19 January 2026, Monday

പൂണാരം ചാർത്തിയ കന്നിപ്പൂമകൾക്ക് ഇന്നും മധുരപ്പതിനേഴ്

രവിമേനോന്‍
August 31, 2025 3:00 am

പടം വെളിച്ചം കാണാതെ മൃതിയടഞ്ഞെങ്കിലെന്ത്? പാട്ട് ജീവനോടെയുണ്ടിപ്പോഴും; പിറന്നുവീണ് മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും. പുറത്തിറങ്ങാൻ യോഗമില്ലാതെ പോയ ‘അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്’ എന്ന ചിത്രത്തിലാണ് കൈതപ്രം എഴുതി ജോൺസൺ ഈണമിട്ട “തുമ്പപ്പൂവിൽ ഉണർന്നൂ വാസരം ഹരിവാസരം” എന്ന ഗാനം. എ ടി അബു സംവിധാനം ചെയ്യാനിരുന്ന പടം. ആ പാട്ടിന്റെ റെക്കോർഡിങ് നടക്കുമ്പോൾ കമലിന്റെ ‘പാവം പാവം രാജകുമാരൻ’ എന്ന ചിത്രത്തിനു വേണ്ടി “പാതിമെയ് മറഞ്ഞതെന്തേ” എന്ന പാട്ട് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു കൈതപ്രം. “റെക്കോർഡിങ് കഴിഞ്ഞു വൈകിട്ട് തമ്മിൽ കണ്ടപ്പോൾ ജോൺസൺ എന്നോട് പറഞ്ഞു: തുമ്പപ്പൂവിൽ എന്ന പാട്ട് പാടിക്കഴിഞ്ഞ് തിരുമേനിക്ക് ഒരു നാഷണൽ അവാർഡ് തന്നിരിക്കുന്നു ദാസേട്ടൻ. ‘പാട്ടെഴുത്തിന്റെ തമ്പുരാൻ’ എന്ന ബഹുമതി.”
സന്തോഷം മാത്രമല്ല അഭിമാനവും തോന്നിയ നിമിഷമായിരുന്നു അതെന്നു പറയും കൈതപ്രം. “എ ടി അബുവിന് വളരെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. നിളയും ഓണവും തൃത്താലക്കാവുമൊക്കെ കടന്നുവരുന്നുണ്ടതിൽ. എന്ത് ചെയ്യാം. പ്രൊഡക്ഷനിലെ പ്രശ്നങ്ങൾ കാരണം പടം റിലീസ് ആയില്ല. എന്നിട്ടും ജനം അതിലെ പാട്ടുകൾ, പ്രത്യേകിച്ച് തുമ്പപ്പൂവിൽ ഏറ്റെടുത്തു ഹിറ്റാക്കി എന്നത് ആഹ്ളാദമുള്ള കാര്യം.”
ജോൺസണും ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു തുമ്പപ്പൂവിൽ. കൈതപ്രത്തിന്റെ വരികളിൽ നിറഞ്ഞുതുളുമ്പിയ ഗൃഹാതുരതയെ മലയമാരുതരാഗ സ്പർശത്തിലൂടെ ഹൃദയസ്പർശിയാക്കി മാറ്റി അദ്ദേഹം.
“മണിപ്രവാളം പൊഴിയും മാണിക്യക്കൈവിരലിൽ പവിത്രമോതിരം ചാർത്തി സൂര്യഗായത്രി” എന്ന വിരുത്തത്തിൽ നിന്നാണ് പാട്ടിന്റെ തുടക്കം. തുടർന്ന് ഓണപ്പുലരിയുടെ വിശുദ്ധി നിറഞ്ഞ പല്ലവി: “തുമ്പപ്പൂവിൽ ഉണർന്നൂ വാസരം ഹരിവാസരം, തൻ തങ്കത്തൂവൽ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും, നിള പാടുമ്പോൾ പുലരിയിതാടുമ്പോൾ സൂര്യവദനം ദീപനാളങ്ങളായ്…”
ഹൃദയം നൽകി മിനഞ്ഞെടുത്ത ഗാനം ചിത്രീകരിക്കപ്പെടാതെ പോയതിൽ ദുഃഖമുണ്ടായിരുന്നു ജോൺസണ്. “നമ്മൾ മനസ് മുഴുവൻ സമർപ്പിച്ച് ഏറെ സമയമെടുത്ത് സൃഷ്ടിക്കുന്ന പാട്ടുകൾ ജനങ്ങളുടെ കാതിലെത്താതെ പോകുക എന്നത് വലിയ കഷ്ടമാണ്. എന്റെ പല പാട്ടുകൾക്കും ഉണ്ടായിട്ടുണ്ട് ആ ദുര്യോഗം. ഭാഗ്യവശാൽ പടം മരിച്ചിട്ടും തുമ്പപ്പൂവിൽ ജീവിച്ചു. ഇന്നും ഗാനമേളകളിൽ ആ പാട്ടിന് ധാരാളം ആവശ്യക്കാരുണ്ട്. ” ‑ജോൺസന്റെ വാക്കുകൾ ഓർമ്മവരുന്നു.
സായികുമാർ നായകനാകേണ്ടിയിരുന്ന ‘അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്’ എന്ന ചിത്രത്തിൽ വേറെയുമുണ്ടായിരുന്നു ഇമ്പമുള്ള പാട്ടുകൾ. ശാരദചന്ദ്രികയോടെ (യേശുദാസ്), മന്ദാരപ്പൂവൊത്ത (യേശുദാസ്, കോറസ്), മേലെ കണ്ടത്തിൻ (യേശുദാസ്). കാപ്പി രാഗത്തിൽ ജോൺസൺ മനോഹരമായി സ്വരപ്പെടുത്തിയ “ശാരദചന്ദ്രികയോടെ ശ്രീകാർത്തിക രാത്രിയണഞ്ഞു…” ഹൃദ്യമായ ശ്രവ്യാനുഭവമായിരുന്നു. അതേ ഗാനം ചിത്രയും പാടിയിട്ടുണ്ട് ‑പല്ലവി വ്യത്യസ്തമാണെന്ന് മാത്രം: “താമരക്കണ്ണനെ കണ്ടോ എന്റെ കോമളരൂപനെ കണ്ടോ…” രണ്ടും ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ.
ഗൗരവമാർന്ന സങ്കല്പങ്ങളുമായി 1970 കളിൽ സിനിമയിലെത്തിയ എ ടി അബു എന്ന പെരിന്തൽമണ്ണക്കാരുടെ അബുക്ക നല്ലൊരു സംഗീതാസ്വാദകൻ കൂടിയായിരുന്നു. ‘ധ്വനി‘യിലൂടെ സാക്ഷാൽ നൗഷാദിനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചതും എന്റെ പൊന്നുതമ്പുരാനിൽ വയലാറിന്റെ മകൻ ശരത്തിനേയും ദേവരാജനെയും ഒരുമിപ്പിച്ചതുമെല്ലാം ഉള്ളിലെ ഈ സംഗീതപ്രേമിയുടെ പ്രേരണയിൽ തന്നെ. തുമ്പപ്പൂവിൽ എന്ന ഗാനം കേൾക്കുമ്പോൾ അബുക്കയെ എങ്ങനെ ഓർക്കാതിരിക്കും? 2004 ലായിരുന്നു അദ്ദേഹത്തിന്റെ വേർപാട്.
ഓണത്തിന്റെ ആശയം ഉൾക്കൊണ്ട വേറെയും പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് ജോൺസൺ. ‘ഇത് ഞങ്ങളുടെ കഥ’യിലെ (1982) “മാവേലിക്കും പൂക്കളം മാതേവനും പൂക്കളം…” ആണ് ഇക്കൂട്ടത്തിലെ ആദ്യ സൃഷ്ടി. ഭാസ്കരൻ മാസ്റ്ററുടെ വരികളിൽ നിന്ന് മണ്ണിന്റെ മണമുള്ള ഈണം മിനഞ്ഞെടുക്കുകയായിരുന്നു ജോൺസൺ. കൈതപ്രവുമായി ആദ്യമൊന്നിച്ച ‘വരവേൽപ്പി‘ലും (1989) കേട്ടു ഓണത്തിന്റെ ഇമേജറികൾ ഉൾക്കൊണ്ട നല്ലൊരു പാട്ട്: “വെള്ളാരപ്പൂമല മേലെ പൊൻകിണ്ണം നീട്ടി നീട്ടി… ”
ആ പാട്ടിന്റെ പല്ലവിയിൽ ആകാശപ്പൂമൂടി ചൂടി മുകിലാരപ്പട്ട് ചുറ്റി ഓണത്താറാടി വരുന്നേ എന്നെഴുതുമ്പോൾ ബാല്യത്തിൽ വിസ്മയിപ്പിച്ച ഓണക്കാഴ്ചകളായിരുന്നു ഓർമ്മയിൽ എന്ന് പറഞ്ഞിട്ടുണ്ട് കൈതപ്രം. വർഷങ്ങൾക്ക് ശേഷം ഇതേ ഗാനം ഉണ്ണിമേനോന്റെ ശബ്ദത്തിൽ വീണ്ടും മലയാളിയെ തേടിയെത്തി എന്നത് യാദൃച്ഛികമാകാം. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന് വേണ്ടി 34 വർഷത്തിന് ശേഷം ഗാനം പുനഃസൃഷ്ടിച്ചത് അരുൺ മുരളീധരൻ.
ഒഎൻവിയും ജോൺസണും ഒന്നിച്ചപ്പോഴാണ് മലയാളസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദ്യമായ ഓണപ്പാട്ടുകളിലൊന്ന് പിറന്നത്: “പൂവേണം പൂപ്പട വേണം പൂവിളി വേണം, പൂണാരം ചാർത്തിയ കന്നിപ്പൂമകൾ വേണം…” സംവിധായകൻ അരവിന്ദന്റെ കൂടി ഓർമ്മയായിരുന്നു ഒഎൻവിക്ക് ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിലെ ആ ഗാനം. മൗനോപാസകനായ അരവിന്ദന്റെയല്ല, മൗനത്തെ അതിന്റെ പാട്ടിന് വിട്ടുകൊണ്ട് ഇഷ്ടഗാനത്തിന്റെ ലഹരിയിൽ മതിമറന്നൊഴുകിയ അരവിന്ദന്റെ.
ചെന്നൈ വുഡ് ലാൻഡ്സ് ഹോട്ടലിലെ മുറിയിൽ ഭരതനും ജോൺസണും ഒഎൻവിക്കുമൊപ്പം ആ പാട്ടിന്റെ പിറവിക്ക് സാക്ഷിയായി അരവിന്ദനുമുണ്ടായിരുന്നു. “ജോൺസൺ ഹാർമോണിയം വായിച്ച് പാടുന്നതുകേട്ട് അടുത്ത മുറിയിൽ നിന്ന് ഇറങ്ങിവന്നതായിരുന്നു അരവിന്ദൻ. സിനിമയിലെ രണ്ടു പാട്ടുകളും ജോൺസൺ ചിട്ടപ്പെടുത്തി പാടിക്കേട്ട ശേഷമേ പിന്നീടദ്ദേഹം മടങ്ങിപ്പോയുള്ളു. ജോൺസന്റെ ഹാർമോണിയത്തിന് മുന്നിൽ സ്വപ്നാടകനെ പോലെ സ്വയം മറന്നിരിക്കുന്ന അരവിന്ദന്റെ ചിത്രം മറക്കാനാവില്ല…” — ഒ എൻ വിയുടെ ഓർമ്മ.
ട്യൂണിട്ട് എഴുതിയതാണ് “പൂവേണം പൂപ്പട വേണം.” ഇഷ്ടരാഗമായ ശ്രീരാഗത്തിൽ വേണം ആ പാട്ടെന്നത് ഭരതന്റെ നിർബന്ധമായിരുന്നു. ഭരതന്റെ ഒത്താശയോടെ ജോൺസൺ ചെയ്ത തത്സമയ സൃഷ്ടിയാണതിന്റെ ഈണമെന്ന് ഒഎൻവി. പാട്ടിന്റെ വരികൾ വായിച്ചു കേട്ടപ്പോൾ സ്വാഭാവികമായും ജോൺസണിലെ സാഹിത്യസ്നേഹി ഉണർന്നു. ‘നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കൾക്കും തായോ’ എന്ന വരിയുടെ അർത്ഥം കൗതുകത്തോടെ ചോദിച്ചു മനസിലാക്കി അദ്ദേഹം. അർത്ഥമറിഞ്ഞുകൊണ്ട് ഈണമിടുക എന്നതാണല്ലോ ജോൺസന്റെ രീതി.
മറ്റൊരു കൗതുകം കൂടിയുണ്ട്: ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവയല്ല, ‘പൂവേണം പൂപ്പട വേണം…’, ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി…’ എന്നീ പാട്ടുകൾ. അതിനു മുമ്പ് ജോൺപോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്യാനിരുന്ന മറ്റൊരു പടത്തിനു വേണ്ടിയാണ്. ആ പടം പല കാരണങ്ങളാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ വിസ്മൃതിയിലൊതുങ്ങേണ്ടതായിരുന്നു പാട്ടുകളും. പക്ഷേ ഭരതന് ഗാനങ്ങൾ ഉപേക്ഷിക്കാൻ വയ്യ. അങ്ങനെ പുതിയ സിനിമയിലെ സന്ദർഭത്തിനിണങ്ങും വിധം വരികളിൽ ചില്ലറ മാറ്റങ്ങളോടെ രണ്ടു ഗാനവും ‘മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ട’ത്തിൽ ഇടം നേടുന്നു. ഒഎൻവിയും ജോൺസണും ഭരതനുമൊക്കെ ഓർമ്മയായി. ഓണത്തിന്റെ രൂപവും ഭാവവും മാറി. എങ്കിലെന്ത്? പൂണാരം ചാർത്തിയ കന്നിപ്പൂമകൾക്ക് ഇന്നും മധുരപ്പതിനേഴ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.