22 December 2024, Sunday
KSFE Galaxy Chits Banner 2

പ്രകൃതീപാഠങ്ങളുടെ മലയൻകുഞ്ഞ്

എ ഐ ശംഭുനാഥ്
August 7, 2022 4:27 am

സിനിമാലോകത്തെ സാങ്കേതികത്വം ഒരോ നിമിഷത്തിലും പരിണാമം സംഭവിക്കുന്ന ഒന്നാണ്. ഒരു ചലച്ചിത്രത്തിന്റെ എല്ലാ ഘടകങ്ങളിലുമായി ഇത് വ്യാപിച്ച് കിടപ്പുണ്ട്. മലയാള സിനിമാമേഖല നൂതനമായ സാങ്കേതികവിദ്യ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നതിൽ ഒട്ടും പിന്നിലല്ല എന്ന് ഊട്ടിയുറപ്പിക്കുകയാണ് മലയൻകുഞ്ഞ് എന്ന ചിത്രത്തിലൂടെ. മികച്ച ടെക്നോളജി മോളിവുഡിൽ നിന്നും ഒട്ടും വിദൂരതയിൽ അല്ല എന്ന് തെളിയിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ഉയർന്ന നിലവാരത്തിലുള്ള ദ്യശ്യോത്സവം ഒരുക്കിയിട്ടും അതിനു ചിലവായ അക്കങ്ങൾ നിരത്തി ഹൈപ്പും പ്രമോഷനും കൊടുക്കാത്തതിന് പ്രത്യേകമായ ആദരവ് പിന്നണിയിൽ പ്രവർത്തിച്ചവർ അർഹിക്കുന്നു. 

സജിമോന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. സംവിധായകൻ ഫാസിൽ ഏറെനാളിനുശേഷം സിനിമാലോകത്തേക്കുള്ള തന്റെ തിരിച്ചുവരവ് മലയൻകുഞ്ഞിന്റെ നിർമ്മാതാവെന്ന കുപ്പായമണിഞ്ഞാണ് നടത്തിയിരിക്കുന്നത്. പുത്തൻ ലോകത്തെ സിനിമാരീതികളോട് പൂർണ്ണമായും നീതി പുലർത്തും വിധമുള്ള ചുവടുവയ്പ്പാണ് ഫാസിൽ നടത്തിയിട്ടുള്ളത്.
അനിക്കുട്ടൻ എന്ന ഫഹദ് ഫാസിൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിലൂടെയാണ് മലയൻകുഞ്ഞിന്റെ കഥ അരങ്ങേറുന്നത്. ഫഹദിന്റെ സ്വാഭാവികസമ്പന്നമായ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വിലപ്പെട്ട ആകർഷണമെന്ന് പറയാം. പല തരത്തിലുള്ള മാനസികസംഘർഷങ്ങൾക്ക് നടുവിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമായതിനാൽ ഭാവപ്രകടനത്തിന്റെ അനവധി തലങ്ങളിലൂടെ പര്യവേഷണം നടത്താൻ ഫഹദിന് സാധിച്ചിട്ടുണ്ട്. 

ഇലക്ട്രീഷ്യനായ അനിക്കുട്ടൻ അമ്മയോടൊപ്പമാണ് ജീവിക്കുന്നത്. ജോലിയിൽ മുഴുകി സമയം അടുക്കിയെടുക്കാൻ ശ്രമിക്കുന്ന അയാളെ നിരന്തരമായി വേട്ടയാടുന്നത് പഴയ ഓർമ്മകളാണ്. ആ ഓർമ്മകളുടെ കയ്പേറിയ ചുവ അനിമോൻ പ്രതിഷ്ഠിക്കുന്നത് ചുറ്റുപാടുമുള്ള പല ആളുകളിലും അവരുടെ ശബ്ദങ്ങളിലൂടെയുമൊക്കെയാണ്. ഇതിനോടെല്ലാം പലവിധ അസ്വസ്തതകൾ കാണിച്ചുപോന്ന അനിയുടെ കണ്ണിലെ അവസാന ഇരയാകുന്നത് ദിവസങ്ങൾ മാത്രം പ്രായമുള്ള പൊന്നി എന്ന കൈകുഞ്ഞാണ്. സിനിമയുടെ ആദ്യ പകുതിയെ സജീവമാക്കുന്നത് അനിയുടെ ജീവിതമുഹൂർത്തങ്ങളാണ്. ചുറ്റുപാടും നിരവധി ആളുകളുണ്ടെങ്കിലും ഏകാന്തതയുടെ കോണിലേക്ക് തലതിരുകി വയ്ക്കാൻ ഈ കഥാപാത്രം നല്ലതുപോലെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞകാലത്തിന്റെ വ്രണപ്പെട്ട ചിന്തകളാണ് അനിക്കുട്ടന്റെ മുഖംമൂടിക്ക് പിന്നിലെന്ന് അയാളുടെ മാനസികമായ സംഘർഷങ്ങളിലൂടെ വെളിവാകുന്നുണ്ട്. 

പ്രകൃതിയുടെ പ്രതിഭാസവികൃതിയായ ഉരുൾപൊട്ടലാണ് രണ്ടാംപകുതിയിൽ തിരക്കഥയുടെ പ്രധാന ഭാഗമാകുന്നത്. ഭൂമിക്കടിയിലെ നായകന്റെ ജീവനുവേണ്ടിയുള്ള പോരാട്ടം കാണികൾക്ക് ശ്വാസമടക്കിപിടിച്ചല്ലാതെ കാണാൻ സാധിക്കില്ല. രണ്ടാം പകുതിയിലേക്ക് സിനിമ കടക്കുമ്പോൾ ഫഹദിന്റെ ദൈവീകമായ അഭിനയ നൈപുണ്യം പലതരത്തിലും വെളിവാകുന്നുണ്ട്. ഒരു വൺ മാൻ ഷോ തന്നെയാണ് രണ്ടാം പകുതി. സജിമോന്റെ ആദ്യ സംവിധാനസംരംഭം എന്ന നിലയ്ക്ക് മികച്ച അരങ്ങേറ്റമാണ് മലയൻകുഞ്ഞിലൂടെ നടത്തിയിരിക്കുന്നത്. സാങ്കേതികപരമായി ഇത്രയും സങ്കീർണ്ണതകൾ നിറഞ്ഞ ചിത്രമാണ് ഇതെന്ന് വ്യക്തമാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് അതിന്റെ പരിപൂർണ്ണമായ തലത്തിൽ കൊണ്ടെത്തിക്കാനായി നേത്യത്വം കൊടുത്ത സംവിധായകനാവട്ടെ ആദ്യത്തെ കയ്യടി.
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും ഛായാഗ്രഹകനും. 

ചിത്രസംയോജനത്തിനും സംവിധാനത്തിനും പുറമേ സിനിമയിലെ പലവിധ ദൗത്യങ്ങൾ ചെയ്തു പരീക്ഷിക്കാൻ തയ്യാറാകുന്ന അദ്ദേഹത്തെ മാറുന്ന ചലച്ചിത്ര രീതികളുടെ അമരക്കാരനായി കണക്കാക്കാം. തന്റെ അസോസിയേറ്റായ സജിമോന്റെ സ്വതന്ത്ര സംവിധാന സംരംഭത്തിനു വേണ്ടി ഇത്തരം ദൗത്യങ്ങൾ കൈകാര്യം ചെയ്ത മഹേഷ് സൗഹൃദപരമായ അണിയറപ്രവർത്തക സംഘത്തെ വാർത്തെടുക്കുന്നുണ്ടെന്നത് തീർച്ചയായ കാര്യമാണ്. മലയൻകുഞ്ഞിന്റെ തിരക്കഥ ചലച്ചിത്രനിരൂപകർ ഏറെ ഉറ്റുനോക്കാൻ സാധ്യതയുള്ള ഒന്നാണ്. പ്രകൃതിയുടെ ഒരോ സൂക്ഷ്മമായ അംശത്തെയും ഉൾപ്പെടുത്താൻ രചയിതാവിന് സാധിച്ചിട്ടുണ്ട്. മലയോര പ്രദേശത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ ഉരുൾപൊട്ടിയ രംഗങ്ങൾ ചിട്ടപ്പെടുത്തുമ്പോഴാണ് ഒരു തിരക്കഥാകൃത്തിന്റെ യഥാർത്ഥ ക്രാഫ്റ്റ്സ്മാൻഷിപ്പ് വെളിവാകുന്നത്. ഭൂമിക്കടിയിലെ ദൃശ്യങ്ങൾ പൂർണ്ണമായും ഭാവനാ ശക്തിക്ക് വിട്ടുകൊടുത്ത് യാഥാർത്ഥ്യബോധത്തിലേക്ക് കൊണ്ടുവന്നിടത്താണ് മഹേഷ് നാരായണൻ എന്ന തിരക്കഥാകൃത്തിന്റെ അർപ്പണബോധം നമുക്ക് മുന്നിൽ തെളിയുക. സംഭാഷണങ്ങൾ കഥാപാത്രങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന തരത്തിൽ ജൈവമായി സൃഷ്ടിച്ചവയാണ്. 

ചിത്രത്തിന്റെ അതിമനോഹരമായ അഭ്രപാളികൾ പ്രേഷകരുടെ കണ്ണുകൾക്ക് കുളിർമയേകും വിധമുള്ളതാണ്. ദൃശ്യഭാഷയുടെ പുത്തൻ സാധ്യതകളാണ് മഹേഷ് മലയൻകുഞ്ഞിന്റെ ക്യാമറ കൈകാര്യം ചെയ്യുക വഴി വെട്ടിതുറന്നിരിക്കുന്നത്. ആംഗിളുകളും ഫ്രെയിമിന്റെ പൊസിഷനുമെല്ലാം അതീവ സൂക്ഷ്മതയോടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. കലാസംവിധാനത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് മലയൻകുഞ്ഞ്. ജ്യോതിഷ് ശങ്കറിന്റെ നേത്യത്വത്തിലുള്ള കലാസംവിധാനസംഘം ആവശ്യകതയുടെ പരിപൂർണ്ണമായ തലത്തിൽ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. ആർട്ട് പ്രോപ്പർട്ടികൾ എല്ലാം തീവ്രമായ പ്രകൃതി ദത്തമായ കാഴ്ചയുടെ അനുഭൂതി സമ്മാനിക്കുന്നുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കും ഭൂമിക്കടിയിലെ ‍ഞെരുക്കങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ദൃശ്യവസന്തത്തിനായി അണിയിച്ചൊരുക്കിയിട്ടുണ്ട്. മണ്ണിന്റെ ഗന്ധം കാണികൾക്ക് പകർന്നുകൊടുക്കുന്ന തരത്തിൽ സെറ്റിന്റെ ഡിസൈൻ കൊണ്ടുവന്നിട്ടുണ്ട്. 

എ ആർ റഹ്‌മാൻ എന്ന ലേബൽ മാത്രം മതി മലയൻകുഞ്ഞിലെ സംഗീതത്തിന്റെ ശക്തി മനസ്സിലാക്കാൻ. സിനിമ അനുനിമിഷം പുരോഗമിക്കുമ്പോൾ പശ്ചാത്തലസംഗീതം നമ്മെ കാഴ്ചകളോടൊപ്പം മുറുകെ പിടിച്ചിരുത്തും. ചില ഘട്ടങ്ങളിൽ അനിമോന്റെ മാനസികനിലയെ ആഴത്തിൽ തൊട്ടറിയാൻ പ്രേക്ഷകനു സാധിക്കുംവിധമാണ് സംഗീതം കംപോസ് ചെയ്തിട്ടുള്ളത്. പരമ്പരാഗതമായ സംഗീതോപകരണങ്ങളുടെ ഉപയോഗം സംഗീതത്തിന്റെ വ്യാപ്തിയുടെ അളവുകോൽ വർദ്ധിപ്പിക്കുന്നു. രണ്ടാംപകുതിയിലെ ഉദ്വേഗഭരിതമായ താളങ്ങൾ കണ്ണിമവെട്ടാതെയുള്ള ദൃശ്യങ്ങൾക്ക് ഉണർവേകും. മാന്ത്രികമായ സംഗീതവിരുന്നാണ് റഹ്‌മാൻ മലയൻകുഞ്ഞിലൂടെ ഒരുക്കിയിട്ടുള്ളത്. 

ഭൂമിയിലെ ജീവജാലങ്ങളുടെ സ്പന്ദനം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവന്റെ ഒരോ തുടിപ്പിലും പ്രകൃതിയുടെ താളലയങ്ങൾ ലയിച്ചുചേർന്നിട്ടുണ്ട്. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ്. മനുഷ്യമനസ്സുകൾ അലയടിക്കുന്നതു പോലെയാണ് പ്രകൃതി ആടിയുലയുന്നത്. ചിലപ്പോൾ വളരെ ശാന്തമായിരിക്കും മറ്റു ചിലപ്പോൾ അപ്രതീക്ഷിതമായി ക്ഷോഭിക്കും. എന്തായാലും അതിന്റെ അന്തിമ ഫലം മനുഷ്യനിൽ ഉണ്ടാക്കുന്നത് വലിയ പരിണാമവും തിരിച്ചറിവുകളുമാണ്. മനുഷ്യന്റെയുള്ളിലെ പലതരം അഹംഭാവങ്ങൾ മാറാൻ പറ്റിയ ഏറ്റവും നല്ല സമയം ഭൂമി നിശ്ചയിക്കും. തുല്യമാണ് ഈ ഭൂഗോളത്തിൽ ഉള്ളതെല്ലാം എന്നത് പ്രകൃതിയുടെ നിയമമാണ്. മലയൻകുഞ്ഞ് എന്ന സിനിമ അനിമോന്റെ ജീവിതത്തെ മുൻനിർത്തി പറയുന്ന ആശയങ്ങൾ ഇപ്രകാരമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.