28 January 2026, Wednesday

Related news

January 23, 2026
January 15, 2026
January 15, 2026
December 15, 2025
December 7, 2025
December 7, 2025
December 7, 2025
December 6, 2025
November 30, 2025
November 28, 2025

അനുരാഗത്തിൻ ആദ്യ നൊമ്പരം

ഷർമിള സി നായർ
ഓര്‍മ്മയിലെ പാട്ട്
June 11, 2023 3:00 am

ചില പാട്ടുകൾ മനസിൽ ഒരു വിങ്ങലായി മാറാറുണ്ട്. അങ്ങനൊരു ഗാനമാണ് ‘കൊച്ചനിയത്തി’ എന്ന സിനിമയിൽ ജാനകിയമ്മ അസാധ്യമായി ആലപിച്ച
“സുന്ദരരാവിൽ… ചന്ദനമുകിലിൽ മന്ത്രങ്ങളെഴുതും ചന്ദ്രികേ ” എന്ന ഗാനം. ഓർമ്മകളിലെ ഓരോ പാട്ടും ഓരോ വ്യക്തികളുമായോ ഓരോ സംഭവങ്ങളുമായോ കെട്ടുപിണഞ്ഞു കിടക്കുന്നു. ഇതും അതേ… ഓരോ പ്രാവശ്യം കേൾക്കുമ്പോഴും വർഷങ്ങൾക്കപ്പുറം നിന്ന് അപ്പച്ചി കഥ പറയുകയാണ്.
‘ഒരു മലയോര ഗ്രാമത്തിലെ പള്ളിക്കൂടം. അവിടെ അധ്യാപകനായെത്തിയ അന്യനാട്ടുകാരനായ ഒരു യുവാവ്. അയാൾക്ക് ആ പള്ളിക്കൂടത്തിലെ ഏറ്റവും സുന്ദരിയായ കുട്ടിയോടൊരിഷ്ടം. ഇഷ്ടോന്നൊക്കെ പറഞ്ഞാൽ ഇപ്പോഴത്തേത് പോലൊന്നുമല്ല. ചന്തമുള്ളൊരിഷ്ടം. അന്നൊക്കെ തട്ടി വച്ച് മറച്ച ക്ലാസ് മുറികളാണ്. ഇപ്പുറത്ത് ക്ലാസിൽ മലയാളം മാഷ് കുമാരനാശാന്റെ നളിനി പഠിപ്പിക്കുമ്പോൾ അപ്പുറത്ത് ക്ലാസിലെ സയൻസ് മാഷിന്റെ കണ്ണ് മലയാളം ക്ലാസിലെ സുന്ദരിക്കുട്ടിയിലേക്ക് നീളും. അവളും ഗൂഢമായത് ആസ്വദിച്ചിരുന്നു. അവളുടെ കൂട്ടുകാരിൽ ചിലർ ഇടയ്ക്കൊക്കെ കളിയാക്കാറുമുണ്ട്. 

അധികം വൈകാതെ ആ അധ്യാപകന് മറ്റൊരു നാട്ടിലേക്ക് പുതിയ നിയമനം കിട്ടി പോവുന്നു. മടങ്ങുമ്പോൾ അയാൾ ആ കുട്ടിയുടെ അടുത്ത ബന്ധുവിനോട് ഈ ഇഷ്ടം അറിയിക്കുന്നു. എന്നായാലും അവളെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നും. അന്ന് ആശയവിനിമയത്തിന്ന് കത്തല്ലാതെ മറ്റു വഴികളില്ല.
പുതിയ ജോലിയിൽ പ്രവേശിച്ച അയാൾ, തന്റെ ഇഷ്ടം അറിയിച്ചുകൊണ്ട് അവളുടെ അമ്മയ്ക്കൊരു കത്ത് എഴുതുന്നു. ചില കത്തുകൾക്ക് ഒരു ദുര്യോഗമുണ്ട്. ആ കത്ത് കിട്ടിയ ദിവസം അവളുടെ വിവാഹ നിശ്ചയമായിരുന്നു. വിഷാദാർദ്രമായ മനസുമായി അവൾ പുറമേ പരുക്കനും എന്നാൽ സ്നേഹ സമ്പന്നനുമായ ഒരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി. എങ്കിലും, വൈകിവന്ന ആ കത്ത് അവൾക്കൊരു വിങ്ങലായി. 

ദിവസങ്ങൾക്കുള്ളിൽ അവളുടെ വിവാഹവും നടന്നു. വിവാഹ ശേഷം പെൺകുട്ടിയുടെ വീട്ടിലേക്ക് വിരുന്നിന് പോവുന്ന ഒരു ചടങ്ങുണ്ട്. അതിനായി ഭർത്താവിനൊപ്പം ബസിൽ കയറിയതാണ് അന്നവൾ. തൊട്ടു മുന്നിൽ എന്നോ മനസിൽ ചേക്കേറിയ അധ്യാപകൻ. അവളുടെ വീട്ടിലേക്കുള്ള വരവായിരുന്നിരിക്കണം. ഒന്നേ നോക്കിയുള്ളൂ, പിന്നീടയാൾക്കോ അവൾക്കോ നോക്കാനായില്ല. അവളുടെ ഭാവഭേദം കണ്ടാവണം ഭർത്താവ്. ചോദിച്ചു, എന്തേലും വയ്യായ്ക? ഇല്ലായെന്നവൾ തലയാട്ടി. ആദ്യാനുരാഗത്തിന്റെ നൊമ്പരം എങ്ങനെയാണവൾ ആത്മനാഥനോട് പറയുക. എഴുപതുകളുടെ തുടക്കമാണ്. അന്ന് ‘കൊച്ചനിയത്തി’ റിലീസായിട്ടില്ല. പിന്നീട് ജാനകിയമ്മയുടെ മധുര നാദത്തിൽ ഈ ഗാനം കേൾക്കുമ്പോഴൊക്കെ അവൾക്ക് തോന്നിയിട്ടുണ്ട് ശ്രീകുമാരൻ തമ്പി ആ വരികൾ അവൾക്കു വേണ്ടി എഴുതിയതാണെന്ന്. അവളും ഒരു ടേപ്പ് റിക്കോർഡറും മാത്രമാവുന്ന രാത്രികളിൽ ജാനകിയമ്മയ്ക്കൊപ്പം അവളും പാടി’.
ആ വിളി കേൾക്കാൻ ആ മാറിൽ ചായാൻ
ആ കാലടിയിൽ മലരായി വീഴാൻ
ആത്മാവാം കിളി കൊതി തുള്ളുന്നു
ആത്മാവാം കിളി കൊതി തുള്ളുന്നു
അന്തർദ്ദാഹമിതെങ്ങിനെ പറയും
എങ്ങനേ… എങ്ങനേ… പറയുവതെങ്ങിനേ…
ഒരിടവപ്പാതി കാലത്ത് മഴയുടെ താളത്തിനൊപ്പം അപ്പച്ചി ആ കഥ പറയുമ്പോൾ എന്റെ കണ്ണിൽപ്പടർന്ന നനവ് ഇന്നും ഞാനറിയുന്നു. കഥ പറയാൻ അപ്പച്ചി ഇന്നില്ല. ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ആ പ്രണയ കഥയിലെ നായകനിപ്പോൾ മുത്തച്ഛനായി എവിടെയെങ്കിലും കഴിയുന്നുണ്ടാവുമോന്നും അറിയില്ല.
1971 ൽ റിലീസായ, എസ് എൽ പുരം സദാനന്ദന്റെ കഥയ്ക്ക് പി സുബ്രമണ്യം സംവിധാനവും നിർമ്മാണവും നിർവഹിച്ച കൊച്ചനിയത്തി എന്ന ചിത്രത്തിൽ എസ് ജാനകി അനശ്വരമാക്കിയ അപൂർവ സുന്ദര ഗാനം. വിൻസന്റും ജയഭാരതിയുമാണ് ഗാനരംഗത്ത്. പ്രണയ പരവശയായ ഒരു കാമുകിയുടെ വിചാരവികാരങ്ങൾ പകർത്തിവച്ച ശ്രീകുമാരൻ തമ്പിയുടെ വരികൾ. വലചി രാഗത്തിൽ പുകഴേന്തിയുടെ ഭാവ സാന്ദ്രമായ സംഗീതം.
അഞ്ച് സ്വരങ്ങൾകൊണ്ട് അത്ഭുത പ്രപഞ്ചം തീർക്കുന്ന അനേകം അതി മനോഹര രാഗങ്ങളുണ്ട് ഭാരതീയ സംഗീതത്തിൽ. ഔഡവരാഗങ്ങളെന്നാണിവ കർണാടക സംഗീതത്തിൽ അറിയപ്പെടുന്നത്. ഇതിൽ സവിശേഷമായ രാഗമാണ് വലചി. തന്റെ വരികൾക്ക് പുകഴേന്തി നൽകിയ ഈണം അവിസ്മരണീയമാണെന്ന് ശ്രീകുമാരൻ തമ്പിയും പറഞ്ഞിട്ടുണ്ട്. എസ് ജാനകിയുടെ സ്വതവേ അല്പം ശോകച്ഛായ കലർന്ന ആലാപനം കൂടിയായപ്പോൾ നിത്യഹരിത ഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു, “സുന്ദരരാവിൽ ചന്ദന മുകിലിൽ.” 

മൗനം പോലും മധുരമാക്കിയ എസ് ജാനകിയുടെ കഴിവ് ശരിക്കും പ്രയോജനപ്പെടുത്തിയ സംവിധായകൻ പുകഴേന്തിയാണെന്ന് തോന്നിപ്പോവാറുണ്ട്. ചിട്ടപ്പെടുത്തിയതിൽ ഏറെയും ആലപിച്ചതും ജാനകിയമ്മ തന്നെ. ഏത് ഭാവവും അനായാസമായി അവതരിപ്പിക്കാനുള്ള എസ് ജാനകിയുടെ ആലാപന വൈശിഷ്ട്യത്തെപ്പറ്റി പല അഭിമുഖങ്ങളിലും പുകഴേന്തി പരാമർശിച്ചിട്ടുണ്ട്. പല്ലവിയിലെ “അനുരാഗത്തിൻ ആദ്യനൊമ്പരം” അത്രമേൽ പ്രണയ പാരവശ്യത്തോടെ, അതും അനായാസമായി എസ് ജാനകി ആലപിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പുകഴേന്തി ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രണയ പരവശയായ ഒരു കാമുകിയുടെ ഭാവം വരികൾക്കും, അക്ഷരങ്ങൾക്കു പോലും പകർന്നു നൽകിയിരിക്കുന്നു ജാനകിയമ്മ. ചരണത്തിൽ “എങ്ങിനേ… എങ്ങിനേ… പറയുവതെങ്ങിനേ…” എന്നിടത്തും അതേ പ്രണയ പാരവശ്യം. സംഗീത സംവിധായകന്റെ സങ്കല്പങ്ങൾക്കപ്പുറത്തേക്ക് ആ ഗാനത്തെ ഉയർത്തിയതിന്റെ ക്രെഡിറ്റ് ജാനകിയമ്മയ്ക്കല്ലാതാർക്കാണ്?
ഓരോ കേൾവിയിലും ഈ സുന്ദര ഗാനം എനിക്ക് കൂടുതൽ കൂടുതൽ പ്രിയപ്പെട്ടതാവുന്നത് എന്തുകൊണ്ടാവും? കണ്ണുകളിൽ നനവ് പടരുന്നത് എന്ത് കൊണ്ടാവും? ഒരു പാട്ട് മനസിന്റെ വിങ്ങലായി മാറുന്നതിന് വരികളോ, സംഗീതമോ ആലാപനമോ മാത്രമാണോ കാരണം. ഓരോ പ്രിയ ഗാനത്തിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു കഥയുണ്ടാവും. ചില നോവുകൾക്ക് ഒരു സുഖമുണ്ട്. നിലാവിലൂടിറങ്ങി ഏതോ കാലത്തിലേക്ക് നോക്കിയിരിക്കാൻ കൊതിച്ചുപോയ എത്രയോ രാത്രികളിൽ ആ സുന്ദര പ്രണയ കഥയിലെ നായികയായി സ്വയം പ്രതിഷ്ഠിച്ച് ഞാനാ നോവാസ്വദിച്ചിട്ടുണ്ട്. പ്ലാറ്റോണിക് ലൗ എന്ന സങ്കല്പംപോലും അന്യമായ ഇക്കാലത്ത് ഇതൊക്കെ വിഡ്ഢിത്തങ്ങളാവാം. എങ്കിലും ചില വിഡ്ഢിത്തങ്ങൾക്കും ഒരു സുഖമുണ്ട്.
എവിടെയോ ഇരുന്ന് അപ്പച്ചി മൂളുന്നു…
“ആ വിളി കേൾക്കാൻ
ആ മാറിൽ ചായാൻ
ആ കാലടിയിൽ മലരായി വീഴാൻ
ആത്മാവാം കിളി കൊതികൊള്ളുന്നു
അന്തർദാഹമിതെങ്ങിനെ പറയും
എങ്ങനേ… എങ്ങിനേ… പറയുവതെങ്ങിനേ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.