടുത്തിരുന്നത്. രാഷ്ട്രീയത്തിൽ വന്നാൽ ശോഭിക്കുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിൽ തിളങ്ങിയ അദ്ദേഹത്തിന് പക്ഷെ രാഷ്ട്രീയ രംഗത്ത് കണക്കുകൂട്ടലുകൾ തെറ്റിപ്പോയി.
ധ്വനിയുടെ ചിത്രീകരണം
മഞ്ഞളാംകുഴി അലി നിർമിച്ച് എ ടി അബു സംവിധാനം ചെയ്ത ധ്വനി എന്ന ചിത്രത്തിൽ പിആർഒ ആയിട്ടാണ് ഞാൻ സിനിമാ രംഗത്തെത്തുന്നത്. ജയറാം നായകനായ ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ പ്രേം നസീറുണ്ടായിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ നസീർ സാറിന് അഡ്വാൻസ് കൊടുക്കാൻ ഞാനും പോയിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലം. പതിനായിരം രൂപയായിരുന്നു അഡ്വാൻസ്. കോഴിക്കോട്ടെ മകളുടെ വീട്ടിൽ വച്ചാണ് അഡ്വാൻസ് നൽകിയത്. ചിത്രീകരണത്തിനായി വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം സെറ്റിലെ എല്ലാവരുമായും വളരെ പെട്ടന്ന് സൗഹൃദത്തിലായി. പെരുവെണ്ണാമൂഴി ഡാം പരിസരമായിരുന്നു മറ്റൊരു ലൊക്കേഷൻ. പത്ത് ദിവസത്തോളം അവിടേക്ക് കാറിൽ അദ്ദേഹത്തെ കൊണ്ടുപോയിരുന്നത് ഞാനായിരുന്നു. സിനിമ റിലീസ് ചെയ്ത് 23ാമത്തെ ദിവസമാണ് പ്രേം നസീർ മരിച്ചത്. ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രം നന്നായി ഓടുന്നത് കണ്ട് അമ്പതാം ദിവസം ഗംഭീരമായി ആഘോഷിക്കാൻ വരെ പദ്ധതിയിട്ടിരുന്നു. എന്നാൽ അതിന് മുമ്പേ അദ്ദേഹം യാത്രയായി. തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും അന്ത്യയാത്ര ഷൂട്ട് ചെയ്യുകയും ചെയ്തു. തുടർന്നുള്ള പ്രദർശനങ്ങളിൽ സിനിമയുടെ അവസാനം നസീറിന്റെ അന്ത്യയാത്രയും കാണിച്ചിരുന്നു.
വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ചുവെന്നതായിരുന്നു ധ്വനിയുടെ മറ്റൊരു പ്രത്യേകത. ആശുപത്രിയിൽ ചികിത്സയിലുള്ള നെടുമുടി വേണുവിന്റെ പത്രാധിപരായ ശേഖരൻ എന്ന കഥാപാത്രത്തെ സാഹിത്യകാരൻ സന്ദർശിക്കുന്ന രംഗമുണ്ടായിരുന്നു തിരക്കഥയിൽ. ഞാനും നവാസ് പൂനൂരും ഒരു സാഹിത്യകാരൻ തന്നെ ആ രംഗത്ത് വരുന്നത് നല്ലതാവുമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെയാണ് ബേപ്പൂരിൽ ചെന്ന് ബഷീറിനെ കാണുന്നത്. ആരോഗ്യ സ്ഥിതി മോശമായിരുന്നെങ്കിലും പ്രേം നസീറുമായി ഏറെ അടുപ്പമുള്ള ബഷീർ അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു. ഇത് ബഷീറിന്റെ ആരാധകനായിരുന്ന പ്രേംനസീറിനും വലിയ സന്തോഷമുണ്ടാക്കി.
‘ധ്വനി’ യുടെ ചിത്രീകരണത്തിനിടെ ആയിരുന്നു എന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു. വധു ഒരു ഹിന്ദു പെൺകുട്ടി. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് മഹാനടൻ ഞങ്ങളെ അനുഗ്രഹിച്ചു. ഇതിനിടയിൽ രഹസ്യമായി ‘അനിയാ സൂക്ഷിക്കണം… വലിയ വിവാദത്തിലേക്കാണ് എടുത്തു ചാടുന്നത്’ എന്ന് ഓർമപ്പെടുത്താനും അദ്ദേഹം മറന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.