22 November 2024, Friday
KSFE Galaxy Chits Banner 2

കാവ്യപുസ്തകമല്ലോ ജീവിതം

എം ഡി മനോജ്
February 27, 2022 4:10 am

പാട്ടിൽ നിലവിലില്ലാത്ത ഒരു പാതയൊരുക്കിയ കവിയായിരുന്നു പി ഭാസ്കരൻ. പുതുഘടനകളിൽ ആവിഷ്കരിക്കാനാവുന്ന പാട്ടിന്റെ അന്തരംഗത്തെ ഏറെ വെടിപ്പുള്ളതാക്കുകയായിരുന്നു പി ഭാസ്കരന്റെ ആത്മകല. ജീവിതാർത്ഥത്തെയും അനുഭവത്തെയും നവീകരിക്കുന്ന വരികളുടെ പ്രവാഹലീലകളായിരുന്നു ആ ഗാനങ്ങൾ. ‘ദെെനംദിനത്വം’ എന്നത് ജീവിതത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിക്കണമെങ്കിൽ ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ കേൾക്കണം. അനുഭവത്തെ പാട്ടിന്റെ അനന്യതയിൽ പ്രകാശിപ്പിക്കുകയായിരുന്നു കവി. സാമാന്യത്തെ വാക്കുകൊണ്ട് രേഖപ്പെടുത്തി സവിശേഷമാക്കുക എന്നതായിരുന്നു ഭാസ്കരൻ മാഷിന്റെ പാട്ടുകലയുടെ സൗന്ദര്യം. വാക്യബന്ധങ്ങളിലൂടെ പുതിയ അർത്ഥങ്ങൾ മെനയുകയും അതേ വാക്കുകളാൽ ഒരനുഭവത്തെ പുതുക്കിപ്പണിയുകയും ചെയ്യുന്ന അസാധാരണമായ കലാവിരുതുകളായിരുന്നു അവയെല്ലാം. ജീവിതസംഘർഷങ്ങളുടെതായ വീക്ഷണം, അത് ജീവിതത്തിലുണ്ടാക്കുന്ന അർത്ഥഭംഗികൾ, അവിടെയുണ്ടാകുന്ന അനുഭവാനുഭൂതികളുടെ അടരുകൾ എന്നിവ ഭാസ്കരൻ മാഷിന്റെ ഗാനങ്ങളിൽ ശ്രദ്ധേയമായിരുന്നു. 

മലയാളത്തിന്റെ ഗദ്യതലങ്ങൾ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ലാവണ്യാദർശം പോലുമാകുന്നുണ്ട്. കാവ്യാത്മകതയ്ക്കപ്പുറം പ്രസ്താവനപോലെ പറഞ്ഞുതീരുന്ന മറ്റൊരു ആവിഷ്കാരവിതാനവും ഇത്തരത്തിൽ ഈ ഗാനങ്ങളിൽ പ്രകടമാണ്. ഇത് പലപ്പോഴും കാലമെന്ന മഹാസമസ്യയ്ക്ക് മുമ്പിൽ പലവിധത്തിൽ നിലകൊള്ളുന്ന പാവം മാനവന്റെ ആകുലതകളും വ്യഥകളും പറയുവാനായിരുന്നു. ധാർമ്മികോത്ബോധത്തിനപ്പുറം അഗാധമായ ജീവിതമൂല്യങ്ങളെ ഏറെ ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുവാനുള്ള ശ്രമങ്ങൾ കൂടിയായിരുന്നു അവ. ഭാസ്കരഗീതികളിലെ ലാളിത്യം മലയാളത്തിൽ മറ്റാർക്കും അനുകരിക്കാനായിട്ടുമില്ല.
“കാലമാകും സൂത്രധാരൻ കാട്ടിടുന്ന മായയിൽ
നാളിൽ നാളിൽ മാറുന്നു രംഗം, നാടകമല്ലേ ജീവിതം”
എന്നൊരു പാട്ടിൽ എഴുതിയ കവി തന്നെയാണ് ‘കാവ്യപുസ്തകമല്ലേ ജീവിത’മെന്നും എഴുതിയത്. കാവ്യപുസ്തകമാകുന്ന ജീവിതത്തിൽ കണക്കുകൾ എഴുതാൻ ഏടുകൾ എവിടെയെന്ന് കവി ചോദിക്കുന്നുണ്ട്. “മണ്ടൻമാർ കണക്കുകൾ കുറിക്കുന്നു, കൂട്ടുന്നു പിന്നെ കിഴിക്കുന്നു. ഒടുവിൽ കൂട്ടും കിഴിക്കലും പിഴയ്ക്കുന്നു” എന്ന പല്ലവിയിൽ ജീവിതത്തിലെ കൂട്ടലിനെയും കിഴിക്കലിനെയും എത്ര സരളമായ വാക്കുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. 

‘ഒരു മെയ്മാസപ്പുലരിയിൽ’ എന്ന ചിത്രത്തിൽ ഇതേ കാര്യം തന്നെ മറ്റൊരു രീതിയിൽ ഭാസ്കരൻ മാഷ് മാറ്റിയെഴുതിട്ടുള്ളത് ശ്രദ്ധേയമാണ്. മനുഷ്യൻ കണക്കുകൾ കൂട്ടന്നു, മരണം തിരുത്തിക്കുറിക്കുന്നു, നിമിഷചക്രങ്ങളിൽ, ദിവസത്തിൽ പാളത്തിൽ സമയമാം തീവണ്ടി ചലിക്കുന്നു, കാലമാം തീവണ്ടി ചലിക്കുന്നു.” ജീവിതത്തെ, കടന്നുപോകുന്ന തീവണ്ടിയായിട്ടാണ് ഭാസ്കരൻ മാഷ് ഈ ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. തീരെ ചെറിയ വാക്യങ്ങളിലൂടെയാണ് ഇത്തരം പാട്ടുകളുടെ നിർമ്മിതികൾ. കാലത്തെ ഭൗതികമായും ആത്മീയമായുമൊക്കെ കാണുന്ന പ്രസ്താവനകൾ ഈ പാട്ടുകളിലൊക്കെ കാണാമെങ്കിലും അതിലെല്ലാം ഭാസ്കരൻ മാഷ് ഉപയോഗിച്ചിട്ടുള്ള നിത്യസാധാരണ പദങ്ങളാണ് ആരുടെ ശ്രദ്ധയെയും ആകർഷിക്കുക. “കാലമൊരു കാളവണ്ടിക്കാരൻ
കോടിക്കോടിയുഗങ്ങൾ തന്റെ ആദിയന്തമില്ലാ വഴിയിൽ കറുത്ത രാവും വെളുത്ത പകലും കഴുത്തിലേറ്റി വലിക്കുന്നു. പാന്ഥർ കേറിയിറങ്ങുന്നു, പാതയിതങ്ങനെ നീളുന്നു” ഭാസ്കരൻ മാഷിന്റെ ഒരു പാട്ടിന്റെ വരികളാണിവ. ഇതിൽ ചലനാത്മകതയുടേതായ ക്രിയാപദങ്ങളുടെ പെരുക്കങ്ങളുണ്ട്. ഇത്തരത്തിലുള്ള പാട്ടുകളിലെല്ലാം തന്നെ കവി സാധാരണതയുടേതായ ഒരു പദകോശത്തെ സാധൂകരിക്കുന്നു. “കാലത്തിന്നാദ്യന്ത വിസ്തൃത മെെതാനത്തിൽ ലോകമാം ചിറകടിച്ചിന്നു ഞാൻ പറക്കുന്നു’ എന്ന പാട്ടിൽ കാലത്തെയും ലോകത്തെയും ഒരേ വരിയിൽ ക്രമീകരിക്കുന്നുണ്ട് അദ്ദേഹം. ദ്വന്ദ്വാത്മകവിപരീതങ്ങളെ വരികളിൽ നിബന്ധിക്കുന്ന രീതികളും കുറവല്ല, മാഷിന്റെ ഗാനപ്രപഞ്ചത്തിൽ. സുഖം/ദുഃഖം, കരച്ചിൽ/ചിരി, ആശ/നിരാശ, വഴിപിരിയുക/കണ്ടുമുട്ടുക എന്നിങ്ങനെ കാലകേളികളെ കല്പനകളുടെ ഭാവവേദികയിൽ നാം അനുഭവിച്ചറിയുന്നു പ്രകൃതിയിലെ ജീവിതാനുഭവങ്ങളെ ഏറെ ലളിതവും ധ്വന്യാത്മകവുമാക്കുകയായിരുന്നു ഭാസ്കരൻ മാഷ്. ജീവിതത്തിലെ സന്ദിഗ്ധതകളെ പാട്ടിൽ കണ്ടെടുക്കുകയായിരുന്നു കവി. 

“മായാമരീചികയിൽ മനസിലെയാശകളാൽ
മാളിക കെട്ടുന്നു മാനവൻ
കാലത്തിൽ കെെയിലുള്ള പീലിയൊന്നുഴിയുമ്പോൾ
കാണുന്നു മുന്നിൽ വെറും ശൂന്യത.”
ജീവിതത്തിന് മുമ്പിൽ, കാലത്തിന്റെ കളികൾക്ക് മുമ്പിൽ മനുഷ്യൻ എത്ര നിസാരനാണെന്ന് കവി വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു. “കാലം തയ്ച്ചുതരുന്നു മർത്യന് തോലാകുന്ന പുറംവേഷം” എന്ന് ഭാസ്കരൻ മാഷ് മറ്റൊരു പാട്ടിൽ കാലത്തെ സംബോധന ചെയ്യുന്നുണ്ട്. കടിഞ്ഞാണില്ലാതെ പായുന്ന പടക്കുതിരയെന്ന് കാലത്തെ കവി ഒരു പാട്ടിൽ കല്പന ചെയ്യുന്നു. “ഒരിടത്തും നിൽക്കാതെ, ഒരു ഞൊടി നിൽക്കാതെ ഓടുന്നു പായുന്നു പടക്കുതിര” എന്നുകൂടി ആദ്യവരിയോട് കവി ചേർത്തുവയ്ക്കുമ്പോൾ ഇതിലും ലളിതമായി കാലത്തെ പാട്ടിൽ ആവിഷ്കരിക്കുവതെങ്ങനെ? “വസന്തകാല സ്വപ്നത്തിൽ കുടിലൊന്ന് വാടകക്കെടുത്തു വിശ്രമിച്ചു. കഠിനഹൃദയൻ കാര്യം നടത്തും കാലം വന്നു കുടിയൊഴിച്ചു” എന്നൊരു പാട്ടിൽ കവി കുറിച്ചിടുമ്പോൾ അതിലെ കാലമെന്ന കഠിനഹൃദയനെ ആരും വെറുത്തുപോകും. “അകലുംതോറും ദൂരം കുറയുന്നു തമ്മിൽ അഴിക്കുന്തോറും കെട്ട് മുറുകുന്നു, വിരഹവും വേർപാടും കണ്ണീരും കണ്ണികളെ ഉരുക്കുന്നു വിളക്കുന്നു ചേർക്കുന്നു…” ഇങ്ങനെ നാം സാധാരണ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളെ ഇത്രയും സമർത്ഥമായി പാട്ടിൽ സന്നിവേശിപ്പിച്ച മറ്റൊരാളുണ്ടാവില്ല. “കഴിഞ്ഞ സംഭവങ്ങൾ ഉയർത്തെഴുന്നേറ്റാൽ കാലം തിരിച്ചുനടന്നാൽ ചിലർക്കൊക്കെ രസിക്കും ചിലർ പോയി ഒളിക്കും” എന്ന് പാട്ടിൽ സത്യസന്ധമായി എഴുതുവാൻ മാഷിനല്ലാതെ ആർക്കും കഴിയില്ല. ഇങ്ങനെ പാട്ടുകളിൽ കാലത്തിന്റേതായ സവിശേഷതയാർന്നൊരു അന്തസ്ഥലം സൃഷ്ടിക്കുക വഴി മനുഷ്യജീവിതത്തിന്റെ ലോകക്രമങ്ങളെ കാലാത്മകവിചാരങ്ങളെ ലളിതമായ ഭാഷയിൽ കലാത്മകമാക്കുകയും കാവ്യാത്മകമാക്കുകയുമായിരുന്നു കവി. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.